ഓപറേഷന്‍ സിന്ദൂര്‍: സ്മരണാര്‍ഥം ഗുജറാത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു

Wait 5 sec.

അഹമ്മദാബാദ് | ഓപറേഷന്‍ സിന്ദൂറിന്റെ സ്മരണയ്ക്കായി പാര്‍ക്ക് വരുന്നു. ഗുജറാത്തില്‍ പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കച്ചില്‍ ഭുജ്-മാണ്ഡവി റോഡരികിലെ എട്ട് ഹെക്ടര്‍ വനഭൂമിയിലാണ് ‘സിന്ദൂര്‍ വനം’ എന്ന പേരില്‍ പാര്‍ക്ക് ഒരുങ്ങുന്നത്. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.ഒന്നര വര്‍ഷം കൊണ്ട് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്ന സ്ഥലവും ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മിക്കുക. ഓപറേഷന്‍ സിന്ദൂറിന് ഉപയോഗിച്ച ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുടെ മിനിയേച്ചര്‍ പതിപ്പുകളും ഇവിടെ സ്ഥാപിക്കും. നിര്‍മാണ പ്രവൃത്തിക്ക് മുമ്പായി വനംവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കായും പാര്‍ക്ക് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ മരിച്ച 26 പേരില്‍ മൂന്നുപേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. ഒരു ഹെക്ടര്‍ ഭൂമിയില്‍ 10,000 ചെടികള്‍ എന്ന കണക്കില്‍ പാര്‍ക്ക് ഉള്‍പ്പെടുന്ന വനത്തിലുണ്ടാകും.