ഈ സമരം ഞങ്ങള്‍ക്കു വേണ്ടി മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്

Wait 5 sec.

കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. ഫെബ്രുവരി 27ന് നടക്കുന്ന തീരദേശ ഹര്‍ത്താല്‍ കൂടാതെ വലിയ സമര പരിപാടികളിലേക്ക് അവര്‍ കടക്കുന്നു. സമരത്തിന് കാരണമാകുന്ന സാഹചര്യങ്ങളെക്കുറിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് സംസാരിക്കുന്നു.എന്തുകൊണ്ട് സമരംകേരളത്തില്‍ 575 ദശലക്ഷം ടണ്‍ മണല്‍ കേരളത്തില്‍ അഞ്ച് ഭാഗത്തായുണ്ടെന്നാണ് കേന്ദ്ര മൈനിംഗ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തിയിട്ടുള്ളത്. അതില്‍ 302 ദശലക്ഷം ടണ്‍ മണലും ഊറ്റിയെടുക്കുന്നത് കൊല്ലം പരപ്പില്‍ നിന്നാണ്. കൊല്ലത്ത് 442 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു നിന്നാണ് ഇതെടുക്കുന്നത്. ഇത്രയും മണ്ണെടുക്കുന്നത് വളരെ ഗുരുതരമായ പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗവേഷകരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ശ്രമഫലമായി കേരള യൂണിവേഴ്‌സിറ്റിയിലെ അക്വാട്ടിക് ബയോളജി വിഭാഗം പ്രൊഫസര്‍ ഡോ.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പഠനസംഘം ഈ വിഷയം പരിശോധിക്കുകയുണ്ടായി. അവരുടെ ഗവേഷണ ഫലം പുറത്തു വന്നിരിക്കുകയാണ്. അത് പ്രകാരം കേരളത്തിലെ പവിഴപ്പുറ്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും കൊല്ലം പരപ്പിലാണെന്നാണ്. 40 മീറ്റര്‍ ആഴത്തിലുള്ള പവിഴപ്പുറ്റുകളാണ് ഉള്ളത്. പവിഴപ്പുറ്റുകളുടെ പ്രാധാന്യം നമുക്ക് അറിയാമല്ലോ? വൈവിധ്യമേറിയ മത്സ്യയിനങ്ങളാണ് അവിടെ ജീവിക്കുന്നത്. ആ പവിഴപ്പുറ്റുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍ പൂര്‍ണ്ണമായ തകര്‍ച്ചയായിരിക്കും ഉണ്ടാവുക. പവിഴപ്പുറ്റുകളോടൊപ്പമുള്ള മത്സ്യങ്ങളും സ്‌പോഞ്ചുകളും ആല്‍ഗകളുമൊക്കെ നശിക്കും. മത്സ്യങ്ങള്‍ക്ക് ഭക്ഷണമുണ്ടാകുന്ന പ്രക്രിയ മുഴുവന്‍ തടസപ്പെടും. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ് കൊല്ലം എന്ന് നമുക്ക് അറിയാമല്ലോ? മത്സ്യസമ്പത്ത് അതുകൊണ്ട് തന്നെ പ്രധാനമാണ്. സമരം ഞങ്ങള്‍ക്കു വേണ്ടിമാത്രമുള്ളതല്ല1961 മുതല്‍ 65 വരെ ഇവിടെ ഗവേഷണം നടത്തിയ ഇന്തോ-നോര്‍വീജിയന്‍ പ്രോജക്ടിന്റെ തലവനായിരുന്ന ഡോ.