സിബിന സണ്ണിഇതിഹാസ നടന്മാരായ സത്യൻ, നസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ട്. അവരെ പോലെ അഭിനയിക്കാൻ നോക്കാറുണ്ട്. എന്നാൽ എന്റെ കോലം ഇങ്ങനെ ആയതോണ്ട് അറിയാത്തതാണ്. അടുത്തിടെ ഇങ്ങനെ ഒരാൾ പറയുന്നത് നിങ്ങൾ കേട്ടിരുന്നോ.നാലാം ക്ലാസിനുശേഷം തുടർപഠനം ആഗ്രഹിച്ചുവെങ്കിലും ദാരിദ്ര്യം വരിഞ്ഞു മുറുക്കിയ ജീവിതത്തിന്റെ വിലക്കപ്പെട്ട സ്വപ്നമായി പഠനം മാറിയകാലം. സാമ്പത്തിക പ്രശ്നം കൂടിവന്നപ്പോൾ അമ്മാവനോടൊപ്പം തയ്യൽ പഠിക്കാൻ ചേർന്ന ഒരു ചെറുപ്പക്കാരൻ. പകൽ സമയങ്ങളിൽ നിരവധി ജോലികൾ ചെയ്തു. ജീവിതത്തിന്റെ ഓരോ ചുവടുവെയ്പ്പുകളും പരാജയമായപ്പോൾ മകനിലെ കഴിവിന്റെ വിശ്വാസത്തെ കണ്ടിട്ടാവണം അമ്മ പുതിയ ഒരു സംരംഭത്തിന് മുതൽമുടക്ക് നൽകി. അങ്ങനെ തയ്യൽക്കാരനായ ആ യുവാവ് സ്വന്തമായി ഒരു തയ്യൽ കട ആരംഭിച്ചു. കടയ്ക്ക് ഇന്ദ്രൻസ് എന്നൊരു പേരും നൽകി. ആ ജീവിതമങ്ങനെ പോകുകയായിരുന്നു.Also Read: “സമയമെടുത്ത് ചെയ്യേണ്ട സിനിമ, അടുത്ത വർഷം യാഥാർഥ്യമാകും”: മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻഅഭിനയത്തിൽ അല്ലെങ്കിലും 1981 മുതൽ സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് സിനിമ മേഖലയിലുണ്ടായിരുന്നു.. ബാഹ്യരൂപത്തിൽ തൃപ്തനല്ലാതിരുന്നതു കൊണ്ട് തന്നെ സിനിമയെന്ന മോഹം അയാളുടെ മനസ്സിൽ മാത്രമായി ഒതുക്കി നിർത്തി. അഭിനയ പ്രതിഭകളുടെ തോൾ ചേർന്ന് നിന്ന് അളവെടുക്കുമ്പോൾ മനസിന്റെ അടിത്തട്ടിൽ പുറത്തുപറയാൻ മടിച്ചൊരു മോഹമുണ്ടായിരുന്നു.. സിനിമയെന്ന അത്ഭുത ലോകത്തിലെ ഒരു ചെറുകണികയെങ്കിലുമാകുകയെന്ന്. പിന്നീട് അമ്വച്ചർ ആർട്‌സ് ക്ലബ്ബുകളിൽ ചേർന്ന് നാടകങ്ങളിൽ മുഖമെത്തിച്ചുതുടങ്ങി. ദൂരദർശനിലെ കളിവീട് എന്ന പരമ്പരയിലൂടെയാണ് സുരേന്ദ്രൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1981ചൂതാട്ടം എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. അവിടുന്നങ്ങോട്ട് സുരേന്ദ്രൻ എന്ന തയ്യൽക്കാരന്റെ ഇന്ദ്രൻസിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു.