ഏത് മൂഡ്, ചേസിംഗ് മൂഡ്; ചേസ മാസ്റ്റര്‍ വിരാട് കോഹ്ലി ഇസ് ബാക്ക്

Wait 5 sec.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ പാക് മത്സരം കാണാന്‍ ഇന്നലെയെത്തിയവര്‍ക്ക് ചങ്കിടിപ്പ് ഉണ്ടായത് ആര് ജയിക്കും എന്നതിലായിരുന്നില്ല. 242 റണ്‍സ് എന്ന താരതമ്യേ ചെറിയ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പാക് ബൗളിങ്ങിന് കരുത്തില്ലെന്ന് ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ആദ്യം മുതലേ തെളിയിച്ചിരുന്നു. എന്നിരുന്നാലും ജയം ഉറപ്പിച്ചെങ്കിലും അവസാനമായപ്പോഴേക്കും ആരാധകരുടെ നെഞ്ചിടിപ്പ് കൂടിത്തുടങ്ങി. അതിന് കാരണം വിരാട് കോഹ്ലിയുടെ ഫോം തന്നെയായിരുന്നു. ഒരുപാട് തവണ അയാള്‍ പിന്നിട്ടിട്ടുള്ള 100 എന്ന മാന്ത്രിക നമ്പര്‍ അയാള്‍ പിന്നിടുമോ എന്നറിയാനുള്ള ആകാംക്ഷ. ഹര്‍ദിക് പാണ്ഡേ ക്രീസിലെത്തി ഒരു ബൗണ്ടറി നേടിയപ്പോള്‍ ആരും സന്തോഷിച്ചിട്ടുണ്ടാവില്ല. ജയം അടുപ്പിക്കുമ്പോഴും വിരാടില്‍ നിന്ന് സെഞ്ചുറി നഷ്ടപ്പെടില്ലേ എന്ന് പറഞ്ഞ് അയാളെ ഉള്ളുകൊണ്ട് ശപിച്ചിട്ടുണ്ടാവാം. ഹര്‍ദിക് ഔട്ടായപ്പോഴായിരിക്കും പലരും ഒന്ന് ശ്വാസം വിട്ടിരിക്കുക. തുടര്‍ന്ന് അക്‌സര്‍ പട്ടേല്‍ സെഞ്ചുറിക്കുള്ള അവസരം കോഹ്ലിക്ക് ഒരുക്കിക്കൊടുക്കുമ്പോള്‍ ലോകമെമ്പാടും പ്രാര്‍ഥിച്ചു തുടങ്ങി. ഒടുവില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ, ഖുഷ്ദില്‍ ഷായുടെ പന്ത് മിഡോഫിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച് അയാള്‍ 96ല്‍ നിന്ന് വീണ്ടുമൊരിക്കല്‍ കൂടി 100 എന്ന മൂന്നക്കത്തിലേക്കെത്തി. ലോകത്തിന് വേണ്ടി സുനില്‍ ഗവാസ്‌കര്‍ കമന്ററിയില്‍ അപ്പോള്‍ അത് വിളിച്ചു പറഞ്ഞു. കിങ്ങ് ഈസ് ബാക്ക്.വിരാട് കോഹ്ലി ഫോമിലല്ല എന്നത് ഇന്നലെ വരെ ഇന്ത്യന്‍ ആരാധകരെ അലട്ടിയിരുന്ന കാര്യമാണ്. ന്യൂസിലാന്റിനെതിരായ ടെസ്റ്റ് സീരീസില്‍, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍, ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അത്ര സുഖകരമായിരുന്നില്ല കോഹ്ലിയുടെ പെര്‍ഫോര്‍മന്‍സ്. തനിക്കൊപ്പം ചീത്തപ്പേര് കേട്ടിരുന്ന രോഹിത് ഇംഗ്ലണ്ടിനെതിരെ തന്റെ തനത് ശൈലിയില്‍ സെഞ്ചുറി കൂടെ നേടിയതോടെ എല്ലാ കണ്ണുകളും കോഹ്ലിയിലേക്ക് തിരിഞ്ഞിരുന്നു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ അയാളാണെന്നിരിക്കെ, അയാളുള്ള ടീം എതിര്‍ ടീമുകള്‍ക്കുണ്ടാക്കുന്ന മെന്റല്‍ പ്രഷര്‍ വളരെയധികമാണെന്നിരിക്കെ കോഹ്ലി ഫോമിലേക്കെത്തേണ്ട ആവശ്യം അധികമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ മികച്ച രീതിയിലായിരുന്നു തുടങ്ങിയതെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു അയാള്‍ പുറത്തായത്. എന്നാല്‍ പാകിസ്താനെതിരെ കരുതിക്കളിച്ചുകൊണ്ട്, മധ്യനിരയിലെ വിശ്വസ്തനായിരുന്നുകൊണ്ട്, ഒരറ്റത്ത് നങ്കൂരമിട്ടുറപ്പിച്ചു നിന്നുകൊണ്ട് അയാള്‍ വീണ്ടുമൊരിക്കല്‍ കൂടി തന്റെ പേരിലെ റെക്കോര്‍ഡ് പട്ടിക പുതുക്കി.287 ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്ന് അന്‍പത്തിയൊന്ന് ഏകദിന സെഞ്ചുറികള്‍, രണ്ടാം സ്ഥാനത്തുള്ള സച്ചിന്‍ 452 ഇന്നിംഗ്‌സുകളില്‍ നിന്ന് നേടിയത് 49 സെഞ്ചുറിയാണ്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്കുളളത് 32 സെഞ്ചുറികള്‍ മാത്രമാണ്. 51-ാം സെഞ്ചുറിക്ക് പുറമേ ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന റെക്കോര്‍ഡും കോഹ്ലി ഇന്നലെ നേടി. ഒന്നാം സ്ഥാനത്തുള്ള സച്ചിനുമായി ദൂരം അകലെയാണെങ്കിലും രണ്ടാം സ്ഥാനത്തുള്ള കുമാര്‍ സംഗാക്കരയും കോഹ്ലിയും തമ്മില്‍ ഇനി 149 റണ്‍സിന്റെ ദൂരം മാത്രമേ ഉള്ളൂ. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ ആകെ റണ്‍സിന്റെ കണക്കെടുത്താലും റിക്കി പോണ്ടിങ്ങിനെ മറികടന്ന് സംഗാക്കരയ്ക്ക് പിന്നില്‍ മൂന്നാമനായും ഇന്നലെ കോഹ്ലി മാറി. 513 റണ്‍സിന്റെ ദൂരം മാത്രമാണ് സച്ചിന് പിന്നില്‍ രണ്ടാമാനാകാന്‍ ഇനി കോഹ്ലിക്ക് വേണ്ടത്. എല്ലാ റെക്കോര്‍ഡുകളും, എല്ലാ കണക്ക് പുസ്തകങ്ങളിലും ഇന്ന് ഏകദിന ക്രിക്കറ്റില്‍ പാഡണിയുന്ന ബാറ്ററില്‍ കിങ്ങ് വിരാട് കോഹ്ലി തന്നെയെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നു.എന്നാല്‍ എന്തുകൊണ്ടാണ് ഈ സെഞ്ചുറി ഇത്ര മധുരമുള്ളതാകുന്നത്. പാകിസ്താനെതിരെയുള്ള ജയം കൊണ്ടാണോ അല്ല. ഒരുപാട് കാത്തിരുന്നു ആരാധകര്‍ ഇതിന് വേണ്ടി എന്നതുകൊണ്ട് തന്നെയാണ്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് സെഞ്ചുറികളായിരുന്നു കോഹ്ലി നേടിയത്. ഫൈനലില്‍ അയാള്‍ക്ക് അടിപതറിയതുകൊണ്ടാണ് ലോകകപ്പ് നഷ്ടമായതെന്ന് കോടിക്കണക്കിന് ഇന്ത്യക്കാര്‍ എക്കാലവും ഉറപ്പിച്ച് പറയും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ട്വന്റി 20 ലോകകപ്പ് സീരീസില്‍ ഫോം കണ്ടെത്താന്‍ താരം ബുദ്ധിമുട്ടിയിരുന്നു. അയാളെ പുറത്തിരുത്തുമോ എന്ന് കാപ്റ്റന്‍ രോഹിത് ശര്‍മയോട് ചോദ്യങ്ങളുണ്ടായി. പണ്ടൊരിക്കല്‍ വിരാട് കാപ്റ്റനായിരുന്ന സമയത്ത് ട്വന്റി20 ടീമില്‍ നിന്ന് രോഹിതിനെ മാറ്റുമോ എന്ന് ചോദ്യമുണ്ടായിട്ടുണ്ട്. അന്ന് ചിരിച്ച് ട്വന്റി20യില്‍ നിന്ന് രോഹിത് ശര്‍മയെ മാറ്റണെന്ന് നിങ്ങള്‍ പറയുമോ എന്നായിരുന്നു വിരാട് തിരിച്ച് ചോദിച്ചത്. പോയ വര്‍ഷം രോഹിതിനോട് സമാന ചോദ്യമുണ്ടായപ്പോഴും പണ്ട് വിരാട് പറഞ്ഞ അതേ മറുപടി അയാളെ പിന്തുണച്ച് ആവര്‍ത്തിക്കുകയാണ് രോഹിത് ശര്‍മ ചെയ്തതും. ഫൈനല്‍ വരെ ഫോം കണ്ടെത്താതിരുന്ന കോഹ്ലി, ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററായി. ഇന്ത്യ രണ്ടാം ലോകകപ്പ് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ടീമിന് അത്ര സുഖകരമായ ക്രിക്കറ്റ് കാലമായിരുന്നില്ല.