ദുഃഖകരമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം പൊളിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം. സർജറി കാത്തുകഴിയുന്ന മകളുടെ കൂട്ടിരിപ്പിനു വന്ന തലയോലപ്പറമ്പ് ഉമാംകുന്ന് ബിന്ദുവാണ് തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. കെട്ടിടം തകർന്നുവീണത് രാവിലെ പതിനൊന്ന് മണിയോടെയാണ്. അതിനകത്ത് അകപ്പെട്ട ബിന്ദുവിനെ കണ്ടെടുക്കുന്നത് ഒരു മണിക്കും. രണ്ട് മണിക്കൂറിലേറെ കാലതാമസം വന്നു രക്ഷാപ്രവർത്തനത്തിന്. ഇതാണ് സ്ത്രീയുടെ മരണത്തിനിടയാക്കിയതെന്നും കെട്ടിടം തകർന്ന പാടേ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ അവരെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. തകർന്ന കെട്ടിടത്തിനകത്ത് ആരും അകപ്പെട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ആദ്യം അറിയിച്ചത്.മരിച്ച സ്ത്രീയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടപ്പോഴാണ് തിരച്ചിൽ തുടങ്ങിയത്.തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ രംഗത്തു വന്നിട്ടുണ്ട്. തകർന്ന കെട്ടിടത്തിനകത്ത് ആരും അകപ്പെട്ടില്ലെന്നായിരുന്നു അദ്ദേഹം തുടക്കത്തിൽ മാധ്യമപ്രവർത്തകരെ അറിയിച്ചത്. ഉപയോഗിക്കാത്ത കെട്ടിടമായതിനാൽ അതിനകത്ത് ആരും ഉണ്ടാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. അതുകൊണ്ടാണ് തിരച്ചിലിന് താമസം നേരിട്ടത്. കെട്ടിടത്തിലെ ശൗചാലയമടക്കം രോഗികളുടെ കൂട്ടിരിപ്പുകാർ ഉപയോഗിക്കാറുണ്ട്. സർജിക്കൽ ബ്ലോക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും അടങ്ങുന്ന ആറ് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിലെ ശുചിമുറിയാണ് തകർന്നു വീണത്.അതിനിടെ തകർന്ന കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്. ആർപ്പുക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് മെഡിക്കൽ കോളജിന്റെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ആശുപത്രി അധികൃതർ പഞ്ചായത്തിനെ അറിയിക്കാറില്ലെന്നും പല കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലെന്നും പരാതി ഉന്നയിച്ചത്. കെട്ടിട നിർമാണ ചട്ടത്തിനു വിരുദ്ധമായാണത്രെ പല കെട്ടിടങ്ങളും പണിതത്. അത്യാഹിതമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു സൗകര്യമില്ലാത്ത നിലയിലാണ് നിർമാണമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്. പ്രതിപക്ഷ നീക്കം രാഷ്ട്രീയ പ്രേരിതമെങ്കിലും ആരോഗ്യവകുപ്പിന്റെ അനാസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് കെട്ടിട തകർച്ചയും അനുബന്ധ സംഭവങ്ങളും. കാലപ്പഴക്കത്തെ തുടർന്നുള്ള കെട്ടിടത്തിന്റെ ജീർണാവസ്ഥയും ബലക്ഷയവും ചൂണ്ടിക്കാട്ടി 2013ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ റിപോർട്ട് നൽകിയ കാര്യം മന്ത്രി വീണാ ജോർജ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. അന്നൊന്നും പുതിയ കെട്ടിട നിർമാണത്തിന് ഫണ്ട് ലഭ്യമായില്ല. 2018ലാണ് കിഫ്ബി വഴി ഫണ്ട് അനുവദിച്ചത്.മഹാപ്രളയവും കൊവിഡും കാരണം നിർമാണത്തിന് പിന്നെയും കാലതാമസം നേരിട്ടു. നിലവിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നം കാരണം ഉദ്ഘാടനം നീണ്ടുപോയി. വ്യാഴാഴ്ചത്തെ അത്യാഹിതത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെയാണ് 194 കോടി രൂപ ചെലവിൽ നിർമിച്ച എട്ട് നിലകളുള്ള പുതിയ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതും രോഗികളെ അതിലേക്ക് മാറ്റിയതും. ബലക്ഷയം ബോധ്യപ്പെട്ടിട്ടും പിന്നെയും പന്ത്രണ്ട് വർഷം പഴയ കെട്ടിടത്തിൽ വാർഡുകളും സർജിക്കൽ ബ്ലോക്ക് അടക്കം പ്രധാന സംവിധാനങ്ങളും തുടർന്നുവന്നത് ന്യായീകരിക്കാനാകാത്തതാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജിക്കൽ ഉപകരണങ്ങളുടെ കുറവ് സംബന്ധിച്ച ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിരോധത്തിലായ ആരോഗ്യവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഈ അത്യാഹിതം.അടുത്തിടെയാണ് കോഴിക്കോട് മെഡി. കോളജിലെ അത്യാഹിത വിഭാഗത്തിലെ യു പി എസ് സൂക്ഷിച്ചിരുന്ന മുറിയിൽ പൊട്ടിത്തെറിയും അഗ്നിബാധയുമുണ്ടായതും നൂറുകണക്കിന് രോഗികളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നതും. പ്രസ്തുത കെട്ടിടത്തിന്റെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം രോഗികളെ മാറ്റാൻ പ്രയാസം നേരിട്ടത് വിവാദമായിരുന്നു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇത്യാദി അത്യാഹിതങ്ങൾ അടിക്കടി ആവർത്തിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും കെട്ടിട നിർമാണത്തിന്റെ രീതിയും കാലപ്പഴക്കവും സുരക്ഷാ സംവിധാനങ്ങളും സമഗ്ര പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.ജീർണാവസ്ഥയിലാണ് സംസ്ഥാനത്തെ നിരവധി ആശുപത്രി കെട്ടിടങ്ങളെന്നാണ് റിപോർട്ട്. ഇന്നത്തെ പോലെ നിലവാരമുള്ള നിർമാണ സാമഗ്രികളോ സാങ്കേതിക വിദ്യയോ ഉപയോഗിച്ച് നിർമിച്ചവയല്ല പഴയ കെട്ടിടങ്ങൾ. കാലപ്പഴക്കത്തിൽ സംഭവിക്കുന്ന തേയ്മാനവും ജീർണതയും ബലക്കുറവും മൂലം രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമല്ല ഇവയിൽ പലതും.ഫണ്ടിന്റെ കുറവ് കാരണം യഥാസമയം അറ്റകുറ്റപ്പണികളോ പുതിയ കെട്ടിട നിർമാണമോ നടക്കുന്നുമില്ല. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റ് നടത്തി അഞ്ച് ദിവസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കണമെന്ന് 2022ൽ ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് കാരണം സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം പൂർവോപരി വർധിച്ചിട്ടുണ്ട്. രോഗം കലശലാകുമ്പോൾ ജീവൻ രക്ഷിക്കാനാണ് രോഗികളും ബന്ധുക്കളും ആശുപത്രികളിലെത്തുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനും ആശുപത്രി അധികൃതർക്കും ഉത്തരവാദിത്വമുണ്ട.് അത്യാഹിതങ്ങൾ മൂലം രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ ജീവൻ അപകടത്തിലാകുന്ന സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ ഇടയാകരുത്. പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ അത് ബാധിക്കും.