മെലിഞ്ഞുനീണ്ട കഴുത്ത് മതിൽ വിടവിലൂടെ ഉള്ളിലേക്കിട്ട് കാമുകിക്ക് കവിത ചൊല്ലിക്കൊടുക്കുന്ന കാമുകൻ. ഇതുകേട്ട് അങ്ങോട്ട് വരുന്ന പെൺകുട്ടിയുടെ ഭീമാകാരനായ അച്ഛൻ കാമുകനെ പുറത്തേക്കു വലിക്കുന്നു. ശരീരത്തിൽ ശക്തമായ ഒരു പിടി വീണതറിഞ്ഞ കാമുകന്റെ കവിത തുടരുന്നതിങ്ങനെയാണ്. ”ആരോ പിടിച്ചു വലിക്കുന്നു പിന്നിൽനിന്ന് ശക്തമായി അസ്ഥികൾ ഞെരുങ്ങുന്നു ഞരമ്പുകൾ കുരുങ്ങുന്നു ബല കരകരാള ഹസ്തങ്ങളിൽ ആരോ ഒടിക്കുന്നു എല്ലുകൾ അസ്ഥി ഞുറുങ്ങുന്നു, അയ്യോ കടിക്കുന്നു, കടിപ്പട്ടി പോലെ അയ്യോ”. തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഈ രംഗം സുനിൽ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിലേതാണ്.Also Read: സ്റ്റാർ വാർസ് കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കഥയുടെ ഓർഡറിൽ കാണണോ? റിലീസ് ഓർഡറിൽ കാണണോ? അറിയാംഇന്ദ്രൻസാണ് കാമുകവേഷത്തിൽ, കാമുകിയുടെ അച്ഛനായി എൻ.എൽ.ബാലകൃഷ്ണനും. ശരീരത്തിന്റെ അമിതവലിപ്പവും വലിപ്പക്കുറവും കൊണ്ട് ക്യാമറയ്ക്കു മുന്നിൽ ശ്രദ്ധ നേടിയ രണ്ട് അഭിനേതാക്കൾ. സാമാന്യ വിജയം നേടിയ ചിത്രം. സി.ഐ.ഡി ഉണ്ണികൃഷ്ണനിൽ ജയറാമിന്റെ നായകകഥാപാത്രത്തിന്റെ അസിസ്റ്റന്റ് വേഷത്തിലെത്തിയ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് വസ്ത്രാലങ്കാരകനായും പ്രാധാന്യമില്ലാത്ത ഒന്നോ രണ്ടോ സീനുകളിലെ ചെറുവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഇന്ദ്രൻസിലെ ചിരിപ്പിക്കുന്ന നടൻ ജനിക്കുന്നത്.വസ്ത്രാലങ്കാര മേഖലയിൽ തുടർന്നുകൊണ്ട് തന്നെ നിരവധി ചലച്ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങൾ ഭംഗിയാക്കി. സിഐഡി ഉണ്ണികൃഷ്ണൻ എന്ന ചിത്രം ഇന്ദ്രൻസിന്റെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. മെലിഞ്ഞ രൂപവും ശബ്ദവും പെരുമാറ്റ രീതികളും ഇന്ദ്രൻസിന് മലയാള സിനിമയിലെ ഹാസ്യ നടനെന്ന ബഹുമതി നൽകി.ചിരിപ്പിക്കാനായി ഒന്ന് രണ്ട് ഹാസ്യനടന്മാരെ തിരക്കഥയിൽ ഉൾപ്പെടുത്തുകയും കഥയോട് ബന്ധമില്ലെങ്കിൽ പോലും അവരെ നിശ്ചിത സീനുകളിൽ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നത് മലയാള സിനിമയുടെ നിലനിന്ന് പോകുന്ന പതിവുകളിൽ ഒന്നായിരുന്നുവല്ലോ. എസ് പി പിള്ളയും, ബഹുദൂറും, അടൂർ ഭാസിയും, പപ്പുവും, മാളയും ഒക്കെ നിറഞ്ഞാടിയിരുന്ന ഹാസ്യത്തിന്റെ തട്ടകത്തിലേക്കാണ് തൊണ്ണൂറുകളിൽ ഹരിശ്രീ അശോകനും ഇന്ദ്രൻസും ഒക്കെ കടന്നുവരുന്നത്. ഭാവങ്ങളിൽ കൂടി ഹാസ്യം പകരുന്ന മഹാനടനായ ജഗതി ശ്രീകുമാറിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി ഇന്ദ്രൻസിലെ ഹാസ്യനടന് വ്യക്തമായ ഒരു സ്ഥാനം മലയാള സിനിമ നൽകിയിരുന്നു.