കെയര്‍ ലാര്‍സനാണ് കൊല്ലത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിലുള്ള 22 മത്സ്യ സങ്കേതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊല്ലം ബാങ്ക്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ ഒരു 87 കിലോമീറ്റര്‍ വരെ പടര്‍ന്നു കിടക്കുന്ന 330 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്. ഇത് അങ്ങേയറ്റം സെന്‍സിറ്റീവായ പ്രദേശമാണ്. അവിടെ നല്ല രീതിയില്‍ മണല്‍ നിക്ഷേപമുണ്ട്. നൂറ്റാണ്ടുകളായിട്ടുള്ള നിക്ഷേപമാണ് അത്. കടലില്‍ നിന്നും കരയില്‍ നിന്നും മണല്‍ ഇവിടെ വന്നിട്ടുണ്ട്. ഈ മണല്‍പ്പരപ്പിന്റെ പുറത്ത് ഒന്ന് രണ്ട് മീറ്റര്‍ കനത്തില്‍ ചളിയും പായലുകളും ജൈവാവശിഷ്ടങ്ങളും അടിഞ്ഞുകൂടി കിടക്കുകയാണ്. ഈ ചെളിയും പായലുകളുമാണ് യഥാര്‍ത്ഥത്തില്‍ മത്സ്യങ്ങളുടെ ഭക്ഷണമായി മാറുന്നത്. മത്സ്യസമ്പത്ത് രൂപീകരിക്കുന്നതിനായുള്ള സൗകര്യം ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം മത്സ്യങ്ങള്‍ ഇവിടെയുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കിട്ടാവുന്ന ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മുഴുവന്‍ അവിടെ നിന്ന് എടുക്കുന്നുണ്ട്. ഈ മണല്‍പ്പരപ്പിലെ ചെളി കലക്കി കളഞ്ഞതിന് ശേഷം വേണം മണല്‍ എടുക്കാന്‍. ചെളി കലക്കുന്നത് സൂര്യപ്രകാശത്തിന്റെ ലഭ്യതയെ തടസപ്പെടുത്തും. പ്രകാശ സംശ്ലേഷണത്തെ ബാധിക്കും. അതുകൊണ്ട് മത്സ്യഭക്ഷണങ്ങളായ ഡയാറ്റം, ബ്ലൂ പ്ലാങ്ക്ടണ്‍ തുടങ്ങിയവ അപ്രത്യക്ഷമാകും. പവിഴപ്പുറ്റുകളും മണല്‍പ്പരപ്പുമാണ് കൊല്ലത്തെ തീരത്തെ സംരക്ഷിക്കുന്നത്. അതൊരു കോട്ടമതില്‍ പോലെ നില്‍ക്കുകയാണ്. മണല്‍ എടുത്താല്‍ ആ കടല്‍ത്തീരം അപ്പാടെ നഷ്ടമാകും. ശംഖുമുഖം കടപ്പുറം അപ്രത്യക്ഷമായതുപോലെയായിരിക്കും സംഭവിക്കുക.അതിനേക്കാള്‍ ഭയാനകമായിരിക്കും ഇതിന്റെ വിപത്ത്. അതുകൊണ്ട് ഞങ്ങളുടെ സമരം മത്സ്യസമ്പത്തിന് വേണ്ടി മാത്രമല്ല, മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും കൂടി വേണ്ടിയാണ്. കൊല്ലം പരപ്പിനെ സംരക്ഷിക്കുകയെന്നാല്‍ കേരളത്തിനെ സംരക്ഷിക്കുക എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു ശരാശരി കേരളീയന്‍ 32 കിലോഗ്രാം മത്സ്യം ഒരു വര്‍ഷം കഴിക്കുന്നുണ്ട്. ആ മത്സ്യത്തിന്റെ ഭൂരിഭാഗവും പ്രദാനം ചെയ്യുന്നത് കൊല്ലം പരപ്പാണ്. ഇവിടെ ഏതാണ്ട് 1000ത്തോളം ട്രോളിംഗ് ബോട്ടുകളുണ്ട്, 500ഓളം ഫൈബര്‍ വള്ളങ്ങളുണ്ട്, നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളുമുണ്ട്. ഇവിടെ ഒരുപാട് മത്സ്യ പ്രജനന കേന്ദ്രങ്ങളുമുണ്ട്. ഇതെല്ലാം തകര്‍ന്ന് തരിപ്പണമാകും. നമ്മുടെ സമ്പദ്ഘടനയും തകരും. അതുകൊണ്ട് ഞങ്ങളുടെ സമരം ഞങ്ങള്‍ക്കു വേണ്ടിമാത്രമുള്ളതല്ല, ഈ കേരളത്തിന് വേണ്ടിയുള്ളതാണ്. 'കണ്ണാപ്പി' വിളിയില്‍ പരിഹസിക്കപ്പെടുന്നത് ദളിതര്‍, ജാതി കാണണമെങ്കില്‍ മാട്രിമോണിയല്‍ കോളങ്ങള്‍ നോക്കിയാല്‍ മതി; ഡോ.വിനില്‍ പോള്‍പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്തണംകേരള യൂണിവേഴ്‌സിറ്റ് അക്വാട്ടിക് ബയോളജി വിഭാഗത്തിന്റെ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. അതനുസരിച്ച് പവിഴപ്പുറ്റുകളും ക്ലിഫുകളും നശിച്ചു കഴിഞ്ഞാല്‍ മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടമാകും. കൊല്ലത്തെ സംരക്ഷിക്കുന്ന ആ കോട്ട തകര്‍ന്നു പോകും. അതുകൊണ്ട് എന്തു വിലകൊടുത്തും ഇക്കാര്യത്തില്‍ ഒരു പ്രാഥമിക പരിശോധന നടത്തണം. ഇത്തരം പദ്ധതികള്‍ നടത്തുമ്പോള്‍ പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്തേണ്ടതുണ്ട്. അത് നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. അതും നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായവും ഇതുമായി ബന്ധപ്പെട്ട് തേടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് കണക്കിലെടുത്തിട്ടില്ല. കൊച്ചിയിലെ ചില ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അവര്‍ കണ്ട് ആശങ്ക അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അത് കൂടാതെ മാര്‍ച്ച് 4-ാം തിയതി മറൈന്‍ അക്വാട്ടിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍കയ്യെടുത്ത് കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍മാരെയും ഗവേഷകരെയും മുന്‍നിര്‍ത്തി ഒരു ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് വെച്ചിട്ടുണ്ട്. അത് കൂടാതെ കുസാറ്റ്, കുഫോസ് എന്നിവിടങ്ങളിലെ സയന്റിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് കുസാറ്റിലെ മറൈന്‍ ജിയോളജി, അക്വാട്ടിക് ബയോളജി എന്നിവരെ ഒരുമിപ്പിച്ചുകൊണ്ട് ഒരു ഏകദിന വര്‍ക്ക്‌ഷോപ്പ് വെച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമാണ് സിഎംഎഫ്ആര്‍ഐ. ഇവിടുത്തെ ഗവേഷകര്‍ മിനറല്‍ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ കേന്ദ്രസര്‍ക്കാരിന് കത്ത് കൊടുത്തിട്ടുണ്ട്. അതെല്ലാം മറികടന്നുകൊണ്ടാണ് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. പിന്തുടർച്ചാവകാശം മുസ്ലിം പുരുഷനും സ്ത്രീക്കും തുല്യമാക്കണം, എന്നെ ബിജെപിയുടെ ആലയിൽ കെട്ടേണ്ട, മരണം വരെ പോരാടും: വിപി സുഹറ ലോകത്ത് 70 രാജ്യങ്ങളിലെ 931 ഗവേഷകര്‍ ഒന്നുചേര്‍ന്ന് ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ മണല്‍ ഖനനം അപകടകരമാണെന്ന്. സോളമന്‍ ഐലന്റ്, നുവാരു, ടുവാലു, കിരിബാറ്റി തുടങ്ങിയ പസഫിക് ദ്വീപുകളും ന്യൂസിലന്‍ഡിന്റെ തീരവും ഇന്തോനേഷ്യയിലെ പന്ത്രണ്ട് ദ്വീപുകള്‍, ജര്‍മനി, നോര്‍വേ, തായ്‌ലന്റ്, ഫിന്‍ലന്‍ഡ് തുടങ്ങി വന്‍കിട വ്യവസായ രാജ്യങ്ങളും അടക്കം ഈ മണലെടുപ്പിന്റെ പ്രതിസന്ധി നേരിടുകയാണ്. മണല്‍ എല്ലാവര്‍ക്കും ആവശ്യമാണ്. അതുമാത്രമല്ല, ഐക്യരാഷ്ട്ര