ഇന്ത്യ എന്നും ലോക സമാധാനത്തിന്റെ വക്താക്കള്‍: എം എം ഹസ്സന്‍

Wait 5 sec.

അബൂദബി | ഇന്ത്യ എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും, മഹാത്മാഗാന്ധിയുടെയും ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ഇന്ത്യക്ക് അതാകാനേ കഴിയുവെന്നും മുന്‍ മന്ത്രിയും കെ പി സി സി മുന്‍ പ്രസഡിഡന്റുമായ എം എം ഹസ്സന്‍. മഹാത്മജിയുടെ ജന്മദിനം ലോകമൊട്ടുക്ക് അഹിംസാദിനമായി ആചരിക്കുന്നത്, ലോകം ഇന്ത്യക്ക് നല്‍കിയ അംഗീകാരമാണെന്നും സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യ മുന്നോട്ട് വെച്ച ഗാന്ധിയന്‍ അഹിംസാ സിദ്ധാന്തം ഇന്നും പ്രസക്തമാണെന്നും ഹസ്സന്‍ പറഞ്ഞു. ‘ഇന്‍കാസ് അബൂദബി’ സംഘടിപ്പിച്ച ‘കിന്‍ഷിപ്പ് ജംബൂരി’ എന്ന കുടുംബസംഗമ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലയെയും സാഹിത്യത്തെയും സംഘടനാ പ്രവര്‍ത്തനത്തെയും ഇത്രയധികം പ്രണയിക്കുന്ന പ്രവാസികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നാടിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്ന പ്രവാസി സമൂഹം കേരളത്തിനെന്നും അഭിമാനമാണെന്നും എം എം ഹസ്സന്‍ പ്രസ്താവിച്ചു.ഇന്‍കാസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സംബന്ധിച്ച ചടങ്ങില്‍, ഇന്‍കാസ് അബൂദബിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഹസ്സന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി കരസ്ഥമാക്കിയ ഡോ. ഷിബാനി ഹംസക്കോയ ഉള്‍പ്പെടെ 24 പേര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.ഇന്‍കാസ് അബൂദബി പ്രസിഡന്റ് എ എം അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ് സ്വാഗതവും ട്രഷറര്‍ സാബു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. ഇന്‍കാസ് യു എ ഇ നാഷണല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി യേശുശീലന്‍, വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീന്‍, ജനറല്‍ സെക്രട്ടറി സഞ്ജു പിള്ള, അബൂദബി മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് ടി എം നിസാര്‍, ജനറല്‍ സെക്രട്ടറി ടി വി സുരേഷ്‌കുമാര്‍, ഇന്‍കാസ് അബൂദബി ജനറല്‍ സെക്രട്ടറി നൗഷാദ് ബഷീര്‍, സെക്രട്ടറി അനുപ ബാനര്‍ജി പ്രസംഗിച്ചു. ഫിദ അന്‍സാര്‍ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കി.കേന്ദ്ര കമ്മിറ്റി ഭാരവാഹികളും മുതിര്‍ന്ന ഇന്‍കാസ് പ്രവര്‍ത്തകരുമായ എന്‍ പി മുഹമ്മദാലി, കെ എച്ച് താഹിര്‍, ജലീല്‍, ഹംസക്കോയ, നിബു സാം ഫിലിപ്, ഡോ. ഷുഹൈബ് പള്ളിക്കല്‍, നാസ്സര്‍ പട്ടിത്തടം, സുരേഷ് പയ്യന്നൂര്‍ എന്നിവരെ ആദരിച്ചു. വിവിധ ജില്ലാ കമ്മിറ്റികള്‍ എം എം ഹസ്സനെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഇന്‍കാസ് ഭാരവാഹികളായ രാജേഷ് വടകര, ഷാജഹാന്‍ ഹൈദര്‍ അലി, സയീദ് മുണ്ടയാട്, സി എം അബ്ദുല്‍ കരീം, അഹദ് വെട്ടൂര്‍, ദശപുത്രന്‍, ഷാജികുമാര്‍, ബിനു ബാനര്‍ജി, ചാറ്റര്‍ജി, ടി കെ യാസര്‍, ഷാജു പവിത്രന്‍, നസീര്‍ അനക്കപറമ്പില്‍, ഓസ്റ്റിന്‍ ലാല്‍ ഫ്രാന്‍സിസ്, രജീഷ് കോടോത്ത്, അബ്ദുല്‍ റസാഖ് എരമംഗലം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.