അനന്തരസ്വത്തിൽ മുസ്ലിം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ലഭിക്കുന്നതിനായി മുസ്‍ലിം വ്യക്തി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ വിപി സുഹറ ദ ക്യുനോട് സംസാരിക്കുന്നു. എനിക്കല്ല, ഞങ്ങൾ പെണ്ണുങ്ങൾക്ക് വേണ്ടിയാണ്എന്നെ വിമർശിക്കുന്ന പലരും ഞാൻ ഉന്നയിക്കുന്ന ആവശ്യം എന്താണെന്ന് കേൾക്കാൻ പോലും തയ്യാറാകുന്നവരല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശം മതത്തിന്റെ പേരിൽ നിഷേധിക്കപ്പെടുന്നു എന്ന ഗൗരവമുള്ള ഒരു വിഷയമാണ് ഞാൻ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ 45 വർഷമായി ഞാൻ ഈ കാര്യം ഉന്നയിക്കുന്നുണ്ട്. മാതാപിതാക്കൾ മരിച്ചാൽ സ്വത്തിൽ നിന്ന് ആൺകുട്ടിക്ക് ലഭിക്കുന്നതിന്റെ പകുതി മാത്രമാണ് പെൺകുട്ടിക്ക് ലഭിക്കുന്നത്. പുരുഷന്റെ തുല്യ അവകാശം സ്ത്രീക്കും ലഭിക്കണം എന്നതാണ് ആവശ്യം. മക്കൾ മൈനർ ആയിരിക്കെ ഭർത്താവ് മരിച്ചാൽ അയാളുടെ സഹോദരനിലേക്ക് ആണ് സ്വത്തുക്കൾ പോകുന്നത്. ഭാര്യക്ക് എട്ടിൽ ഒന്ന് എന്ന നിലക്ക് മാത്രമാണ് അവകാശങ്ങൾ ഉള്ളത്. അപ്പോൾ കുഞ്ഞിനെ നോക്കിവളർത്തുന്ന ഭാര്യക്ക് ഇക്കാര്യത്തിൽ ഒരു അർഹതയും ഇല്ലേ? ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. എന്റെ ഭർത്താവ് മരിച്ച ശേഷം എന്റെ മക്കളെ പഠിപ്പിക്കാൻ പണം കിട്ടാതെ പ്രയാസപ്പെട്ട സന്ദർഭങ്ങൾ എനിക്ക് മറക്കാനാകില്ല. ഭർത്താവിന്റെ സ്വത്ത് ഉണ്ടായിട്ടും അത് എനിക്കോ മക്കൾക്കോ ഉപയോഗിക്കാൻ കഴിയാതെ വരുന്ന ആ സ്ഥിതിയാണ് ഇവിടുത്തെ പ്രശ്‌നം. പുരുഷകേന്ദ്രീകൃതമായ മുസ്ലിം വ്യക്തിനിയമത്തിൽ മാറ്റം കൊണ്ട് വരാതെ ഇതിന് പരിഹാരമാകില്ല. വിപി സുഹറസ്ത്രീകളുടെ ദുരിതം മനസ്സിലാക്കൂനാല് പതിറ്റാണ്ടിലേറെയായി ഈ ആവശ്യങ്ങൾ പൊതുസമൂഹത്തിന് മുമ്പിൽ ഉന്നയിക്കുന്ന ആളെന്ന നിലക്ക് എന്നെ പല സ്ത്രീകളും അവരുടെ പ്രയാസങ്ങൾ പറയാൻ ബന്ധപ്പെടാറുണ്ട്. ഭർത്താവ് ഹൃദയസംബന്ധമായ രോഗം മൂലം പെട്ടെന്ന് മരിച്ച, യുവതിയാണ് എന്നെ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടത്. അവരുടെ കുഞ്ഞിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പണമില്ലെന്നും ഭർത്താവിന്റെ സ്വത്തുവകകൾ നൽകാതെ കുടുംബം പിടിച്ച് വെച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ മാറ്റം വരാതെ നമുക്ക് എന്ത് ചെയ്യാനാകും? കുഞ്ഞിനെ വളർത്തേണ്ട മാതാവിന് അല്ലെ യഥാർത്ഥത്തിൽ സ്വത്തുക്കൾ വേണ്ടത്? ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞാണ് ഇതേ സാഹചര്യത്തിലുള്ള മറ്റൊരു യുവതി വിളിച്ചത്. സുഖ സൗകര്യങ്ങളോടെ കഴിഞ്ഞിരുന്ന ഒരു യുവതി ഭർത്താവിന്റെ മരണത്തോടെ പെരുവഴിയിലായ സാഹചര്യം കൂടെ അടുത്ത് കണ്ടു. ഒട്ടേറെ സ്ത്രീകൾ വിളിച്ച് എനിക്ക് പിന്തുണ നൽകുന്നുണ്ട്. ഓരോ കുടുംബത്തിലും ഒന്നിലേറെ സ്ത്രീകൾ ഇതേ ദുരിതം അനുഭവിക്കുന്നുണ്ട്.കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി വി.പി സുഹ്റ കൂടിക്കാഴ്ച നടത്തുന്നുകേന്ദ്ര സർക്കാരിൽ പ്രതീക്ഷയുണ്ട് കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ ഈ ആവശ്യം ഉന്നയിച്ച് നിവേദനവും ഡ്രാഫ്റ്റ് ബില്ലും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പ് മേധാവികൾക്ക് കൈമാറുന്നുണ്ട്. സംസ്ഥാന സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര സർക്കാരാണ് നിയമ നിർമ്മാണം നടത്തേണ്ടതെന്നുമാണ് 2023 - ൽ സംസ്ഥാന സർക്കാർ എനിക്ക് മറുപടി നൽകിയത്. ഇതോടെയാണ് ഞാൻ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചത്. അവിടെ നിന്നും അനുകൂലമായ ഇടപെടൽ ഉണ്ടാകാത്ത ഘട്ടത്തിലാണ് ഡൽഹി ജന്ദർമന്ദറിൽ നിരാഹാരം ഇരിക്കാൻ തീരുമാനിച്ചത്. ഒരിറ്റ് വെള്ളം പോലും കുടിക്കാതെ ഈ വിഷയത്തിന് പരിഹാരം കാണും വരെ നിരാഹാരമിരിക്കാനാണ് തീരുമാനിച്ചത്. നിയമപ്രശ്‌നം മൂലമാണ് നിരാഹാരം അവസാനിപ്പിച്ചത്. ആ ഘട്ടത്തിൽ തന്നെ കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി ഫോണിൽ വിളിക്കുകയും വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. സുരേഷ്‌ഗോപിയുടെ സാന്നിധ്യത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച്ച നടത്തിയത്. മുസ്‍ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ മുസ്‍ലിംകളെ കൂടി ഉൾപ്പെടുത്തുക എന്നീ രണ്ട് ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം മന്ത്രിക്ക് കൈമാറി. എല്ലാം വായിച്ച ശേഷം ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതിന്റെ പേരിൽ ആരും എന്നെ ബിജെപിയുമായി കൂട്ടിക്കെട്ടേണ്ടതില്ല. രാജ്യം ഭരിക്കുന്നവർ അവരുടെ പാർട്ടി ആണെന്നതിനാൽ നമുക്ക് അവരെ മാറ്റിനിർത്തിയിട്ട് കാര്യമുണ്ടോ? ഇവിടെ രാഷ്ട്രീയമല്ല വിഷയം. എനിക്ക് വ്യക്തിപരമായി ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ല. പിന്തുടർച്ചാവകാശത്തിലെ തുല്യത ഉറപ്പാക്കുക എന്ന ആവശ്യവുമായി വിപി സുഹറ ന്യൂഡൽഹി ജന്തർ മന്തറിൽ നടത്തിയ നിരാഹാര സമരത്തിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നു എൽഡിഎഫ് പിന്തുണച്ചു, യുഡിഎഫിൽ പ്രതീക്ഷയില്ല എൽഡിഎഫിന്റെ വിവിധ നേതാക്കൾ എന്നെ വിളിച്ച് പിന്തുണ അറിയിച്ചു. ആനി രാജ നേരിട്ടെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു, ബ്രിന്ദ കാരാട്ടിന്റെ പ്രതിനിധികൾ എത്തി വിവരങ്ങൾ ശേഖരിക്കുകയും തൊട്ടടുത്ത ദിവസം നേരിൽ കാണാനുള്ള അവസരം ഒരുക്കാമെന്നും പറഞ്ഞിട്ടുണ്ട്. കോൺഗ്രസുകാരിൽ നിന്ന് ഇക്കാര്യത്തിൽ പിന്തുണ പ്രതീക്ഷിക്കുന്നില്ല. നാളിതുവരെ ഒരാൾപോലും ഈ വിഷയത്തിൽ പിന്തുണച്ചിട്ടില്ല. മുസ്ലിം ലീഗിന്റെ കാര്യം നമ്മൾ ഷാബാനു കേസിൽ കണ്ടതാണ്. അതിൽ കൂടുതൽ മുസ്ലിം ലീഗ് എന്ത് ചെയ്യാനാണ്? വിപി സുഹറയുടെ പുസ്തകംമതം സ്ത്രീകൾക്കൊപ്പം, മത നേതാക്കൾ ആർക്കൊപ്പം? ഇസ്ലാം സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മതം ആ രീതിയിലുള്ള ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്. എന്നാൽ മത നേതാക്കളും പുരോഹിതന്മാരുമാണ് ഇതിനെ വക്രീകരിച്ച് കാണിക്കുന്നത്. അവരുടെ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും അടിസ്ഥാനത്തിലാണ് അവർ മതത്തെ അവതരിപ്പിക്കുന്നത്. മതത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന രൂപത്തിലേക്ക് ഇതിനെ എത്തിച്ചത് ഇവിടുത്തെ മതപുരോഹിതന്മാരാണ്. പിന്നെ ഞങ്ങൾ കുറച്ച് ആളുകൾ ഇപ്പൊ വന്ന് എതിർക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല. ഇസ്ലാമിക് ഫെമിനിസം എന്നത് നൂറ്റാണ്ടുകൾക്ക് മുമ്പുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ എത്തുന്നതിന് മുമ്പേ ഫെമിനിസം ഇസ്ലാമിക രാജ്യങ്ങളിൽ എത്തിയിട്ടുണ്ട് എന്ന് ചരിത്രങ്ങളിലുണ്ട്. ഹാജറ ബീവിയുടെ ചരിത്രവും നമുക്ക് മുമ്പിലുണ്ട്. പോരാട്ടത്തിൽ നിന്ന് പിന്മാറില്ല ഒരു നിരാഹാര സമരം പോലീസിന്റെ നിർദേശപ്രകാരം അവസാനിപ്പിക്കേണ്ടി വന്നു എന്നതിനാൽ ഈ ആവശ്യത്തിൽ നിന്ന് പിന്മാറും എന്ന് ആരും കരുതേണ്ടതില്ല. ഞാനും ഞങ്ങളുടെ 'നിസ' എന്ന സംഘടനയും ഇത്തരം ആവശ്യങ്ങളുമായി എന്നും പൊതുരംഗത്തുണ്ടാകും. മരിക്കുന്നതിന് മുമ്പ് മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പാൻ എന്നാലാകുന്നത് ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ അംഗീകരിക്കാതെ അന്നത്തെ അറേബ്യൻ ശൈലിയിൽ തന്നെ കാര്യങ്ങൾ നടക്കണമെന്ന വാശി എന്തിനാണ്?