സംഘടനയിലെ ഐയുസിഎന്‍-ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഈ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് അസംബ്ലി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ യോഗം ചേര്‍ന്നു. അവര്‍ ലോകത്തിന് നല്‍കിയ നിര്‍ദേശം നിങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുക, കടല്‍ ഖനനം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അത് കൂടാതെ കാലാവസ്ഥാ ഉച്ചകോടികളും അതേ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. യുഎന്‍ ഉന്നതതല സംഘത്തില്‍ ഇന്ത്യ അംഗമാണ്. ലോകത്ത് 100 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം കഴിഞ്ഞ വര്‍ഷം പാസാക്കിയിരിക്കുകയാണ്. അതില്‍ ഇന്ത്യ ഒപ്പുവെച്ചിരിക്കുകയാണ്. കടലിന്റെ 30 ശതമാനമെങ്കിലും സംരക്ഷിക്കണമെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും 3000 കിലോമീറ്റര്‍ അകലെയാണ് അഫാനസി നികിതിന്‍ എന്ന് ഒരു പര്‍വ്വതനിരയുള്ളത്. 400 കിലോമീറ്റര്‍ നീളവും 336 കിലോമീറ്റര്‍ വീതിയുമുള്ള വലിയ പര്‍വതമാണ്. ആ പര്‍വതത്തില്‍ നിന്ന് കൊബാള്‍ട്ടും നിക്കലും ഖനനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന് പുറമേ ഇന്ത്യാ ഗവണ്‍മെന്റ് ജമൈക്കയില്‍ 6000 മീറ്റര്‍ താഴ്ചയില്‍ കൊബാള്‍ട്ടും നിക്കലും മാത്രമല്ല മാംഗനീസും ഖനനം ചെയ്‌തെടുക്കാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മത്സ്യ 6000 എന്നൊരു ഉപകരണം വികസിപ്പിച്ചത്. മൂന്ന് പേര്‍ക്ക് കയറാവുന്ന അണ്ടര്‍വാട്ടര്‍ മാന്‍ഡ് വെഹിക്കിള്‍ നമ്മള്‍ വികസിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതികള്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പരിസ്ഥിതി പ്രത്യാഘാത പഠനം നടത്തിയതിന് ശേഷം മാത്രം മതിയെന്നതാണ് അഭിപ്രായം. ഖനനം എന്തിന്?മണല്‍ ആവശ്യം ലോകത്ത് പെരുകിക്കൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോള്‍ ലോകജനസംഖ്യയുടെ 67 ശതമാനവും നഗരങ്ങളിലായിരിക്കും താമസിക്കുക. നഗരങ്ങളുടെ നിര്‍മാണത്തിന് മണല്‍ വേണം. 50 ബില്യന്‍ ടണ്‍ മണലാണ് ഒരു വര്‍ഷം ലോകത്തിന് വേണ്ടത്. അതില്‍ 40-45 ബില്യന്‍ ടണ്‍ വരെ കരയില്‍ നിന്നാണ് എടുക്കുന്നത്. 5 മുതല്‍ 8 ബില്യന്‍ വരെ കടലില്‍ നിന്നാണ് എടുക്കുന്നത്. അത് നിര്‍ത്തിവെക്കാന്‍ പല രാജ്യങ്ങളോടും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മണല്‍ ഖനനത്തിന്റെ ആവശ്യം ഇന്ന് കേന്ദ്ര പദ്ധതികള്‍ക്കാണ്. പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ എന്നൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് 1.3 ട്രില്യന്‍ ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് 7 തുറമുഖങ്ങള്‍ വരികയാണ്. ഈ ഏഴ് തുറമുഖങ്ങളും അദാനിക്കാണ് ലഭിച്ചിരിക്കുന്നത്. തീരത്ത് തുറമുഖ നഗരങ്ങള്‍ വരുന്നു. 