സവിശേഷ സംഭാഷണ ശൈലികൊണ്ടും മുഖത്തെ ഭാവപ്രകടനങ്ങളും കോപ്രായങ്ങളും വീഴ്ചകളും, മണ്ടത്തരങ്ങളും, ശബ്ദങ്ങൾ കൊണ്ടുമാണ് ഹാസ്യ നടന്മാർ കാണികളെ ചിരിപ്പിച്ചത്. ഇന്ദ്രൻസ് ഉപയോഗിക്കാൻ ശ്രമിച്ചതും ഇത്തരം ഘടകങ്ങൾ തന്നെയാണെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിന്റെ കുറവുകൾ ആയിരുന്നു സിനിമാലോകം ആഘോഷമാക്കിയത്.പോസ്റ്ററുകളിൽ ഇന്ദ്രൻസിന്റെ മുഖം ഉണ്ടെങ്കിൽ തീയറ്ററുകളിൽ ആളുകൾ കയറുമെന്ന സ്ഥിതിയായി. എൺപതുകളിലെ സുവർണ്ണ ദശകം പിന്നിട്ട് തൊണ്ണൂറുകളിൽ നിലവാര തകർച്ച നേരിട്ട മലയാള സിനിമയിൽ ചിരിപ്പിച്ച വാണിജ്യം കൊണ്ട് പിടിച്ച് നിൽക്കാനാണ് സിനിമാലോകം ശ്രമിച്ചത്. അതിന് ഇന്ദ്രൻസിനെ പോലൊരു ചിരിപ്പിക്കുന്ന നടന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിലും രണ്ടാം പകുതിയിലും വർഷത്തിൽ നാൽപ്പത് സിനിമകളിലോളം ഇന്ദ്രൻസിന്റെ സാന്നിധ്യം ഉണ്ടായി. എല്ലാം ചിരിപ്പിക്കാൻ വേണ്ടിയുള്ള ഒരേ മാതൃകാ കഥാപാത്രങ്ങൾ. പക്ഷേ ഇന്ദ്രൻസിന്റെ ശരീര സാന്നിധ്യം ഒന്നുകൊണ്ടുതന്നെ ആളുകൾ ചിരിച്ചുകൊണ്ടേയിരുന്നു. വിജയഘടകം എന്ന നിലയിൽ ആ കാലത്തു ഉയർന്നുവരുന്ന താരസാന്നിധ്യങ്ങളെ ഉപയോഗപ്പെടുത്തി മുതൽമുടക്ക് തിരിച്ചുപിടിക്കാനുള്ള വിപണിയുടെ പരിശ്രമത്തിൽ തൊണ്ണൂറുകളിൽ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലോട്ടുള്ള തുടർയാത്രകളാണ് ഇന്ദ്രൻസെന്ന ഹാസ്യ നടന്റെ കരിയറിൽ സംഭവിച്ചത്.199-ലെ മേലെ പറമ്പിൽ ആൺ വീട് എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലപ്പുറം ഹാജി മഹാനായ ജോജി, മാനത്തെ കൊട്ടാരം, വധു ഡോക്ടറാണ്, ആദ്യത്തെ കൺമണി, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ചില വേഷങ്ങൾ വന്നു. 1998-ൽ പഞ്ചാബി ഹൗസ് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഉത്തമൻ എന്ന കഥാപാത്രം കൂടുതൽ ശോഭിച്ചു. ഹരിശ്രീ അശോകനുമായുള്ള ഇന്ദ്രൻസ് കൂട്ടുകെട്ട് ചില വിജയചിത്രങ്ങൾക്ക് കാരണമായി.2016-ൽ മനു സംവിധാനം ചെയ്ത മൺറോ തുരുത്ത് എന്ന ചിത്രത്തിലെ ഗൗരവമേറിയ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ദ്രൻസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് ശേഷം അദ്ദേഹം നിരവധി ഗൗരവമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മക്കാന, ലോനം, പാതി, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ ചിത്രങ്ങളിൽ ഇന്ദ്രൻസ് ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തു. 2017-ലെ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ അദ്ദേഹത്തിന് സിംഗപ്പൂർ പുരസ്‌കാരം ലഭിച്ചു. വെയിൽമരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം മികച്ച നടനുള്ള അവാർഡ്, ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കലാപരമായ നേട്ടവും വെയിൽ മരങ്ങൾ നേടി.മൊഹബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയിൽ ഇന്ദ്രൻസ് പ്രധാന വേഷം ചെയ്തു. അഞ്ജാം പതിര എന്ന ക്രൈം ത്രില്ലറിലെ സീരിയൽ കില്ലറിൽ റിപ്പർ രവിയായി അദ്ദേഹത്തിന്റെ ഹ്രസ്വ അതിഥി വേഷം നിരൂപക പ്രശംസ നേടിയെത്തി. 2021-ൽ ഹോമിൽ ഒലിവർ ട്വിസ്റ്റിന്റെ പ്രധാന വേഷം ചെയ്തു. ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രശംസ നേടിയിരുന്നു.2000 തുടങ്ങുന്ന പതിറ്റാണ്ടിൽ ഇന്ദ്രൻസിന്റെ ശരീരം കൊണ്ടുള്ള തമാശ രംഗങ്ങളുടെ പ്രസക്തി കുറഞ്ഞു. അതിനു മുൻപതിറ്റാണ്ടിൽ അത്രയധികം കഥാപാത്രങ്ങളാണ് ഈ മാതൃകയിൽ ഇന്ദ്രൻസ് ചെയ്തു എന്നത് തന്നെയാണ് ഈ പ്രസക്തി കുറവിനിടയാക്കിയത്. ഇക്കാലയളവിൽ ഇന്ദ്രൻസിന്റെ ശരീരത്തിലും ശബ്ദത്തിലും പ്രായം തെല്ലുമാറ്റം വരുത്തിയിരുന്നു. അതോടെ തൊണ്ണൂറുകളുടെ ഇന്ദ്രൻസിലെ നടന്റെ സജീവത തുടർന്നുള്ള പതിറ്റാണ്ടിൽ കണ്ടിരുന്നില്ല.രാംദാസിന്റെ അപ്പോത്തിക്കിരിയിലായിരുന്നു ഇന്ദ്രൻസിനെ നടന്റെ മറ്റൊരു തലം വ്യക്തമായും ആവിഷ്‌കരിക്കപ്പെട്ടത്. നേർത്തൊരു ചിരി പോലും ഇല്ലാതെ വയ്യായ്കയും ഗതികേട് മാത്രം കൈമുതലായി അസുഖക്കാരൻ ആയ മകനുമായി ആശുപത്രിയിൽ എത്തുന്ന അച്ഛൻ. ഭാവാഭിനയത്തിലേക്ക് ഇറങ്ങിവന്ന റിപ്പർ രവിയെ പൂർവാധികം ഭാവനകളോടെ പകർത്തുകയായിരുന്നു ഇന്ദ്രൻസ്. ഈ കഥാപാത്രം ഇന്ദ്രൻസിൽ പൂർണ്ണത നേടിയിരുന്നു.അപ്രധാന കഥാപാത്രം ആയിട്ടും ഈ സിനിമയിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടതും അഭിനന്ദനം നേടിയെടുത്തതും റിപ്പർ രവിയായെത്തിയ ഇന്ദ്രൻസ് ആയിരുന്നു. നിരന്തരം വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിച്ചതോടെ ഏത് വേഷവും അനായാസം ചെയ്യുന്ന തലത്തിലേക്ക് ഇന്ദ്രൻസിലെ നടന്റെ ഗ്രാഫ് അങ്ങനെ ഉയർന്നുകൊണ്ടിരുന്നു ഈയൊരു കഥാപാത്രം നൽകിയ ആത്മവിശ്വാസവും അതിന് സംസ്ഥാന പുരസ്‌കാരത്തിന്റെ രൂപത്തിലുള്ള അംഗീകാരവും തുടർന്നുള്ള വർഷങ്ങളിൽ ഇന്ദ്രൻസിലെ നടനെ ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്ക് പ്രചോദനമായിരുന്നു.