പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവ് അറസ്റ്റില്‍

Wait 5 sec.

പത്തനംതിട്ട|പത്തനംതിട്ട കൂടലില്‍ മദ്യലഹരിയില്‍ 13കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കൂടല്‍ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടല്‍ പോലീസാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കുട്ടിയെ പ്രതി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങള്‍ സഹിതം ശിശുക്ഷേമ വകുപ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരാതിക്കിടയാക്കിയ സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജേഷ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവായ വ്യക്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശിശുക്ഷേമ വകുപ്പാണ് കൂടല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനാല്‍ ശിശുക്ഷേമ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന്  ശിശുക്ഷേമ വകുപ്പ് പരാതി ഏറ്റെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. പരാതിപ്പെട്ടത് കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ്.