ഇത് വരെ കാണാത്ത ചാക്കോച്ചൻ, ത്രില്ലിംഗ് ഓഫിസർ

Wait 5 sec.

അത്യധികം ഗ്രിപ്പിങ് ആയ ആദ്യ പകുതിയുടെ മുറുക്കവും യഥാതഥത്വവും ഇടവേളയ്ക്കു ശേഷം അതേപടി നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽപ്പോലും ആത്യന്തികമായി നല്ലൊരു പൊലീസ്/ക്രൈം എൻ്റർടെയ്നറാണ് പൊലിസ് സ്റ്റോറി സ്പെഷ്യലിസ്റ്റായ ഷാഹി കബീറിന്റെ രചനയിൽ ജിത്തു അഷ്റഫ് ഒരുക്കിയ ‘ഓഫീസർ ഓൺ ഡ്യൂട്ടി’. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് കൊണ്ട് കൂടി ശ്രദ്ധേയമാണീ പടം.തൻ്റെ മുൻ പടങ്ങൾ പോലെ തന്നെ പൊലീസിങ്ങിൻ്റെ പശ്ചാത്തലം കൃത്യമായി സെറ്റ് ചെയ്തുള്ളതാണ് ഷാഹി കബീറിൻ്റെ തിരക്കഥ. മിടുക്കരായ പൊലീസുകാരുടെ അന്വേഷണ ത്വര, അപസർപ്പക വൈദഗ്ധ്യം, നിശ്ചയദാർഢ്യം, സമർപ്പണം തുടങ്ങി പൊലീസിലെ ശോഭമയമായ ഘടകങ്ങളും പാരുഷ്യം, അധികാരം, ഫ്രസ്ട്രേഷൻ, ദുർവൃത്തികൾ തുടങ്ങിയ അധോമുഖങ്ങളും വളരെ റിയലിസ്റ്റിക്കായി തൻ്റെ രചനകളിൽ സന്നിവേശിപ്പിക്കുന്നതിൽ താനെഴുതിയ എല്ലാ സിനിമകളിലും നിലനിർത്തിപ്പോന്നിട്ടുള്ള സ്ഥിരതയുടെ തിളക്കം അടിസ്ഥാനമാക്കി, പൊലീസ് ലൈഫ് എഴുതുന്നവരിൽ ഇന്ന് കേരളത്തിലെ ബെസ്റ്റ് എന്ന് ഷാഹി കബീറിനെ വിശേഷിപ്പിക്കാവുന്നതാണ്. സർക്കിൾ ആയി ഡിമോട്ട് ചെയ്യപ്പെട്ട ഡിവൈഎസ്പി ഹരി എന്ന ചാക്കോച്ചൻ്റെ കഥാപാത്രം മുതൽ അയാൾക്ക് കീഴിലെ സിവിലോഫീസർ വരെയുള്ളവരുടെ കഥാപാത്ര രൂപീകരണത്തിൽ ഇതേ കൺസിസ്റ്റൻസി ഷാഹി കബീർ, ഓഫീസർ ഓൺ ഡ്യൂട്ടിയിലും നിലനിർത്തുന്നുണ്ട്.സ്വയം മയക്കുമരുന്നിന് അടിമകളും മയക്കുമരുന്ന് വില്പനക്കാരുമായ ഒരു അർബൻ യൂത്ത് ഗ്യാങ്ങിനും ചാക്കോച്ചൻ്റെ പൊലീസ് ഓഫീസർക്കുമിടയിൽ നടക്കുന്ന ക്രൈമുകളും കുറ്റാന്വേഷണവും ഏറ്റുമുട്ടലുകളും പ്രതികാരവും പ്രവചനീയമായ കഥാന്ത്യവുമാണ് പടത്തിൻ്റെ കേന്ദ്ര പ്രമേയം. മറ്റ് നിലയ്ക്ക് യാതൊരു വിധത്തിലും പരസ്പരം പരിചയം പോലും ഉണ്ടാകാനിടയില്ലാത്ത വിവിധ കഥാപാത്രങ്ങളുമായി ഈ ക്രിമിനൽ ഗാങ് ബന്ധപ്പെടുന്നതിൻ്റെ ഉപകഥകൾ ഇതിനിടെ കടന്നുവരുന്നുണ്ട്. ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്കും പുതിയ പുതിയ ആളുകളിലേക്കും ക്രമാനുഗതമായി വികസിക്കുന്ന രീതിയിൽ കഥ സുന്ദരമായി മുന്നോട്ടു പോകുന്നു. ഒടുവിൽ എല്ലാ ഉപകഥകളും കേന്ദ്ര കഥയിൽ കൃത്യമായി ഒന്നു ചേരുന്നതിൻ്റെ പൂർണത രചനാപരമായി ഷാഹി കബീർ എന്ന തിരക്കഥാകൃത്തിൻ്റെ വളർച്ചയാണ് കാണിക്കുന്നത്.ഷാഹി കബീർആദ്യം സൂചിപ്പിച്ചത് പോലെ ടൈറ്റ് പാക്ക്ഡ് ആണ് പടത്തിൻ്റെ ആദ്യ പകുതി. സംവിധായകൻ എന്ന നിലയ്ക്ക് അത്ഭുതപ്പെടുത്തുന്ന, കൈയടിപ്പിക്കുന്ന അരങ്ങേറ്റമാണ് ജിത്തുവിൻ്റേത്. ഒരു പൊലീസുകാരൻ ആത്മഹത്യാ കുറിപ്പെഴുതുന്നിടത്താണ് പടം ആരംഭിക്കുന്നത്. ഓപ്പണിങ് സീക്വൻസ് അവസാനിക്കുന്നിടത്ത് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റിലേക്ക് ഫ്രെയിം വൈഡൻ ചെയ്യുന്നിടത്ത് ജിത്തു അഷ്റഫിലെ സംവിധായകൻ്റെ കൈയടക്കം പ്രകടമാണ്. (സമാനമാണ് ചാക്കോച്ചൻ്റെ ത്രില്ലിങ് ആയ ഇൻട്രോ സീൻ. അതേക്കുറിച്ച് വഴിയേ പറയാം). അവിടുന്നങ്ങോട്ട് ഇടവേള വരെ പടപടാന്ന് കുതിച്ചു പായുകയാണ് സിനിമ. അടുത്തൊന്നും ഒരു പൊലീസ് സ്റ്റോറി ഇത്ര ഗ്രിപ്പിങ് ആയി മലയാളത്തിൽ കണ്ടിട്ടില്ല. സിനിമയുടെ സർവ മേഖലയും അസാമാന്യമായ ഒത്തിണക്കത്തോടെയും പ്രഹരശേഷിയോടെയും പ്രകാശിതമാകന്നതോടെ പടത്തിൻ്റെ പ്രയാണവേഗം പ്രേക്ഷകനെ പൂർണമായും കീഴടക്കുകയാണ്. പഴയ ചില പ്രശ്നങ്ങൾക്ക് ശേഷം സർവീസിൽ തിരിച്ചെത്തി പുതുതായി ചാർജെടുത്ത ഹരി ചെന്ന് തൊടുന്ന ആദ്യ കേസിൽ നിന്ന് അയാളുടെയും അയാളുടെ കുടുംബത്തിൻ്റെയും മറ്റ് പലരുടെയും ഇരയാക്കപ്പെട്ട ജീവിതാംശങ്ങളുടെ ഭൂതകാലത്തിലേക്കും കേസന്വേഷണത്തിൻ്റെയും അതിൻ്റെ പ്രത്യാഘാതത്തിൻ്റെയും ഭാവികാലത്തിലേക്കും തിരക്കഥയുടെ ന്യൂക്ലിയസ്സിൽ നിന്ന് വിവിധ തന്തുക്കൾ വലിച്ചു കെട്ടിയിടുന്നുണ്ട്. തഴക്കം വന്ന ഒരു സംവിധായകൻ്റെ പ്രാപ്തി നിർബന്ധമായും ആവശ്യപ്പെടുന്ന ക്രാഫ്റ്റിലൂടെ മാത്രമേ ഇങ്ങനെയൊരു കഥ മനോരമ്യമായ ഒരനുഭവമാക്കി മാറ്റുവാൻ സാധിക്കുകയുള്ളൂ. അവിടെയാണ് ജിത്തു അഷറഫ് ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ തൻ്റെ വെള്ളിയാഴ്ച പിറന്നുകഴിഞ്ഞെന്ന് വെടിമുഴക്കം പോലെ പ്രഖ്യാപിക്കുന്നത്. രണ്ടാം പകുതിയിൽ വില്ലൻ ഗ്യാങ്ങിൻ്റെ വിശദാംശങ്ങൾ റെട്രോസ്പെക്ററീവ് സീക്വൻസുകളുടെ പടിപടിയായുള്ള എക്സ്റ്റെൻഷനിലൂടെ ഒന്നൊന്നായി അനാവരണം ചെയ്യുന്നിടത്തും സംവിധായകൻ്റെ ക്രാഫ്റ്റിലെ നിയന്ത്രണവും മികവും എടുത്ത് പറയണം. അതേസമയം, രണ്ടാം പകുതിയിൽ രചനയിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. വില്ലൻ്റെ താവളത്തിലേക്ക് നിരായുധനായും വലിയ സംഘബലമില്ലാതെയും കയറിച്ചെന്ന് വെട്ടും കുത്തും ഏറ്റുവാങ്ങുന്ന പൊലീസിങ് മുതൽ വില്ലനോ പ്രേതത്തിനോ എൻട്രി സുഗമമാക്കാൻ നടത്തുന്ന പാതിരാത്രിയിലെ ഫ്രിഡ്ജ് തുറക്കൽ പരിപാടി വരെയുള്ള ക്ലീഷേ സാധനങ്ങൾ ഇടയ്ക്ക് കയറിവരുമ്പോൾ ആദ്യ പകുതിയിലെ മുറുക്കം ചില ഘട്ടങ്ങളിൽ ചോർന്ന് പോകുന്നുണ്ട്. ക്ലൈമാക്സ് ഏരിയയിലും സമാനമായ പ്രശ്നങ്ങളുണ്ടെങ്കിലും അവതരണത്തിൻ്റെ ശക്തിയിൽ അത് മറി കടക്കുവാൻ ജിത്തുവിന് സാധിക്കുന്നു.ചാക്കോച്ചൻ അഭിനയമികവിൻ്റെ ഉയരങ്ങളിലേക്ക് കയറിപ്പോകുന്നതിൻ്റെ ആഹ്ലാദകരമായ കാഴ്ചകൂടിയാണ് ഓഫീസർ. ഒരു ബിൽഡപ്പുമില്ലാതെ പുതിയ സ്റ്റേഷനിലേക്ക് അയാൾ കയറി വരുന്നതിൻ്റെ ബാക് വ്യൂ ഇൻട്രോ തന്നെ ഞെരിപ്പനാണ്. അതേ സീനിൽ തന്നെ എത്ര മാത്രം ടഫ് ആണ്, കലിപ്പനാണ്, ബ്രില്യൻ്റാണ് ഹരി എന്ന് കൃത്യമായി പ്രേക്ഷകന് ബോധ്യപ്പെടും. ‘ഒരു രാജമല്ലി വിടരുന്ന പോലെ’ മലയാള സിനിമയിലേക്ക് കടന്നു വന്ന കുഞ്ചാക്കോ ബോബൻ എന്ന അന്നത്തെ തരുണസുന്ദരൻ കരിമ്പാറയുടെ കാഠിന്യത്തിലേക്കും നിസ്സഹായതയുടെ ദുർബലതയിലേക്കും ഭാവഹാവങ്ങളാൽ ആത്മായനം ചെയ്യുന്നേടത്തോളം രാജകീയമായി വളർന്നതിൻ്റെ കാലാനുക്രമവും കമനീയവുമായ ചലച്ചിത്രയാത്ര, ഇതാ, ‘ഓഫീസറി’ൽ എത്തിനില്ക്കുന്നു എന്ന് ഉറപ്പിച്ചു പറയാം. ഭൂതകാലത്തിൻ്റെ ട്രോമ വേട്ടയാടുന്ന മനസ്സും ശരീരവുമുള്ള മനുഷ്യൻ, ശക്തനായ പൊലീസോഫീസർ, വൈവാഹിക പ്രശ്നങ്ങളോട് പൊരുതുന്ന ഭർത്താവ്, സ്നേഹാന്ധനായ പിതാവ്, നല്ല സുഹൃത്ത് എന്നിങ്ങനെ പല ലെയറുകളുണ്ട് ഈ കഥാപാത്രത്തിന്. കഥയുടെ വിവിധ ഘട്ടങ്ങളിൽ ഇതിൽ ഓരോ മുഖംമൂടിയും മാറി മാറി എടുത്തുണിയേണ്ടി വരുന്നത്ര ചാലഞ്ചിങ് ആയ റോൾ അവിസ്മരണീയമാക്കുക മാത്രമല്ല ചാക്കോച്ചൻ തൻ്റെ ഉജ്വലമായ പ്രകടനത്തിലൂടെ ചെയ്തത്; സിനിമയെ അതിൻ്റെ വീഴ്ചയുടെ ഘട്ടങ്ങളിൽ പോലും ഷോൾഡർ ചെയ്യാനും അയാൾക്ക് സാധിക്കുന്നു. വൈശാഖ് നായരും റംസാനും മറ്റ് ചില യുവ താരങ്ങളും ചേർന്ന വില്ലൻ ഗാങ്ങും മികച്ച പ്രകടനമാണ് നടത്തിയത്. അവരുടെ ഓരോ വരവിലും ടെറർ ഫിൽ ചെയ്യുന്നുണ്ടായിരുന്നു. തുടക്കത്തിൽ ആത്മഹത്യ ചെയ്യുന്ന പൊലീസുകാരൻ്റെ വേഷത്തിലെത്തിയ സംവിധായകൻ ജിത്തു അഷ്റഫ്, അയാളുടെ ഭൂതകാലം പറയുന്ന സീനുകളിൽ കസറുക തന്നെ ചെയ്തു. തൻ്റെ മികച്ച ഫോം തുടരുന്ന ജഗദീഷും ഹരിയുടെ ഭാര്യയായി വന്ന പ്രിയാമണിയും മുതൽ ബസ് കണ്ടക്ടറുടെ റോൾ ചെയ്ത മാത്യു ജോൺ വരെയുള്ള അഭിനേതാക്കളൊക്കെ നല്ല പ്രകടനങ്ങളാൽ കൈയടി നേടുന്നു. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയിയുടെ സംഗീതവും റോബി വർഗീസിൻ്റെ ക്യാമറയും സുജാതൻ്റെ ശബ്ദലേഖനവും ഉൾപ്പെടെയുള്ള സാങ്കേതിക കലാ വിഭാഗങ്ങളോടൊപ്പം കിടിലം കൊള്ളിക്കുന്ന ആക്ഷൻ കൊറിയോഗ്രാഫിയും കൂടി ചേരുന്നതോടെ ഓഫീസറിൻ്റെ വേഗവും ആവേശവും ഇരട്ടിക്കുകയാണ്. പരിമിതികളുണ്ടെങ്കിൽപ്പോലും ഈ ഓഫീസർ നിങ്ങളിലെ പ്രേക്ഷകനെ പിടിച്ചു കെട്ടുക തന്നെ ചെയ്യും.