പത്തനംതിട്ട \ അര്‍ഹതപ്പെട്ട വിഹിതം തരാതെയും കടം തന്ന് 45 ദിവസത്തിനകം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വം അപമാനിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണത്തിനെരെയും സി പി എം നേതൃത്വത്തില്‍ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനാവൂര്‍ നാഗപ്പന്‍.സംസ്ഥാനത്തോട് കേന്ദ്രത്തിന്റേത് ക്രൂരമായ അവഗണനയാണ്. പൊരുതി നേടുകയോ ചെറുത്ത് നില്‍ക്കുകയോ ചെയ്യാതെ മറ്റ് മാര്‍ഗങ്ങളില്ല. മൂന്നര മണിക്കൂര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളമെന്ന വാക്കില്ല. 24,000 കോടി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. അഞ്ഞൂറിലധികം ആളുകള്‍ മരിച്ച വയനാട് ദുരന്തം കാണാന്‍ പ്രധാനമന്ത്രിയുമെത്തി. രണ്ടായിരം കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എല്ലാം തരുമെന്ന് അറിയിച്ചു. മാസങ്ങളോളം ഒന്നും തന്നില്ല. ചരിത്രത്തിലാദ്യമായി ഒരു ഹൈക്കോടതി സ്വമേധയാ കേന്ദ്രസഹായം ലഭ്യമാകാത്തതിന് കേസെടുക്കേണ്ടി വന്നു. ഒടുവില്‍ കോടതി തന്നെ പറഞ്ഞു കേരളം കാത്തിരിക്കേണ്ട, സ്വയം തയ്യാറെടുക്കാന്‍. ഫെബ്രുവരി 13ന് 500 കോടി കടമായി തന്നു. 45 ദിവസം കൊണ്ട് ചെലവഴിച്ച് കണക്ക് കാണിക്കണമെന്ന്.നാഗാലാന്‍ഡിനും ഒഡീഷയ്ക്കുമെല്ലാം വാരിക്കോരിയാണ് കൊടുത്തത്. കേരളത്തെ പാടെ അവഗണിച്ചു. ഏറ്റവും പ്രതിസന്ധി നേരിടുന്ന വന്യജീവി ആക്രമണം തടയാനും കേന്ദ്രസഹായമില്ല. 1971ലെ വനം വന്യജീവി നിയമം കാരണം പുലിയും പന്നിയും ടൗണിലിറങ്ങിയാലും തൊഴുത് അപേക്ഷിക്കാനേ പറ്റൂ. മയക്കുവെടിവയ്ക്കാന്‍ പോലുമാവില്ല. കേന്ദ്രനിയമം മനുഷ്യന് വേണ്ടിയാകണം. കേരളത്തിന് സഹായം തന്നില്ലെന്ന് മാത്രമല്ല, സാമ്പത്തിക ഉപരോധം സൃഷ്ടിക്കുക കൂടിയാണ്. ജിഎസ്ടി വരുമാന വിഹിതമായി ലഭിക്കേണ്ട 57,000 കോടിയാണ് കഴിഞ്ഞ തവണ കേന്ദ്രം കേരളത്തിന് നിഷേധിച്ചത്. ബിജെപിക്ക് എതിരാളിയാകാതെ വെള്ള പൂശുന്ന പാര്‍ടിയായി കോണ്‍ഗ്രസ് മാറിയെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സി പി എം സംസ്ഥാനകമ്മിറ്റിയംഗം കെ പി ഉദയഭാനു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാകമ്മിറ്റിയംഗം ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.