കേരള ക്രിക്കറ്റിന്റെ അനന്തന്‍; കെ.എന്‍. അനന്തപത്മനാഭന്‍ശ്രീലങ്കയ്‌ക്കെതിരെ തോറ്റ ഏകദിന സീരീസും, ന്യൂസിലാന്റിനെതിരെ നേരിട്ട ടെസ്റ്റ് പരമ്പരയിലെ തോല്‍വി, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തകര്‍ച്ച. എല്ലാം ടീമിനെ കാര്യമായി ബാധിച്ചിരുന്നു. ഓഫ് സൈഡിന് പുറത്ത് വരുന്ന പന്ത് എഡ്ജ് ചെയ്ത് കോഹ്ലി സ്ഥിരമായി പുറത്താകുന്നു എന്നത് വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു. രോഹിതിന്റെയും കോഹ്ലിയുടെയും വിരമിക്കല്‍ പ്രായമെത്തിയെന്നും ഇനി പുറത്തിരിക്കണമെന്നും ചാമ്പ്യന്‍സ് ട്രോഫി അവരുടെ അവസാനത്തെ മത്സരമായിരിക്കുമെന്നും അഭ്യൂഹങ്ങളിപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്രയും സമ്മര്‍ദ്ദം കരിയറിന്റെ ഒരു ഘട്ടത്തിലും ചിലപ്പോള്‍ കോഹ്ലി നേരിട്ടിട്ടുണ്ടാവില്ല. ടീമിനകത്ത് നിന്ന് അയാള്‍ക്ക് ലഭിക്കുന്ന പിന്തുണ വലുതാണെങ്കിലും പുറത്ത് അയാള്‍ക്കെതിരെയുള്ള ട്രോളുകളും വിമര്‍ശനങ്ങളും പലപ്പോഴും അതിരുവിട്ടതുപോലുമാകാറുണ്ട്. ഇത്രയും സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെ, എല്ലാം മറന്നുകൊണ്ടെന്ന പോലെ, ലോകകപ്പിനേക്കാള്‍ ഇന്ത്യക്കാര്‍ക്ക് വിലയുള്ള പാകിസ്താനെതിരെയുള്ള മത്സരത്തില്‍ മിഡില്‍ ഓവറുകള്‍ സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ എല്ലാത്തിനെയും അതിജീവിച്ച് നേടിയ 100 റണ്‍സ്. അതാണ് അതിനെ കൂടുതല്‍ മധുരമുള്ളതാക്കുന്നത്.കോഹ്ലിയുടെ കരിയറിലെ സെഞ്ചുറികളില്‍ ഏകദിനത്തിലെ 28 സെഞ്ചുറികള്‍ ടാര്‍ഗറ്റ് പിന്തുടരുമ്പോഴുള്ളതാണ്. അതില്‍ 24 എണ്ണത്തില്‍ ഇന്ത്യ ജയം കണ്ടിട്ടുമുണ്ട്. ഒരുപക്ഷേ ഇന്ത്യ കാത്തിരുന്നതും അതുപോലൊന്നിനായിരിക്കും. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ എല്ലാ സമ്മര്‍ദങ്ങളും അയാള്‍ അതിജിവിച്ച പോലെ, ഒരു മത്സരം. വിരാടിന്റെ പ്രകടനത്തില്‍ ഡ്രസിങ്ങ് റൂമിനകത്തുള്ള ഒരാള്‍ക്ക് പോലും സംശയമൊരിക്കലും ഉണ്ടായിരുന്നിട്ടില്ല എന്ന് ഇന്നലെ കാപ്റ്റന്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. കാപ്റ്റനും ഫോമിലാണ്. 2023 ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ്ങിന് നല്‍കിയ സ്‌ഫോടനാത്മകമായ തുടക്കം ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത് കാഴ്ചവെച്ചു. അതുകൊണ്ട് തന്നെ ഇനി ആരാധകര്‍ക്ക് നിരാശയില്ല, ഭയമില്ല. ഹിറ്റ്മാന്‍ ഹിറ്റ് ചെയ്യാനും, ചേസ് മാസ്റ്റര്‍ ചേസ് ചെയ്യാനും തയ്യാറായിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിന് ശേഷമുള്ള ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷ വീണ്ടും ആരാധകരില്‍ ഉണരുകയും ചെയ്യുന്നു.