'ദൃശ്യത്തിന്റെ കോപ്പിറൈറ്റ് എന്റേത്, യൂണിവേഴ്‌സില്ല, എല്ലാ ഭാഷകളിലും എന്റെ കഥ തന്നെ'; ജീത്തു ജോസഫ് അഭിമുഖം

Wait 5 sec.

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മലയാളചിത്രമുണ്ടെങ്കിൽ അത് ദൃശ്യം 3 ആയിരിക്കും. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ 2013-ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ വിയറ്റ്നാമിലേക്കും, ഇൻഡോനേഷ്യയിലേക്കും വരെ അവരുടെ ഭാഷകളിലേക്ക് എത്താനിരിക്കുന്നു. കൊറിയൻ പരിഭാഷ ഈ വർഷാവസാനം ചിത്രീകരണം തുടങ്ങും. അവരുടെയെല്ലാം ആവശ്യമാണ് ദൃശ്യം 3. എന്നാൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മറ്റൊരു കഥയിലായിരിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. ദൃശ്യം മൂന്നാം ഭാഗം തന്റെ കഥ തന്നെയായിരിക്കും എല്ലാ ഭാഷകളിലും വരാൻ പോകുന്നതെന്ന് ജീത്തു ജോസഫ്. ചിത്രത്തിന്റെ കോപ്പിറൈറ്റ് തന്റെ കയ്യിലാണെന്നും, മലയാളത്തോടൊപ്പം തന്നെ ഹിന്ദി, തെലുങ്ക് ഭാഷ ചിത്രങ്ങളും റിലീസ് ചെയ്യാൻ സാധിക്കുമോ എന്ന ചർച്ചകളാണ് നിലവിൽ നടക്കുന്നത് എന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആദ്യ ഭാഗം പോലെ തന്നെ മൂന്നാം ഭാഗവും ചിലപ്പോൾ ത്രില്ലിംഗ് ആകാം, അതേ പോലെ ലാഗിങ്ങും ആകാം എന്ന് ജീത്തു ജോസഫ് പറയുന്നു. ആദ്യ രണ്ട് ഭാഗങ്ങൾക്കും ശേഷം സോഷ്യൽ മീഡിയകളിൽ വരുന്ന തിയറികളിൽ പ്രമുഖമാണ് ജീത്തു ജോസഫ് യൂണിവേഴ്‌സ് എന്നത്. എന്നാൽ അങ്ങെനെയൊന്ന് താൻ ചിന്തിക്കുന്നേയില്ല എന്നും കഥാപാത്രങ്ങളോടും കഥകളോടും നീതി പുലർത്താൻ മാത്രമാണ് താൻ ശ്രമിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു. മൂന്നാം ഭാഗത്തിന്റെ തിരക്കഥയെഴുത്തിലാണ് ജീത്തു ജോസഫ് ഇപ്പോൾ. ദൃശ്യം-3 യെ ചുറ്റിപ്പറ്റിയുള്ള തിയറികൾക്കും, വാർത്തകൾക്കും ജീത്തു ജോസഫ് മറുപടി പറയുന്നു. എല്ലാ ഭാഷകളിലും ഒരുമിച്ച് റിലീസ് ചെയ്യുകയാണ് എന്ന വർത്തകളോടുള്ള പ്രതികരണം എന്താണ്?