ഫറോക്ക്∙ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തി കവർന്ന പ്രതികൾ പിടിയിൽ. പെരുമുഖം കുറ്റിയിൽ പുല്ലൂർ വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ പ്രബിതയുടെ ഒന്നര പവൻ തൂക്കം വരുന്ന മാല കവർന്ന തിരൂർ ആതവനാട് സ്വദേശി അനൂപ് സൽമാൻ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീക്കുട്ടൻ (28) എന്നിവരാണു പിടിയിലായത്. ഒഡിഷയിൽ പോയി കഞ്ചാവ് കൊണ്ടുവരാൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിരവധി ലഹരിമരുന്നു കേസുകളിൽ പ്രതികളാണ് ഇരുവരും.