14 കാരനുമായി നാടുവിട്ട 35 കാരിയെ പോക്‌സോ ചുമത്തി റിമാന്‍ഡ് ചെയ്തു

Wait 5 sec.

പാലക്കാട് | മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനായ 14 കാരനുമായി നാടുവിട്ട 35 കാരിയായ വീട്ടമ്മയെ പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിയായ വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് വച്ചാണ് കണ്ടെത്തിയത്.സംഭവത്തില്‍ യുവതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.11 വയസുള്ള മകന്റെ സുഹൃത്തിന്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ യുവതി നാടുവിട്ടത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നും തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.ഇന്നലെ സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല. ഭയന്ന മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി വീട്ടമ്മയ്‌ക്കൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. പിന്നാലെ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെയും കുട്ടിയെയും എറണാകുളത്ത് കണ്ടെത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് 11 വയസുള്ള മകനുണ്ട്. ഈ കുട്ടിയുടെ സുഹൃത്തിന്റെ ജ്യേഷ്ഠനൊപ്പമാണ് യുവതി നാടുവിട്ടത്.