12 പുതിയ കോസ്റ്റ് റിലേറ്റഡ് ഡവലപ്ഡ് സോണുകള്‍ വരുന്നു. 12 കോസ്റ്റല്‍ ടൂര്‍ സര്‍ക്കിളുകള്‍ വരുന്നു. 607 ഭീമന്‍ കെട്ടിടങ്ങള്‍ വരുന്നു. 2000 കിലോമീറ്റര്‍ റോഡ് വരുന്നു, കപ്പല്‍ നിര്‍മാണശാല വരുന്നു, കപ്പല്‍ പൊളിക്കല്‍ കേന്ദ്രം വരുന്നു. അങ്ങനെ വികസനത്തിന്റ വേലിയേറ്റം വരികയാണ്. എന്നാല്‍ തീരത്തുള്ള ജനങ്ങളെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. അവര്‍ എവിടെപ്പോകുമെന്നും അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുക്കുമെന്നും പറഞ്ഞിട്ടില്ല. ഈ വന്‍കിട പദ്ധതികള്‍ക്ക് മണല്‍ ആവശ്യമാണ്. അതുകൊണ്ടാണ് എന്തു വിലകൊടുത്തും അത് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനായി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് എസ്ബിഐ ക്യാപ്പിറ്റലാണ്. ടെന്‍ഡര്‍ കിട്ടുന്നവര്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കുമെന്നാണ് എസ്ബിഐ ക്യാപിറ്റല്‍ രേഖയില്‍ പറഞ്ഞിരിക്കുന്നത്. വികസനത്തിന് മണല്‍ ആവശ്യമുണ്ട്. എന്നാല്‍ ഇതു തന്നെ എടുക്കണമെന്ന് പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.മത്സ്യ സമ്പത്ത് സംബന്ധിച്ച പഠനങ്ങള്‍ കണക്കിലെടുക്കുന്നില്ലമത്സ്യ സമ്പത്തിന് നാശമുണ്ടാകുമെന്ന പഠനങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ തന്നെ കൊല്ലം തീരത്തു നിന്നാണ് വേളാപ്പാര, സാന്‍ഡ് ലോബ്‌സ്റ്റര്‍, കിളിമീന്‍, പരവ പോലെയുള്ള മത്സ്യങ്ങളും കരിക്കാടി, പൂവാലന്‍ തുടങ്ങിയ ചെമ്മീന്‍ ഇനങ്ങളും നങ്ക്, തിരണ്ടി പോലെയുള്ള അടിത്തട്ട് മത്സ്യങ്ങളും ഉപരിതലത്തിലുള്ള ചാള, അയല, വറ്റ, നത്തോലി തുടങ്ങിയ മത്സ്യങ്ങളും ധാരാളം ലഭിക്കുന്നത്. ഇതൊക്കെ അപ്രത്യക്ഷമായാല്‍ കേരളത്തിന്റെ ഭക്ഷണം നഷ്ടപ്പെടുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യം കഴിക്കുന്നവരില്‍ നമ്മളും പെടും. നമുക്ക് ലഭ്യമാകുന്ന വില കുറഞ്ഞ പ്രോട്ടീനാണ് അത്. ഇപ്പോള്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷമായി ലഭിക്കുന്ന ചാളയുടെ വലിപ്പം കുറവാണ്. ചാളയുടെ മിനിമം ലീഗല്‍ സൈസ് എന്ന് പറയുന്നത് 10 സെന്റിമീറ്ററാണ്. ചാളയുടെ വലിപ്പം കുറയാന്‍ കാരണം അവയുടെ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ തടസ്സപ്പെട്ടിരിക്കുകയാണ്. അതുകാരണം എല്ലാ ചാളയും മുരടിച്ചു പോയിരിക്കുകയാണ്. ഇതാണ് കേരളത്തിലെ അവസ്ഥ. മണലെടുക്കാനുള്ള കലക്കല്‍ അതിനെ മുഴുവന്‍ തകര്‍ത്തു കളയും.