ദൃശ്യം-3 തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. ഒക്ടോബറിൽ ഷൂട്ട് തുടങ്ങണം എന്ന പ്ലാനിലാണ്. എല്ലാ ഭാഷകളിലും ഒരുമിച്ച് റിലീസ് ചെയ്യാൻ സാധിക്കുമോ എന്ന് മറ്റു ഭാഷകളിൽ നിന്നുള്ളവർ ചോദിച്ചരുന്നു. ഹിന്ദിയിൽ അവർ അവരുടെ കഥയിലായിരിക്കും ചെയ്യുക എന്നൊരു വാർത്തയുണ്ടായിരുന്നു. അത് തെറ്റാണ്. ദൃശ്യത്തിന്റെ കോപ്പിറൈറ്റ് എന്റെ കയ്യിലാണ്. അവർക്ക് അങ്ങനെ നീങ്ങാൻ സാധിക്കില്ല. ഹിന്ദി ചിത്രത്തിന്റെ സംവിധായകൻ അഭിഷേക് പഥക് കൊച്ചിയിൽ എന്നെ കാണാണായി വന്നിരുന്നു. അടുത്ത മാസത്തേക്ക് ഞാൻ അവർക്ക് തിരക്കഥ കൊടുക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. അവർക്ക് അവരുടേതായ സാമൂഹികമായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതായുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളിലും അവർ അവരുടേതായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. തെലുങ്കിലും, ഹിന്ദിയിലും ഉള്ളവർക്ക് ആ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. അവർ ആഗ്രഹിക്കുന്നത് മൂന്ന് ഭാഷയിലും ഒരുമിച്ച് റിലീസ് ചെയ്യാൻ ആണ്. കാരണം മലയാളം ഒടിടിയിൽ വന്നാൽ വലിയ ശതമാനം പ്രേക്ഷകർ പുതിയ ഭാഗം കാണും. ആ ആവശ്യം ഞങ്ങൾ കൺസിഡർ ചെയ്യുന്നുണ്ട്. ചർച്ചകൾ നടക്കുന്നു. റിലീസ് നീണ്ടു പോകാൻ കാരണമാകില്ലേ അത്?അതാണ് ഞങ്ങൾ സംസാരിക്കുന്നത്. നമ്മൾ ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും എന്ന് പറഞ്ഞിട്ടുണ്ട്. അവർ ആ സമയത്തേക്ക് തയ്യാറാകുമെങ്കിൽ ചിലപ്പോൾ ഒത്തിരി നീളാതെ തന്നെ ഒന്നിച്ച് കൊണ്ട് വരാൻ സാധിക്കുമായിരിക്കും. അതാണ് നമ്മൾ ചർച്ച ചെയ്യുന്നത്. മൂന്നാം ഭാഗത്തോടെ ദൃശ്യം ഫ്രാഞ്ചൈസി അവസാനിക്കുമോ? സിനിമ കണ്ടിട്ട് പ്രേക്ഷകർ തീരുമാനിക്കട്ടെ. നിങ്ങൾ അത് തിയറ്ററിൽ വന്നിരുന്ന് കണ്ടിട്ട് അറിയൂ ഇവിടെ അവസാനിക്കുമോ, തുടരുമോ എന്ന്. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മുകളിലുള്ള തിരക്കഥയാകണം എന്നതിൽ തുടങ്ങി മറ്റ് തിയറികൾ എല്ലാം ഞാനും കാണുന്നുണ്ട്. അങ്ങനെയല്ല ഞാൻ ദൃശ്യം 3 -യെ സമീപിക്കുന്നത്. മോഹൻലാലിൻറെ സ്റ്റാർഡം ഉപയോഗിക്കാനുള്ള ഗിമ്മിക്കുകളോ, മോഹൻലാൽ എന്ന നടന്റെ മാർക്കറ്റ് ഉപയോഗിക്കുക എന്നതോ ഒന്നുമല്ല ദൃശ്യം മൂന്നാം ഭാഗത്തിന്റെ അടിത്തറ. ഇത് ജോർജ്ജ്‌കുട്ടിയുടെ ജീവിതത്തിലെ അടുത്ത ഒരു അവസ്ഥയാണ്. ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതമാണ്. