തിരുവനന്തപുരം | വെഞ്ഞാറമൂട് ക്രൂരകൊലപാതക പരമ്പര നടത്തിയ പ്രതി അഫാൻ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ്. ഏത് തരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് വ്യക്തമാകണമെങ്കിൽ ശാസ്ത്രീയപരിശോധന ഫലം പുറത്തുവരണമെന്ന് ഡി വൈ എസ് പി അരുൺ വ്യക്തമാക്കി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.എന്തിനാണ് അഫാൻ കൊലപാതകങ്ങൾ നടത്തിയത് എന്നകാര്യം ഇതുവരെയും വ്യക്തമായിട്ടില്ല.സാമ്പത്തിക ബാദ്ധ്യതയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. കൃത്യം നടത്തിയതിന് ശേഷം അഫാൻ എലി വിഷം കഴിച്ചെന്ന് അറിയിച്ചിരുന്നു. പ്രതി ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര. ഉറ്റവരും ഉടയവരുമായ 5 പേരെ വെട്ടിയും ചുറ്റികയ്ക്ക് അടിച്ചുമാണ് 23 വയസുകാരൻ അഫാൻ അരുകൊലകൾ നടത്തിയത്.കൊല്ലപ്പെട്ട ലത്തീഫിനെയും ഭാര്യയെയും അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. നെഞ്ചിന് മുകളിൽ ആണ് മർദ്ദിച്ചിരിക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ചുറ്റിക ഉപയോഗിച്ചാണ് പ്രതി ഇരുവരേയും കൊലപ്പെടുത്തിയതെന്നും ലത്തീഫിന്റെ വീട്ടിൽ ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം ഡിവൈ എസ് പി പറഞ്ഞു.അതേസമയം പ്രതി അഫാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പരിശോധിക്കുക.