തിരുവനന്തപുരം | കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാര്‍ ഡാം, ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത്, കോഴിക്കോട് കുറ്റിയടി ഡാം, വയനാട് ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് വിവിധ നദികളിലും മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.ശക്തമായ മഴ തുടരുന്ന പശ്ചത്തലത്തില്‍ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നതിനാല്‍ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് വയനാട് ബാണസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 5 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത. കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തമിഴ്‌നാട് വാല്‍പ്പാറയിലെ ഷോളയാര്‍ ഡാം തുറന്നു. അതിരപ്പിള്ളി പുഴയിലേക്കാണ് വെള്ളം എത്തുന്നത്. ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിങ്ങല്‍കൂത്ത് ഡാമിലെ ജലനിരപ്പും ഉയരും. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപെടേണ്ട സഹചരമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 16 ഡാമുകളുടെ ഷട്ടറുകളാണ് നിലവില്‍ തുറന്നത്.