നമുക്ക് നല്ല കവാടങ്ങൾ പണിയാം

Wait 5 sec.

സംസാരം, മനുഷ്യർക്കിടയിൽ പരസ്പരം പ്രവേശിക്കാനുള്ള കവാടമാണ്. കവാടത്തിന്റെ ഭംഗി പോലിരിക്കും പ്രവേശിക്കണോ വേണ്ടയോ എന്ന തീരുമാനം. സുഗന്ധപൂരിതമായ സംസാരമുള്ളവരിലേക്ക് കയറിയിരിക്കാനും പാരസ്പര്യങ്ങൾ പങ്കിടാനും നമ്മൾ തയ്യാറാകും. അറപ്പുള്ള സംസാരമുള്ളവരിലേക്ക് ആരും അടുക്കുക പോലുമില്ല. അതുകൊണ്ടാണ് ” ജനങ്ങളോട് നിങ്ങൾ ഭംഗിയെ പറയൂ’ എന്ന് ഖുർആൻ പറഞ്ഞത്.ഭംഗി ഉൾക്കൊണ്ടത് എന്നല്ല ഭംഗിയെ തന്നെ പറയൂ എന്ന വാക്കിൽ അരോചകത്തിന്റെ ചേരുവകൾ അശേഷം സംസാരത്തിൽ പാടില്ലെന്ന നിർബന്ധം കാണാം. പ്രേക്ഷകന്റെ മാനസികാവസ്ഥയും പശ്ചാത്തലങ്ങളും മനസ്സിലാക്കി പ്രസന്നമായുള്ള സംസാരങ്ങൾക്കേ ഭംഗിയുള്ളതാകാൻ കഴിയൂ. കളവുകളും ഊഹാപോഹങ്ങളും വിദ്വേഷവും പകയും വൃത്തികേടും അലിഞ്ഞു ചേരാത്തതാവണമത്. അങ്ങനെ സംസാരം ക്രമപ്പെടുത്തിയവന്റെ ജീവിതവും ക്രമമായിരിക്കും. അവന്റെ ആലോചനകളിലും പ്രവർത്തനങ്ങളിലും ഹൃദ്യമായൊരു ശൈലി അനുഭവിക്കാനാകും. സൂറത്തുൽ അഹ്സാബ് 71 ആ കാര്യം അടിവരയിടുന്നുണ്ട്.“ഓ സത്യവിശ്വാസികളേ… നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഋജുവായ വാക്കുകൾ പറയുക എന്നാൽ നിങ്ങളുടെ കർമങ്ങളെ അവൻ നന്നാക്കും. നിങ്ങളുടെ പാപങ്ങളെ അവൻ പൊറുക്കും.’ പാപങ്ങളിൽ നിന്ന് മുക്തമായി ഹൃദയം ശുദ്ധിയാകാനും നല്ല സംസാരം കാരണമാകുമെന്ന് ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു.നല്ല സംസാരം നമ്മുടെ സദ്സ്വഭാവത്തെയും അറിവിനെയും പക്വതയെയും ധിഷണാശേഷിയേയും ദീർഘവീക്ഷണത്തേയും വെളിപ്പെടുത്തും. അതു വഴി സമൂഹത്തിനിടയിൽ അംഗീകാരവും സ്വീകാര്യതയും ലഭിക്കും. ദുഷിച്ച സംസാരം ദുഃസ്വഭാവത്തെയും അജ്ഞതയെയും ബുദ്ധിവൈകല്യത്തെയും വീക്ഷണ ദൗർബല്യത്തെയും തുറന്നുകാട്ടും. അതുകാരണം സമൂഹത്തിന്റെ നിരാകരണത്തിനും അസ്വീകാര്യതക്കും പാത്രമാവുകയും ചെയ്യും. ആറ്റിക്കുറുക്കി പറഞ്ഞാൽ നല്ലത് സംസാരിക്കുകയെന്നാൽ ഒരു സാമൂഹിക ദൗത്യത്തിന്റെ നിർവഹണമാണ്. സൗരഭ്യമുള്ള വാക്ക് ദാനമാണെന്ന ഹദീസ് (ബുഖാരി, മുസ്‌ലിം) ഈ കാര്യത്തെ ഊന്നുന്നുണ്ട്. ഇതരർക്ക് നൽകുന്ന ദാനത്തിന്റെ കൂട്ടത്തിൽ നല്ല സംസാരത്തെയും കൂടെ ചേർത്ത മറ്റൊരു ഹദീസ് കൂടി നോക്കൂ “ഒരു ചീന്ത് കാരക്ക കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ തൊട്ട് ജാഗ്രത്താവണം. അതുമില്ലെങ്കിൽ സുഗന്ധപൂരിതമായ വാക്ക് കൊണ്ട്’.സഹൃദയരേ…നന്മയല്ലാത്ത സംസാരങ്ങൾ പ്രശ്നങ്ങളുടെ വിത്താണ്. കളവ്, ശാപവാക്കുകൾ, പരദൂഷണം, ഏഷണി, കള്ളസാക്ഷ്യം, ശരിയെങ്കിലും ദീർഘവീക്ഷണങ്ങളില്ലാത്ത സംസാരം, പ്രേക്ഷകനെ പരിഗണിക്കാത്ത സംസാരം, വൃത്തികേടുകളും അനിഷ്ടങ്ങളും അടങ്ങിയ സംസാരം, അടിസ്ഥാനങ്ങളോ തെളിവുകളോ ഇല്ലാത്ത സംസാരം തുടങ്ങിയവയെല്ലാം ചീത്ത സംസാരങ്ങളാണ്.അവയെ പ്രയോഗിക്കൽ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കുള്ള മണ്ണൊരുക്കലാണ്. അതൊരിക്കലും വിശ്വാസിക്ക് ഭൂഷണമല്ല. ” ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലതു മാത്രം പറയട്ടെ, അല്ലെങ്കിൽ മൗനം പാലിക്കട്ടെ’ (ബുഖാരി, മുസ്്ലിം) എന്നതാണ് തിരുദൂതരുടെ (സ) അധ്യാപനം. സംസാരം കൊണ്ട് പ്രയോജനമുണ്ടെങ്കിലേ മിണ്ടാൻ പാടുള്ളൂ എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഉപകാരമുണ്ടാവുമോ എന്ന് ആശങ്കയുണ്ടെങ്കിൽ സംസാരിക്കാതിരിക്കൽ തന്നെയാണ് ഭേദം.കൂട്ടരേ… നമുക്കിനി സൗരഭ്യമുള്ള സംസാരങ്ങളാൽ സുന്ദരമായ കവാടങ്ങൾ പണിയാം , നല്ലവരായിരം നമ്മിലേക്ക് കയറിയിരിക്കട്ടെ.