വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Wait 5 sec.

തിരുവനന്തപുരം| വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്.കേസില്‍ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വൈദ്യ പരിശോധനയില്‍ ഇ സി ജി വ്യതിയാനം കണ്ടെത്തിയതിനാലാണ് ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി ഐസിയുവില്‍ ജോര്‍ജിനെ തിങ്കളാഴ്ച രാത്രിയോടെയാണ് പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ വൈദ്യ പരിശോധനയില്‍ പി സി ജോര്‍ജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പി സി ജോര്‍ജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റും.ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയതിനാണ് കേസ്. വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ ജോര്‍ജ് സാമൂഹിക മാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.