അമേരിക്കന്‍ ആക്രമണം; ഇറാനില്‍ ഇതുവരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി

Wait 5 sec.

ടെഹ്‌റാന്‍ | അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ നിന്ന് ഇത് വരെ ആണവ വികരണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ എ ഇ എ) അറിയിച്ചു. എന്നാല്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോര്‍ദോയ്ക്ക് സമീപ പ്രദേശങ്ങളില്‍ നിന്നടക്കം നിലവില്‍ ആശങ്കപ്പെടുത്തുന്ന തോതില്‍ വികരണമുണ്ടായിട്ടില്ലെന്നും ഐ എ ഇ എ വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോര്‍ജ പദ്ധതികള്‍ ഉടനൊന്നും തുടരാന്‍ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.ഫോര്‍ദോ ആണവ കേന്ദ്രം തകര്‍ത്തെന്ന അമേരിക്കന്‍ അവകാശവാദമടക്കം ഇറാന്‍ തള്ളിക്കളഞ്ഞു. ആണവകേന്ദ്രത്തിന് കാര്യമായ കേടുപാടില്ലെന്നാണ് ഇറാന്‍ പറയുന്നത്. അണുവികരണമോ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ല. ആണവ സംപുഷ്ടീകരണത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നും ഇറാന്‍ ആണവോര്‍ജ്ജ സമിതി വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിര്‍വ്യാപന കരാറിന്റെയും ലംഘനമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരിഗഞ്ചി പ്രതികരിച്ചു. യു എന്‍ ചാര്‍ട്ടര്‍ അനുസരിച്ച് പ്രതിരോധിക്കാനുളള അവകാശം ഇറാനുണ്ട്. ഈ അവകാശം വിനിയോഗിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സുരക്ഷ കൗണ്‍സില്‍ ചേരണമെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു.അതേസമയം, അക്രമണത്തിനു ശേഷവും അമേരിക്ക ഭീഷണി തുടരുകയാണ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്തുവന്നു. മുന്നറിയിപ്പും ഭീഷണിയും കലര്‍ന്നതായിരുന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം. ഇറാനെതിരെ ഇസ്‌റാഈലും അമേരിക്കയും ഒരു ടീമായി പ്രവര്‍ത്തിച്ചു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്രമിച്ച സൈന്യത്തെ അഭിനന്ദിക്കുന്നു. ഒറ്റത്തവണത്തേക്കുളള ആക്രമണമാണ് ഇപ്പോഴുണ്ടായത്. ഈ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. അമേരിക്കയുടെ ഏതെങ്കിലും സൈനിക താവളം ലക്ഷ്യമിട്ടാല്‍ തിരിച്ചടി ഭയാനകമായിരിക്കുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.അമേരിക്കയുടെ ഇറാന്‍ ആക്രമണത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ നന്ദി അറിയിച്ചു. ലോകത്ത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യം ട്രംപ് ചെയ്തുവെന്നും നെതന്യാഹു പറഞ്ഞു.