കൂടരിഞ്ഞി കൊലപാതകം വെളിപ്പെടുത്തിയ മുഹമ്മദ് വെള്ളയില്‍ മറ്റൊരു കൊലയും നടത്തി

Wait 5 sec.

കോഴിക്കോട് | കൂടരഞ്ഞിയില്‍ 39 വര്‍ഷം മുമ്പു കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ചും ഒരാളെ കൊലപ്പെടുത്തി എന്നാണ് ഇയാള്‍ പുതുതായി മൊഴി നല്‍കിയത്. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നതിന്റെ പത്ര വാര്‍ത്ത ലഭ്യമായിട്ടുണ്ട്.മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി ആദ്യം കുറ്റസമ്മതം നടത്തിയത്. കോഴിക്കോട് കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താന്‍ കൊന്നതാണെന്നായിരുന്നു മുഹമ്മദലിയുടെ കുറ്റസമ്മതം. ഇങ്ങനെ ഒരു മരണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.1986ലാണ് സംഭവം നടന്നത്. 39 വര്‍ഷത്തിനിപ്പുറം ഈ സംഭവത്തില്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെള്ളയില്‍ നടത്തിയ കൊലയെ കുറിച്ചും ഇയാള്‍ വെളിപ്പെടുത്തിയത്.മകന്‍ മരിച്ചതോടെ ഉണ്ടായ കുറ്റബോധത്താല്‍ ആണ് ഇപ്പോള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിലെ തോട്ടിനടുത്ത് തെളിവെടുപ്പ് നടത്തി അന്വേഷണം മുന്നോട്ടു പോവുകയാണ്. ഇതുവരെയും കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെയാണ് വെള്ളയില്‍ വച്ച് മറ്റൊരാളുടെ സഹായത്തോടെ ഒരാളെ കൊലപ്പെടുത്തി എന്ന വെളിപ്പെടുത്തലും ഇയാള്‍ നടത്തിയത്.