ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നതിനു പിന്നില്‍

Wait 5 sec.

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ അഫ്‌നാന്‍ എന്ന 23കാരന്‍ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് കേരളം. അഫ്‌നാന്റെ ആക്രമണത്തിനിരയായ മാതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓരോ ദിനവും ഇത്തരം കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തകളിലേക്കാണ് മലയാളികള്‍ ഉണരുന്നത്. അട്ടപ്പാടിയില്‍ 37കാരനായ മകന്‍ 55കാരിയായ മാതാവിനെയും തിരുവനന്തപുരം വട്ടപ്പാറയില്‍ 67കാരനായ ഭര്‍ത്താവ് 63കാരിയായ ഭാര്യയെയും വെട്ടിക്കൊന്ന വാര്‍ത്തകളുമായാണ് ഇന്നലെ പത്രങ്ങള്‍ നമ്മുടെ മുമ്പിലെത്തിയത്. അടുത്ത കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ പുറത്തുവരാത്ത ദിവസങ്ങള്‍ അപൂര്‍വം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് വൃദ്ധസദനങ്ങളുടെ എണ്ണം കൂടിവരുന്നതും കുടുംബശൈഥല്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂമിയിലെ സ്വര്‍ഗം വീടാണെന്നാണ് പറയപ്പെടാറുള്ളത്. എന്നാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും ഭിന്നതയും കാരണം നരകതുല്യമാണ് ഇന്ന് പല വീടുകളും.സാമൂഹിക മാധ്യങ്ങളുടെ കടന്നുവരവ്, ലഹരി വസ്തുക്കളുടെ വ്യാപനം, ലിബറല്‍ ചിന്തകളുടെ സ്വാധീനം തുടങ്ങി ഈ ദുരവസ്ഥക്ക് കാരണങ്ങള്‍ പലതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു ഇന്ന് മൊബൈല്‍ ഫോണുകള്‍. വായുവും വെള്ളവും ആഹാരവും പോലെ ഇന്റര്‍നെറ്റില്ലാത്ത ജീവിതം അതീവ ദുഷ്‌കരമാണ് മിക്കവര്‍ക്കും. യുവതലമുറക്ക് മാത്രമല്ല, പ്രായമുള്ളവര്‍ക്കും കുട്ടികള്‍ക്കുമെല്ലാമുണ്ട് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍. വന്‍ ചതിക്കുഴികള്‍ ഒളിഞ്ഞിരിപ്പുണ്ട് സാമൂഹിക മാധ്യമങ്ങളില്‍. വ്യാജ പ്രൊഫൈല്‍ വഴി സ്ത്രീകളെ ആകര്‍ഷിക്കുകയും അവരെ ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്നവര്‍ ധാരാളം. ഒളിച്ചോട്ടങ്ങള്‍ക്കുള്ള പാലമായി മാറുന്നു സാമൂഹിക മാധ്യമങ്ങള്‍.മുലകുടി മാറാത്ത കുഞ്ഞിനെ പോലും ഒഴിവാക്കി ഓണ്‍ലൈന്‍ കാമുകന്റെ കൂടെ ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു. വ്യാജ പ്രൊഫൈലുകളില്‍ മറഞ്ഞിരുന്ന് ചാറ്റ് ചെയ്യുന്നവരുടെ വാക്‌ധോരണിയില്‍ വീണ് അവരോടൊപ്പം പുതിയൊരു ജീവിതം സ്വപ്നം കാണുകയും അതിനു തടസ്സമായി തോന്നുന്ന എന്തിനെയും -അത് മാതാപിതാക്കളായാലും ഭര്‍ത്താവായാലും സ്വന്തം ഉദരത്തില്‍ പിറന്ന കുഞ്ഞായാലും- ഇല്ലായ്മ ചെയ്യാന്‍ പോലും പ്രേരിതരാകുകയും ചെയ്യുന്നു. വ്യാജ പ്രൊഫൈലില്‍ വിശ്വസിച്ച് ആ വ്യക്തിയോടൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ വകവരുത്താന്‍ ശ്രമിച്ച മാതാവിന്റെ വാര്‍ത്ത ഇതിനിടെ മാധ്യമങ്ങളില്‍ സ്ഥലം പിടിച്ചതാണ്. നൈമിഷിക സുഖം തേടി സ്വന്തം കുടുംബത്തില്‍ നിന്ന് പുറത്തുചാടുന്നവര്‍ വിനാശത്തിന്റെ പടുകുഴിലായിരിക്കും അകപ്പെടുന്നത്. ഇങ്ങനെ ചതിക്കപ്പെട്ട പല സഹോദരിമാരും ആര്‍ക്കും വേണ്ടാത്തവരായി തെരുവുകളിലും അഭയ കേന്ദ്രങ്ങളിലും ജീവിതം തള്ളിനീക്കേണ്ടി വരുന്നു അവസാനം.