കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദർശിച്ചു. വൈകിട്ട് ആറോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായമായ അരലക്ഷം രൂപയുടെ ചെക്കും കൈമാറി. മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.ഇന്നലെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് ബിന്ദു മരിച്ചത്. ഇന്ന് ഉച്ചക്ക് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു.