മാര്‍ക്കറ്റിംഗ് കോളുകള്‍: ദുബൈയില്‍ 159 കമ്പനികള്‍ക്ക് പിഴ, 174 കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Wait 5 sec.

ദുബൈ | യു എ ഇ അടുത്തിടെ അവതരിപ്പിച്ച ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രണങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. ദുബൈ കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡ് 159 കമ്പനികള്‍ക്ക് 50,000 ദിര്‍ഹം വീതം പിഴ ചുമത്തുകയും 174 കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.അനാവശ്യമായ വില്‍പ്പന കോളുകള്‍ കുറയ്ക്കുന്നതിനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കാബിനറ്റ് തീരുമാനപ്രകാരമാണ് കര്‍ശനമായ ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2024 ആഗസ്റ്റില്‍ പ്രാബല്യത്തില്‍ വന്ന നിയമം കര്‍ശനമായ വ്യവസ്ഥകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം ടെലികോം അതോറിറ്റിയുടെ ‘ഡു നോട്ട് കാള്‍ രജിസ്ട്രി’യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കളെ ബന്ധപ്പെടാന്‍ പാടില്ല. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ കോളുകള്‍ വിളിക്കാവൂ. കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ അത് റെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ ഉപഭോക്താവിനെ അറിയിക്കണം തുടങ്ങിയവയും നിയമത്തിലുണ്ട്.ഉപഭോക്താവിന്റെ സ്വകാര്യ ഡാറ്റ അവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്തുന്നതോ വീണ്ടും പ്രോസസ്സ് ചെയ്യുന്നതിനായി അത് ട്രേഡ് ചെയ്യുന്നതോ നിയമം വിലക്കിയിട്ടുണ്ട്. ടെലിമാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടാത്ത കമ്പനിക്ക് ആദ്യത്തില്‍ 75,000 ദിര്‍ഹം പിഴ ചുമത്താം. രണ്ടാമത്തെ കുറ്റകൃത്യത്തിന് 1,00,000 ദിര്‍ഹവും വീണ്ടും ആവര്‍ത്തിച്ചാല്‍ 1,50,000 ദിര്‍ഹവും പിഴ ഈടാക്കും. ഫ്രീ സോണുകളിലുള്ളവ ഉള്‍പ്പെടെ, യു എ ഇയിലെ എല്ലാ ലൈസന്‍സുള്ള കമ്പനികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.