തിരുവനന്തപുരം | കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദത്തിന്റെ പേരില്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കേരള സര്‍വകലാശാല വി സി മോഹന്‍ കുന്നുമ്മലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയും തുടര്‍ന്ന് ഡി വൈ എഫ് ഐയും രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് സ്ഥാപിച്ച ജലപീരങ്കി പ്രവര്‍ത്തകര്‍ മറികടന്നെങ്കിലും പിന്നീട് പിന്‍വാങ്ങി. ഇന്ന് വൈകിട്ടോടെയാണ് വിസി മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. വിദേശത്തേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത മോഹന്‍ കുന്നുമ്മല്‍ വിസിയുടെ താത്കാലിക ചുമതല സിസ തോമസിന് കൈമാറി. ഇത് സംബന്ധിച്ച അറിയിപ്പും പുറത്തുവിട്ടു.സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റദ്ദാക്കി ഗവര്‍ണ്ണറോട് അനാദരവ് കാണിച്ചെന്ന് കാണിച്ചാണ് റജിസ്ട്രാര്‍ക്കെതിരായ അസാധാരണ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ വ്യക്തമാക്കി. വി സി മോഹന്‍ കുന്നുമ്മലിന്റെ നടപടിയെ സര്‍ക്കാറും തള്ളിപ്പറഞ്ഞു. സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ടാര്‍ക്കെതിരെ വി സിയുടെ നീക്കം. സിന്‍ഡിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന സര്‍വ്വകലാശാല വകുപ്പ് 10(13) അനുസരിച്ചാണ് നടപടി. കഴിഞ്ഞ മാസം 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവര്‍ണ്ണര്‍ എത്തിയ ശേഷം അനുമതി റദ്ദാക്കിയെന്നാണ് വി സിയുടെ കുറ്റപ്പെടുത്തല്‍. രജിസ്ട്രാര്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാന്‍സലറോട് അനാദരവ് കാണിച്ചെന്നാണ് നടപടിക്ക് ആധാരമായി ചൂണ്ടിക്കാട്ടുന്നത്. രജിസ്ട്രാറെ നിയമിക്കുന്ന സിന്‍ഡിക്കേറ്റിനാണ് അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം.ഗവര്‍ണ്ണര്‍ സെനറ്റ് ഹാളിലേക്ക് എത്തും മുമ്പ് തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. സര്‍ക്കാറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വി സിയെ തള്ളി രജിസ്ട്രാര്‍ക്കൊപ്പമാണ്. ആര്‍ എസ് എസ് ശാഖയില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് നിയമസാധുതയില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് റജിസ്ട്രാര്‍ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന സര്‍വ്വകലാശാല നിബന്ധന ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയത്.