മീന്‍കുന്ന് ബീച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം ലഭിച്ചു

Wait 5 sec.

കണ്ണൂര്‍ | മീന്‍കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂര്‍ കൊടോളിപ്രം അനന്ദനിയലത്തില്‍ പി കെ ഗണേശന്‍ നമ്പ്യാരു(28)ടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒഴുക്കില്‍പ്പെട്ട എന്‍ജിനീയറിംഗ് വിദ്യാര്‍ഥി വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷന് (27) വേണ്ടി തിരച്ചില്‍ തുടരുകയാണ്.ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. മീന്‍കുന്ന് ബീച്ചിലെ പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുത്തശേഷം കടലിലേക്ക് ഇറങ്ങിയ യുവാക്കള്‍ തിരയില്‍പ്പെടുകയായിരുന്നു. ബീച്ചിലുണ്ടായിരുന്ന രണ്ട് പേരാണ് യുവാക്കള്‍ തിരിയില്‍പ്പെട്ടത് കണ്ടത്. സമീപത്തെ കടയിലെത്തി ഇവര്‍ വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി.കോസ്റ്റല്‍ പോലീസിന്റെ മുങ്ങല്‍ വിദഗ്ധര്‍ കടലിലിറങ്ങി തിരച്ചില്‍ നടത്തി. അഴീക്കല്‍ കോസ്റ്റല്‍ പോലീസിന്റെ ബോട്ടും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും ചേര്‍ന്ന് കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാക്കാളെ കണ്ടെത്താന്‍ ഇന്നലെ സാധിച്ചിരുന്നില്ല. അഗ്‌നിരക്ഷാ സേന സംഘവും സ്ഥലത്തെത്തി ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് ഗണേശന്‍ നമ്പ്യാരുടെ മൃതദേഹം കണ്ടെത്തിയത്.