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മഹത്തരമായ ഒന്നാണ് എഴുതുന്നത് എന്ന അവകാശവാദവുമില്ല. ആ കഥാപാത്രങ്ങളോട് നീതി പുലർത്തികൊണ്ട് ഓർഗാനിക്കലി തിരക്കഥയെ സമീപിക്കുന്നു. രണ്ടാം ഭാഗത്തെയും അങ്ങനെത്തന്നെയാണ് സമീപിച്ചിരുന്നത്. ഇനിയെന്തായിരിക്കും അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകുക എന്നതറിയാനുള്ള ആഗ്രഹം പ്രേക്ഷകർക്കുമുണ്ടല്ലോ. തിയറ്റർ റിലീസ് ആയിരിക്കും?രണ്ടാം ഭാഗം കൊവിഡ് ആയത് കൊണ്ട് ഒടിടിയിൽ വന്നതാണ്. മൂന്നാം ഭാഗം തിയറ്ററിനുള്ളത് തന്നെയായിരിക്കും. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ ചിത്രം ദൃശ്യം തന്നെ ആയിരിക്കും....ആകണം. ഈയിടെ വിയറ്റ്നാമീസും, ഇൻഡൊനീഷ്യനും കൂടെ സൈൻ ചെയ്തിരുന്നു. മൂന്നാം ഭാഗം എല്ലാവർക്കും കണക്റ്റ് ആകാൻ വേണ്ടി, യൂണിവേഴ്‌സലാക്കാൻ ശ്രമിക്കുമോ?ഈ കഥ കേരളത്തിൽ മലയാളികളുടെ ഇടയിൽ നടക്കുന്നതാണ്, ആ കഥാതന്തുവിന് ഒരു യൂണിവേഴ്‌സാലിറ്റിയുണ്ട്. ഒരു കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛൻ എന്നത് മാത്രമാണ് അതിന്റെ യൂണിവേഴ്‌സാലിറ്റി. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിൽ ചെയ്യുമ്പോൾ അത് മറ്റ് നാട്ടിലുള്ളവർക്ക് മനസ്സിലായിക്കൊള്ളമെന്നില്ല. കൊറിയയിൽ ഷൂട്ട് തുടങ്ങാൻ പോവുകയാണ്. 2025 അവസാനത്തോടെ അത് ആരംഭിക്കും. അവർക്ക് അതിന്റേതായ മാറ്റങ്ങൾ വരുത്തണം. അവർക്ക് കൂടെ ഇഷ്ടപ്പെടുന്ന മലയാളം സിനിമ ഉണ്ടാക്കാൻ ശ്രമിച്ചാൽ, ചിത്രത്തിന്റെ തനിമ നഷ്ടപ്പെടും. ഞാൻ ഒരിക്കലും അത് ചെയ്യില്ല. മൂന്നാം ഭാഗവും നമ്മുടെ സാമൂഹികപശ്ചാത്തലത്തിൽ നിന്ന് കൊണ്ട് തന്നെയാണ് ചെയ്യുന്നത്. ആദ്യമേ പറഞ്ഞല്ലോ ബിസിനസ് ആസ്‌പെക്റ്റിൽ അല്ല ഞാൻ ദൃശ്യം- 3 യെ സമീപിക്കുന്നത്. ആദ്യ ഭാഗം വരുമ്പോഴും ഇതൊരു സാധാരണ കുടുംബ ചിത്രം എന്നാണ് പറഞ്ഞിരുന്നത് ..ഇതൊരു കുടുംബ ചിത്രം തന്നെയാണ്. ഒരു കുടുംബത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ പ്രേക്ഷകരെ ത്രസിപ്പിച്ചു, ത്രില്ലടിപ്പിച്ചു എന്നതേയുള്ളൂ. അത് ചിലപ്പോൾ ദൃശ്യം 3-യിലും ഉണ്ടാകാം. അതല്ലാതെ ഇത് കുടുംബ ചിത്രം തന്നെയാണ്. ഒരു ക്രൈം അതിന്റെ ഭാഗമായപ്പോൾ ആളുകൾ അതിനെ ഫാമിലി ത്രില്ലർ എന്ന് വിളിച്ചു. ഇത് പ്യുവർ ത്രില്ലർ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും ആദ്യപകുതി