ഇന്ത്യയിൽ താമസിക്കാൻ അനധികൃതമായി അതിർത്തി കടന്നു; പാക് ദമ്പതികൾക്ക് വെള്ളം കിട്ടാതെ മരുഭൂമിയിൽ ദാരുണാന്ത്യം

Wait 5 sec.

രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു. പാകിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സാധേവാല സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 10 മുതൽ 12 കിലോമീറ്റർ അകലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കടുത്ത ചൂടിനും കഠിനമായ മരുഭൂമി സാഹചര്യത്തിനും ഇടയിൽ, ഏകദേശം നാലോ അഞ്ചോ ദിവസം മുമ്പ് പട്ടിണിയും നിർജ്ജലീകരണവും മൂലം ഇരുവരും മരിച്ചുവെന്ന് കരുതുന്നതായി സ്രോതസ്സുകൾ പറയുന്നു.ഗജേസിംഗ് ഗ്രാമത്തിനടുത്തുള്ള ഒരു മണൽക്കൂനയിൽ നിന്ന് ഒരു ഇടയൻ ആണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇയാൾ പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ചവരിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകളും മൊബൈൽ സിം കാർഡുകളും കണ്ടെടുത്തു. അതിലൂടെയാണ് അവർ പാകിസ്ഥാൻ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തെത്തിയ തനോട്ട് പോലീസ് അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) വിവരമറിയിച്ചു. അവർ മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. രണ്ട് മൃതദേഹങ്ങളും രാംഗഡ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ALSO READ: തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് മുതൽ പുതിയ പാൻ അപേക്ഷകൾക്ക് വരെ ആധാർ വേണം; ഇന്ന് മുതലുള്ള മാറ്റങ്ങൾ അറിയാംപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ ഇവരുടെ മരണകാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. നാല് മാസം മുൻപാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടുകയായിരുന്നു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവെയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു.പാകിസ്ഥാൻ ദമ്പതികൾ അതിർത്തിക്ക് സമീപം എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. മൃതദേഹങ്ങൾക്ക് നാലോ അഞ്ചോ ദിവസം പഴക്കമുണ്ടെന്ന് തോന്നുന്നുവെന്നും പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ് എന്നും BSF ഇൻസ്പെക്ടർ ജനറൽ എംഎൽ ഗാർഗ് പറഞ്ഞു.The post ഇന്ത്യയിൽ താമസിക്കാൻ അനധികൃതമായി അതിർത്തി കടന്നു; പാക് ദമ്പതികൾക്ക് വെള്ളം കിട്ടാതെ മരുഭൂമിയിൽ ദാരുണാന്ത്യം appeared first on Kairali News | Kairali News Live.