സ്വകാര്യമായി ഉപയോഗിക്കുന്ന ഒരു വസ്തുവല്ല ഇന്ന് മദ്യവും ലഹരിയും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ലഹരിക്കടിപ്പെട്ടു കഴിഞ്ഞു. വിവാഹ വേദികളിലും ഉന്നതരുടെ യോഗങ്ങളിലും കോണ്‍ഫറന്‍സുകളിലും മാധ്യമ പ്രവര്‍ത്തകരുടെ കുടുംബ സംഗമങ്ങളിലുമെല്ലാം കുപ്പിപൊട്ടിക്കല്‍ അനിവാര്യ ഘടകം. വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും ഏത് വിദ്യാലയ സമീപവും ലഹരിവസ്തുക്കള്‍ ലഭ്യമാണ്. മാത്രമല്ല, മദ്യവില്‍പ്പനക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പാലിക്കേണ്ട ദൂരപരിധി കുറക്കാനുള്ള ആലോചനയിലുമാണ് സര്‍ക്കാര്‍. ഒരു തലമുറ അപ്പാടെ നശിച്ചാലും വേണ്ടില്ല,മദ്യവില്‍പ്പന വഴി ലഭിക്കുന്ന വരുമാനം ഏത് വിധേനയും വര്‍ധിപ്പിക്കണമെന്ന് ചിന്തിക്കുന്ന ഭരണകൂടമാണ് സംസ്ഥാനം ഭരിക്കുന്നത്. ലഹരിയുടെ ഉപയോഗം തലച്ചോറിനെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുകയും വിവേചനബുദ്ധി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വ്യക്തികളെ ഇത് അക്രമാസക്തരാക്കുകയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇന്ന് നടക്കുന്ന ഏത് കുറ്റകൃത്യങ്ങളിലെയും പ്രതികള്‍ സംഭവ സമയത്ത് ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥരുടെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.വളരുന്ന സാഹചര്യവും കൂടിയാണ് വ്യക്തികളെ സംസ്‌കാരഹീനരും ദുഷ്ടരും അക്രമികളുമാക്കുന്നത്. തൊണ്ണൂറ് ശതമാനം കുറ്റവാളികളിലും കുറ്റവാസനക്ക് ഇടവരുത്തുന്നത് അവരുടെ കുടുംബ സാഹചര്യങ്ങളാണെന്നാണ്, കുട്ടികളിലെ കുറ്റവാസനകളെക്കുറിച്ച് നിരീക്ഷിച്ച അമേരിക്കന്‍ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിലെ ആദ്യ ഡയറക്ടര്‍ ജെ ഹ്യൂവറിന്റെ നിരീക്ഷണം. മില്ലേനിയന്‍സ്, പോസ്റ്റ് മില്ലേനിയന്‍സ് എന്നിങ്ങനെ 1980നു ശേഷമുള്ള കുട്ടികളെ രണ്ടായി തരം തിരിക്കപ്പെടുന്നുണ്ട് ജനസംഖ്യാ ശാസ്ത്രത്തില്‍. 1980 മുതല്‍ 1997 വരെയുള്ള കാലത്ത് ജനിച്ച കുട്ടികളാണ് മില്ലേനിയന്‍സ്. പിന്നീട് ജനിച്ച കുട്ടികള്‍ പോസ്റ്റ് മില്ലേനിയന്‍സും. മില്ലേനിയന്‍സ് കുട്ടികളില്‍ അവരുടെ വ്യക്തിത്വം, അച്ചടക്കം, സ്വഭാവരൂപവത്കരണം തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും പോസ്റ്റ് മില്ലേനിയന്‍ ഘട്ടത്തില്‍ ഈ കാര്യങ്ങളേക്കാളേറെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും സാമ്പത്തിക ഭദ്രതയിലുമാണ് രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നതെന്നും സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. കുട്ടികളില്‍ ജീവിത മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ പ്രാധാന്യം കുറഞ്ഞുവന്നു. ജീവിതത്തില്‍ വിജയിക്കാന്‍ അവസരമൊരുക്കുക എന്നതിലുപരി നന്മയുള്ള വ്യക്തിയായിത്തീരുന്നതിലാണ് രക്ഷാകര്‍ത്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. രക്ഷിതാക്കളുടെ ചിന്താഗതിയില്‍ വന്ന മാറ്റമാണ് പുതിയ തലമുറയില്‍ അക്രമവാസനയും വേണ്ടാതീനങ്ങളും വര്‍ധിക്കാന്‍ കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു. സിനിമകള്‍ക്കും സീരിയലുകള്‍ക്കുമെല്ലാമുണ്ട് കുട്ടികളുടെ ധാര്‍മികച്യുതിയില്‍ വലിയ പങ്ക്. അഫ്്‌നാന്‍ കേരളത്തിനു മുന്നിലെ ആദ്യത്തെ അപകടസൂചനയല്ല. അവസാനത്തേതാകട്ടേയെന്ന് നമുക്ക് ആത്മാര്‍ഥമായി ആഗ്രഹിക്കാം.