ലാഗ് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ചിലപ്പോ മൂന്നാം ഭാഗത്തിലും ലാഗ് ഒക്കെ കാണും. കാരണം ആ കുടുംബവും, അവരുടെ ഉള്ളിലെ പ്രശ്നങ്ങളും, വൈകാരിക തലങ്ങളും എല്ലാം കോർത്തിണക്കി തന്നെയാണ് ഇത് കൊണ്ട് പോകുന്നത്. ആദ്യം മുതൽ അവസാനം വരെ ത്രില്ലർ ആകില്ല ദൃശ്യം 3 . രണ്ട് പെൺകുട്ടികളുടെ കഥയെഴുതുമ്പോൾ മക്കളിൽ നിന്ന് വരുന്ന ഇൻപുട്ട്?ഈ സിനിമയ്ക്ക് മാത്രം ഒരു പ്രത്യേകതയുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളും സ്ക്രിപ്റ്റ് പൂർത്തിയായതിന് ശേഷമാണ് അവർ വായിക്കുന്നത്. മൂന്നാം ഭാഗം തുടക്കത്തിൽ തന്നെ ഞാൻ അവരോട് ചർച്ച ചെയ്തു. മക്കൾ രണ്ട് പേരും വലുതായി. അവരും സിനിമയിൽ തന്നെയാണ്. ഒരാൾ അസോസിയേറ്റ് ആയിട്ട് വർക്ക് ചെയ്യുന്നു, ഒരാൾ പ്രൊഡക്ഷനിൽ ആണ്. അവർക്കും സിനിമയെ കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്, അവർ പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന ആളുകളാണ്. അതുകൊണ്ട് ഞാൻ അവരോട് ചർച്ച ചെയ്തിരുന്നു. കൂടാതെ ഒരു സുഹൃത്തിനോടും ചർച്ച ചെയ്തിരുന്നു. എനിക്കറിയാത്ത കുറച്ച് കാര്യങ്ങൾ ഈ കഥയ്ക്കാവശ്യമായിരുന്നു. സാധരണ തിരക്കഥ പൂർത്തിയായിട്ടാണ് ഞാൻ അവരോട് ചർച്ച ചെയ്യാറുള്ളത്. ഇത്തവണ അവർക്ക് മുഴുവൻ കഥയുമറിയാം. ആദ്യ ഭാഗം കഴിഞ്ഞപ്പോൾ ഞാൻ പോലും വിചാരിച്ചില്ല രണ്ടാം ഭാഗം ഉണ്ടാകുമെന്ന്. സെക്കൻഡിൽ ആളുകൾക്ക് വലിയ പ്രതീക്ഷയുമില്ലായിരുന്നു. റിലീസിന് മുൻപ് കൊവിഡ് സമയത്ത് എന്തോ തട്ടിക്കൂട്ടി ചെയ്തതാണെന്നുള്ള കമന്റ്സ് ഒക്കെ ഞാൻ കണ്ടിരുന്നു. രണ്ടാം ഭാഗം നന്നായപ്പോൾ ആളുകളുടെ പ്രതീക്ഷ ഉയർന്നതാണ്. ലാലിനൊപ്പം സിനിമ ചെയ്ത് കൊതി തീരുന്നില്ല, ഹൃദയപൂർവ്വം ഓണത്തിന് പ്രേക്ഷകർക്ക് മുന്നിൽ: സത്യൻ അന്തിക്കാട് ദൃശ്യം കണ്ടതിന് ശേഷം പെൺകുട്ടികളെ ടൂറിന് വിട്ടിട്ടില്ല എന്ന് കേട്ടിട്ടുണ്ട്...അതൊക്കെ ചുമ്മാ പറയുന്നതാണ് . ഇപ്പോൾ പെൺകുട്ടികൾ സോളോ ട്രാവലേഴ്‌സ് ആണ്. ആദ്യ ഭാഗം ഇറങ്ങിയ സമയത്ത് നാട്ടിൻപുറങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. സിനിമ സമൂഹത്തോട് നീതി പുലർത്തണം എന്ന് വിശ്വസിക്കുന്നുണ്ടോ?