നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ റിമാന്‍ഡില്‍

Wait 5 sec.

തൃശൂര്‍ | പുതുക്കാട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളായ കുഞ്ഞുങ്ങളുടെ മാതാവ് അനീഷയെയും ആമ്പല്ലൂരിലെ ഭവിനെയുമാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അനീഷയെ വിയ്യൂര്‍ ജയിലിലേക്കും ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റും.ഇന്ന് കുഴി തുറന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. അവശിഷ്ടങ്ങള്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി ഡി വൈ എസ് പി അറിയിച്ചു.രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷ ആണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. 2021 നവംബര്‍ ആറിന് ആദ്യത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്റെ ഇടത് വശത്ത് മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 29 നായിരുന്നു രണ്ടാമത്തെ പ്രസവം. ഈ കുഞ്ഞിനെയും ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമില്‍ സൂക്ഷിച്ചു. പിറ്റേ ദിവസം മൃതദേഹം ബാഗിലാക്കി ഭവിനെ ഏല്‍പ്പിച്ചു. ഭവിനാണ് ഈ മൃതദേഹം കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഭവിന്‍ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറഞ്ഞത്.