മലപ്പുറം: സൂംബ ഡാന്‍സ് ഒരു മതത്തിനും എതിരല്ലെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ലോക റെക്കോര്‍ഡ് നേടിയ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച് .എസ്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യുകയായിരുന്നു സ്പീക്കര്‍. വ്യായാമത്തോടൊപ്പം മാനസികോല്ലാസം നല്‍കുന്ന ഒന്നാണ് സൂംബ. മനുഷ്യര്‍ ബഹിരാകാശത്ത് പോകുന്ന ഇക്കാലത്ത് അനാവശ്യമായാണ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോക റെക്കോര്‍ഡ് ജേതാക്കളായ വിദ്യാര്‍ഥികളെ സ്പീക്കര്‍ അഭിനന്ദിച്ചു. പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോ വരച്ച യുദ്ധ വിരുദ്ധ ചിത്രമായ ഗ്വേര്‍ണിക്കയുടെ പുനരാവിഷ്ക്കാരമാണ് ലോക റെക്കോര്‍ഡിൽ ഇടം പിടിച്ചത്. 13 അടി നീളത്തിലും 12 അടി വീതിയിലും 400-ഓളം വ്യത്യസ്ത നിറങ്ങളിലുള്ള ഷാളുകള്‍ ഉപയോഗിച്ച് തുണികൊണ്ടുള്ള കൊളാഷ് രൂപം മൂന്നുമണിക്കൂര്‍ കൊണ്ടാണ് തയ്യാറാക്കിയത്. സ്കൂളിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി വിദ്യാര്‍ഥികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മാനേജ്മെന്റ്, പിടിഎ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ ശ്രമവുമുണ്ടായിരുന്നു. സ്കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷ ലോഗോയും സ്പീക്കര്‍ പ്രകാശനം ചെയ്തു. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ടി വി ഇബ്രാഹിം എംഎല്‍എ മുഖ്യാതിഥിയായി. മുന്‍ പി.എസ്.സി അംഗം വി.പി അബ്ദുല്‍ ഹമീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ബാസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹിമാന്‍, വാര്‍ഡ് അംഗം മെഹറുന്നീസ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം കെ. വിശ്വനാഥന്‍, സ്കൂള്‍ മാനേജര്‍ വി.പി അബ്ദു റസാഖ്, പി.ടി.എ പ്രസിഡന്റ് പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.ചികിൽസ കിട്ടാതെ കുഞ്ഞിന്റെ മരണം; കാരണം മഞ്ഞപ്പിത്തമെന്ന പ്രാഥമിക വിവരം