സിനിമ സമൂഹത്തെ സ്വാധീനിക്കും എന്നതിൽ ഒരു സംശയവും വേണ്ട. എന്നെ തന്നെ ചെറുപ്പത്തിൽ സിനിമ സ്വാധീനിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളുടെയും വേഷവിധാനങ്ങൾ അനുകരിക്കുന്ന എത്രയോ പേരുണ്ട്. അത് സ്വാധീനം തന്നെയാണ്. പക്ഷെ നന്മ മാത്രം കാണിക്കാൻ സാധിക്കില്ലല്ലോ. നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് കഥകളാകുന്നത്. സമൂഹത്തിൽ നല്ലതും ചീത്തയും എല്ലാമുണ്ട്. അതൊക്കെ സിനിമയിലും വരും. ഉദാഹരണത്തിന് 'മമ്മി ആൻഡ് മി' എന്ന സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ എനിക്കറിയാവുന്ന ഒരു സൈക്കോളജിസ്റ്റ് പറഞ്ഞിരുന്നു, അവരുടെ മകന് ആ സിനിമ കണ്ട ശേഷം അവരോടുള്ള സമീപനം മാറിയിരുന്നു എന്ന്. രണ്ട് മൂന്ന് ദിവസത്തേക്കേ ഉള്ളൂ, നാലാം ദിവസം പഴയ പോലെ ആയി. ചെറിയതെങ്കിലും അങ്ങനെ പോസിറ്റിവ് മെസേജ് ഒരു കഥയ്ക്കുള്ളിൽ കൊണ്ട് വരാൻ സാധിച്ചാൽ അത് നല്ലത് തന്നെയാണ്. ടീനേജിന്റെ മയക്കുമരുന്ന് ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പറയുന്ന ഒരു കഥയാണെന്ന് വയ്ക്കുക. ആ കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ട് അതുപയോഗിക്കുന്ന ഒരു നൂറ് പേരിൽ പത്ത് പേര് ആ ശീലം ഉപേക്ഷിച്ചാൽ അത് ഗുണമല്ലേ? ദൃശ്യം ഇറങ്ങിയപ്പോൾ ഒരുപാട് പേർ പറഞ്ഞത് അത് ക്രൈമിനെ പ്രൊമോട്ട് ചെയ്യുന്നു എന്ന്. കുറച്ച് പേർ അതിന് മറുപടി എഴുതിയത് ഇങ്ങനെയാണ്; ആ പെൺകുട്ടി ഒരു പ്രശ്നം വന്നപ്പോൾ അമ്മയോട് പോയി പറഞ്ഞു. വീട്ടുകാരെ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ പോയി അബദ്ധങ്ങളിൽ ചെന്ന് പെടാറുണ്ടല്ലോ. അങ്ങനെ ഒരു ആംഗിൾ ഉണ്ട്. അങ്ങനെ വായിക്കേണ്ടവർക്ക് അങ്ങനെ വായിക്കാം. കാണുന്ന ആൾക്കനുസരിച്ചിരിക്കും അത്. മറ്റ് ജീത്തു ജോസഫ് യൂണിവേഴ്‌സിൽ നിന്ന് കഥാപാത്രങ്ങൾ വരുമോ? ആ പരിപാടിക്ക് ഞാനില്ല. മറ്റ് സിനിമകളിലെ കഥാപാത്രങ്ങളെ കൊണ്ട് വന്ന് ഈ സിനിമ വിജയിപ്പിക്കുക എന്ന് ചിന്തിക്കുന്നതേയില്ല. ഈ കഥ ഓർഗാനിക്കലി പോകണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. മൂന്നാം ഭാഗത്തിൽ പുതിയ ഒരു കഥാപാത്രം വരികയാണെങ്കിൽ അത് പുതിയ ഒരു കഥാപാത്രമായിരിക്കും. അല്ലാതെ സാം അലെക്സിനെ ഇതിനകത്ത് കൊണ്ട് വരുമോ എന്ന് ചോദിച്ചാൽ, ഇല്ല. ഇത് വരെ യൂണിവേഴ്‌സിനെ പറ്റി ചിന്തിച്ചിട്ടില്ല, നാളെ ചിന്തിക്കില്ല എന്നല്ല. പക്ഷെ ദൃശ്യത്തിൽ യൂണിവേഴ്‌സ് ഇല്ല.