ചികിൽസ കിട്ടാതെ കുഞ്ഞിന്റെ മരണം; കാരണം മഞ്ഞപ്പിത്തമെന്ന പ്രാഥമിക വിവരം

Wait 5 sec.

കാടമ്പുഴ: ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മരിച്ചതിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം ഖബറടക്കിയിരുന്നു. ചിലർ സംശയം ഉന്നയിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.പിന്നാലെ കുട്ടിയുടെ ഖബറടക്കവും നടത്തി. തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹറീറ അശാസ്ത്രീയ ചികിത്സാരീതികൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വീട്ടിൽ വച്ചാണ് ഇവർ കുട്ടിയെ പ്രസവിച്ചത്, ശേഷം യാതൊരു വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകളും കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.