പാലക്കാട് | ചിറ്റൂര്‍ റേഞ്ചില്‍ എക്‌സൈസ് വകുപ്പ് പരിശോധനക്കയച്ച കള്ളില്‍ ചുമ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബില്‍ നിന്ന് ലഭിച്ച റിപോര്‍ട്ടിലാണ് കണ്ടെത്തല്‍.ഒരേ ലൈസന്‍സിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ളിലാണ് കഫ് സിറപ്പില്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥമായ ബെനാഡ്രിലിന്റെ സാന്നിധ്യം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂട്ടാനാണ് കഫ് സിറപ്പ് ചേര്‍ക്കുന്നതെന്നാണ് വിവരം.സംസ്ഥാനത്ത് ഇതാദ്യമായാണ് കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ചിറ്റൂര്‍ റേഞ്ച് ഗ്രൂപ്പ് നമ്പര്‍ ഒന്പതിലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളില്‍ നിന്നാണ് കള്ള് പരിശോധനക്കായി ശേഖരിച്ചത്. കാലാവധി കഴിഞ്ഞ കഫ് സിറപ്പാകാം കള്ളില്‍ കലര്‍ത്തിയതെന്നാണ് എക്‌സൈസിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് ഷാപ്പുകള്‍ക്കുമെതിരെ കേസെടുത്തു.