റോഡ് തടസ്സപ്പെടുത്തി സമരം; സി പി എം നേതാക്കള്‍ക്കെതിരെ കോഴിക്കോട്ടും കേസ്

Wait 5 sec.

കോഴിക്കോട് | റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കെതിരെ കോഴിക്കോട്ടും കേസ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ നടത്തിയ ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്. പി നിഖില്‍, കെ കെ ദിനേശന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.എന്നാല്‍, സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവന്‍, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. ഗതാഗതം തടസപ്പെടുത്തി സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയെന്നും എഫ് ഐ ആറില്‍ ഉണ്ട്.കണ്ണൂര്‍ നഗരത്തിലും റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയതിന് സി പി എം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കാര്‍ഗില്‍ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയാണ് കേസ്. ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കെ വി സുമേഷ് എം എല്‍ എ ഉള്‍പ്പെടെയുള്ള നേതാക്കളും കേസില്‍ പ്രതിയാണ്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന 5,000ത്തോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.