വിദ്യാർത്ഥികൾക്ക് ചിന്തകളുടേയും പ്രതീക്ഷകളുടേയും പുതിയ ലോകമാണ് നാഷണൽ സർവീസ് സ്‌കീം നൽകുന്നത്: മന്ത്രി വി. ശിവൻകുട്ടി

Wait 5 sec.

തന്റേതായ ചുരുങ്ങിയ ലോകത്തിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ചിന്തകളുടേയും പ്രതീക്ഷകളുടേയും പുതിയ വിശാലമായ ലോകമാണ് എൻ.എസ്.എസ് പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീം ഡയറക്ടറേറ്റ് തല അവാർഡ് ദാന ചടങ്ങായ നിസ്തുലം ജഗതി ഡി.പി.ഐ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരള മിഷൻ, വിദ്യാകിരണം യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാർഥി വിദ്യാലയ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച, ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റുകളെ ചടങ്ങിൽ അനുമോദിച്ചു.നമ്മുടെ ക്യാമ്പസുകളിൽ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റുകളുടെ പ്രാധാന്യം അനുദിനം ഏറി വരുകയാണ്. താൻ അംഗമായിരിക്കുന്ന സമൂഹത്തിലെ പ്രശ്‌നങ്ങൾ അടുത്തറിയുവാനും സഹപാഠികളോടൊപ്പം അതിൽ ഇടപെടാനും പഠന കാലയളവിൽ വിദ്യാർഥിക്കു കിട്ടുന്ന മികച്ച അവസരമാണ് നാഷണൽ സർവ്വീസ് സ്‌കീം. പ്രത്യേകിച്ചും വൊക്കേഷണൽ വിദ്യാർഥികൾക്ക് ക്ലാസ്സ് റൂമിൽ നേടുന്ന നൈപുണികൾ സമൂഹത്തിന്റെ നൻമയ്ക്കു വേണ്ടി ഉപയോഗിക്കുവാൻ എൻ.എസ്.എസ് അവസരം നൽകി വരുന്നു. പഠന പ്രവർത്തനങ്ങൾക്കൊപ്പം എൻ.എസ്.എസ് പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് തന്റെ വിദ്യാർഥികൾക്ക് സമൂഹത്തിലിറങ്ങി പ്രവർത്തിക്കുവാൻ അവസരമൊരുക്കുന്ന അധ്യാപകരായ പ്രോഗ്രാം ഓഫീസർമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്.വയനാട് മുണ്ടക്കൈ, ചൂരൽ മലയിൽ ഉണ്ടായ പ്രക്യതി ദുരന്ത പശ്ചാത്തലത്തിൽ, വിവിധ തനത് പ്രവർത്തനങ്ങളിലൂടെ ഏകദേശം അരക്കോടി രൂപയോളം രൂപ വിദ്യാർഥികൾ സമാഹരിച്ചത് അഭിനന്ദനാർഹമാണ്. കഴിഞ്ഞ വർഷങ്ങളിലും പ്രത്യേകിച്ച് പ്രളയ കാലഘട്ടത്തിലും കോവിഡ് കാലയളവിലും സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകൾ, സാഹചര്യം ആവശ്യപ്പെട്ടിരുന്ന, വൈവിദ്ധ്യമാർന്ന ജനോപകാര പ്രദമാർന്ന പ്രവർത്തനങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്. മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും നാൾ വഴികളിലൂടെ, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ നയിച്ചു കൊണ്ടിരിക്കുന്ന സർക്കാർ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി മികച്ച ക്യാമ്പസ് ടു കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് അവാർഡിനർഹരായ സ്‌കൂൾ യൂണിറ്റുകളേയും, അധ്യാപകരേയും, വിദ്യാർത്ഥികളേയും പ്രത്യേകം അഭിനന്ദിക്കുന്നു.ആസന്നമായിരിക്കുന്ന എൻ.എസ്.എസ് ഓറിയെന്റേഷൻ ക്യാമ്പുകളിൽ നിങ്ങൾ ഒരുപാട് ക്ഷേമ, ബോധന പ്രചരണ പ്രവർത്തനങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങുകയാണെന്ന് മനസ്സിലാക്കുന്നു. സർക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിലെ നിങ്ങളുടെ പങ്കാളിത്തം ക്യാമ്പുകളിലും പ്രവർത്തനങ്ങളിലും തുടരണമെന്നാണ് പറയാനുള്ളത്. അവാർഡുകൾ ഏറ്റു വാങ്ങുന്ന എൻ.എസ്.എസ് സ്‌കൂൾ യൂണിറ്റുകൾക്കും, ചടങ്ങിൽ നേരിട്ടും, ഓൺലൈനായും പങ്കെടുത്ത് കൊണ്ടിരിക്കുന്ന മറ്റ് സ്‌കൂൾ യൂണിറ്റുകൾക്കും ഭാവിയിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഈ ചടങ്ങ് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.മികച്ച സ്‌കൂൾ യൂണിറ്റുകൾക്കുള്ള അവാർഡ് എറണാകുളം, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വി എച്ച് എസും പത്തനംതിട്ട വടശ്ശേരിക്കര റ്റി.റ്റി.റ്റി.എം വി.എച്ച് എസും ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള അവാർഡ് കോലഞ്ചേരി സെന്റ പീറ്റേഴ്സ് വി എച്ച് എസ് അധ്യാപകൻ ഡോ. അനു തോമസും, വടശ്ശേരിക്കര റ്റി റ്റി റ്റി എം വി എച്ച് എസ് അധ്യാപിക ഷൈനി ജോസഫിനും മന്ത്രി സമ്മാനിച്ചു. പ്രത്യേക പുരസ്‌കാരങ്ങളും ജില്ലാതല അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ., അഡീഷണൽ ഡയറക്ടർമാരായ ഷിബു ആർ.എസ്., സി.എ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. രഞ്ജിത്ത് പി. സ്വാഗതവും പ്രോജക്ട് ഓഫീസർ ഡോ. സന്തോഷ് വി.എസ്. നന്ദിയും അറിയിച്ചു.