മലയാളത്തിന്റെ ചാർലി ചാപ്ലിൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദ്രൻസ് വേദനകളിലും ചാപ്ലിനോട് താതാൽമ്യം പുലർത്തിയിരുന്നു.പക്ഷേ ആ ശ്രദ്ധിക്കപ്പെടലിന് പിന്നിൽ അദ്ദേഹത്തെ തളർത്തുന്ന ഒരു പേരുവിളിയും ഉടലെടുത്തു. ആഗ്രഹങ്ങൾ തന്നെ തേടി വരുന്നുണ്ട് എന്ന തോന്നലുകളിലും രൂപത്തെ ആക്ഷേപിക്കാൻ നിരവധി പേർ ചുറ്റും ഉണ്ടായിരുന്നു. സ്വപ്നങ്ങൾ പതിയെ അടുത്തെത്തുന്നതായി അയാൾക്ക് തോന്നിത്തുടങ്ങി. പക്ഷേ കളിയാക്കലുകൾ അയാളുടെ മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആ മുഖത്ത് ലാളിത്യം നിറഞ്ഞ പുഞ്ചിരി അതങ്ങനെ മായാതെ നിന്നു.രണ്ടുമണിക്കൂർ നീണ്ട സിനിമ കഴിഞ്ഞിട്ടും കുടക്കമ്പി എന്ന പേരുമാത്രം ഇടയ്ക്കിടെ അങ്ങിങ്ങായി മുഴങ്ങിക്കെട്ട് കൊണ്ടിരുന്നു. ഇത് വല്ലാത്തൊരു വേദനയാണ് ആ മനസിൽ സൃഷ്ടിച്ചത്. രൂപത്തോടുള്ള കളിയാക്കലുകൾ പലയിടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ തമാശ നിറഞ്ഞ ആ രൂപത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇന്ദ്രൻസിന്റെ ശരീരത്തിന് കുറവുകളെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നും കളിയാക്കാം എന്നുമാണ് അന്നത്തെ മുഖ്യധാര സിനിമ എഴുത്തുകാരും സംവിധായകരും ചിന്തിച്ചത്.അക്കാലത്തെ ഹാസ്യപ്രധാനമായ സിനിമകളിലേക്ക് ക്ലൈമാക്‌സ് സീനുകളിൽ അനിവാര്യമായിരുന്ന കൂട്ടത്തലുകളിൽ ഇന്ദ്രൻസിന്റെ ശരീരം നിലം തൊടാതെ പറന്ന് നടന്നു. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിൽ പായസത്തിൽ മുക്കി എടുക്കപ്പെടുന്ന ഇന്ദ്രൻസിനെ കണ്ടാൽ കാണികൾ ആർത്തു ചിരിച്ചത്. ആദ്യത്തെ കണ്മണിയിൽ രാത്രിയിൽ മറ്റുള്ളവരെ ശല്യം ഒഴിവാക്കാൻ പ്രേതഗാനം പാടി കാമുകിയെ വിളിക്കുന്ന ഇന്ദ്രൻസ് കയ്യടി നേടുമ്പോൾ മനപ്പുറം ഹാജി മഹാനായ ജോലിയിൽ കളരി അഭ്യാസിയും പാർവതി പരിണയത്തിന്റെ കുങ്ഫു പരിശീലനം നേടിയ ആളുമാണ്.മന്നാർ മത്തായി സ്പീക്കിങ്ങിൽ കുപ്പിയുടെ അടപ്പിൽ മദ്യം നൽകി ഇതുതന്നെ നിന്റെ ശരീരത്തിന് ഓവർ ആണെന്ന് ഇന്ദ്രൻസിനോട് ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നുണ്ട്. അഭിനയത്തിനോടുള്ള അടങ്ങാത്ത മോഹം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞുവെങ്കിലും യഥാർത്ഥ ജീവിതത്തിൽ പല വേദികളിലും സിനിമയിലെ കഥാപാത്രങ്ങളുടെ പേര് വിളിച്ചുള്ള കളിയാക്കലുകൾ അദ്ദേഹത്തിന്റെ മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു.സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും മുഖം മാറ്റിവെച്ചുകൊണ്ട് ശരീരത്തിന്റെ പരിമിതി ആഘോഷമാക്കിയ ഒരു നടന്റെ അതിരില്ലാത്ത അഭിനയ മികവായിരുന്നു ഉടലിലെ പ്രതികാരത്തിൽ ഏർപ്പെടുന്ന വൃദ്ധ കഥാപാത്രമായ കുട്ടിച്ചായനിൽ കാണാനായത്. വാർദ്ധക്യത്തിന്റെ അവശതയിലും പകയുള്ളിൽ സൂക്ഷിക്കുകയും അമാനുഷികത പ്രവർത്തിക്കാൻ മനസ്സുരുക്കം നടത്തുകയും ചെയ്യുന്ന കുട്ടിച്ചായൻ എന്ന കഥാപാത്രം. ശരീരത്തെ വെച്ച് ആളെ അളന്ന 90 കളിലെ കാണികൾ ഇന്ദ്രൻസ് എന്ന പ്രതിഭയുടെ കഥാപാത്രങ്ങളുടെ രൂപാന്തരം കണ്ട് തീർത്തും വിസ്മയിച്ചു. കോമാളിത്തരം കാട്ടി ആളുകളെ ചിരിപ്പിക്കുകയല്ലാതെ ഈ ശരീരം കൊണ്ട് കൂടുതൽ എന്ത് നേടാൻ എന്ന ചോദ്യത്തിനു മുമ്പിൽ ഒരുവേള പകച്ചുനിന്നെങ്കിലും നനുത്ത പുഞ്ചിരിയോടെ അന്നും ഇന്നും എളിമയുടെ ഉത്തമ ഉദാഹരണമായി നിൽക്കുകയാണ് ഇന്ദ്രൻസ്. ഇതിനിടയിൽ പഠനമെന്ന ബാക്കിയായ സ്വപ്‌നത്തിലേക്കും തിരിഞ്ഞ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും സാധ്യമാക്കിയിരുന്നു.അഭിനയിക്കാൻ താല്പര്യമുള്ള കഥാപാത്രങ്ങൾ ഏതൊക്കെയാണെന്ന് ഒരിക്കൽ ചോദിച്ച് അപ്പോൾ ഇന്ദ്രൻസിന്റെ മറുപടി ഇങ്ങനെയായിരുന്നു എന്റേത് തീരെ ചെറിയ ഒരു ശരീരമല്ലേ മഹാഭാരതത്തിലെ കർണനും ഭീഷ്മരുമൊക്കെ ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ ശരീരം അതിന് അനുവദിക്കുന്നില്ലല്ലോ. യോദ്ധാക്കളുടെ ശരീരമുള്ള ഒത്ത പുരുഷന്മാരായിട്ടാണ് അവയെല്ലാം ചിത്രീകരിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിലും എനിക്ക് പരിമിതിയുണ്ടെന്നാണ്. അതുപോലെ അടുത്തിടെഅഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ചെയ്യണമെന്ന് തോന്നിയത് ‘ബാഹുബലിയിലെ പ്രഭാസിന്റെ വേഷം’എന്ന മറുപടിയായിരുന്നു. എഐ വെച്ച് ആരാധകർ അത് സാധിച്ചുകൊടുത്തത് സോഷ്യമീഡിയ ആഘോഷമാക്കുകയും ചെയ്തു. ഒരു സാധാരണക്കാരനായ എന്നാൽ പ്രതിഭയായ ഒരു മനുഷ്യൻ.The post എന്റേത് തീരെ ചെറിയ ഒരു ശരീരമല്ലേ… മമ്മൂട്ടി മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ട്; സാധാരണക്കാരനായ അസാധാരണമനുഷ്യൻ appeared first on Kairali News | Kairali News Live.