ആലപ്പുഴ | വ്യത്യസ്ഥ മതക്കാരായ പ്രണയികള്‍ ദുരഭിമാനക്കൊലയെ ഭയന്ന് അഭയം തേടി കേരളത്തില്‍. ജാര്‍ഖണ്ഡ് സ്വദേശികളാണ് പ്രണയിച്ചതിന്റെ പേരില്‍ വധഭീഷണി നേരിട്ടതിനാല്‍ നാട് വിട്ട് കേരളത്തിലെത്തിയത്.30കാരനായ മുഹമ്മദ് ഗാലിബും 26 കാരി ആശാ വര്‍മ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായ ഇരുവരും വ്യത്യസ്ത മതങ്ങളില്‍പെട്ടവരായതിനാല്‍ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. ഇതരസമുദായത്തില്‍ പെട്ടവരെ വിവാഹം കഴിച്ചാല്‍ ദുരഭിമാനക്കൊല ഇവിടങ്ങളില്‍ സാധാരണമാണ്. ഇതോടെയാണ് ആശ ഗാലിബിനൊപ്പം രാജ്യത്ത് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് കടന്നത്.ഇരുവരും കേരളത്തില്‍ ഉണ്ടെന്നറിഞ്ഞ് ആശയുടെ കുടുംബം പിന്തുടര്‍ന്ന് കേരളത്തിലെത്തിയിരുന്നു. തിരികെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല. ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള പോലീസും കായംകുളത്ത് എത്തിയിരുന്നു. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാര്‍ഖണ്ഡ് പോലീസ് മടങ്ങി. തങ്ങള്‍ക്ക് വധ ഭീഷണി ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആകില്ലെന്നും കേരളത്തില്‍ പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.