മനസ്സിന്റെ താഴ്്വരയിൽ ഉരുകിയുറയുന്ന മഞ്ഞുകട്ടകളുടെ അനുഭവ മണ്ഡലത്തിൽ കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന പ്രകൃതിയുടെയും മനുഷ്യരുടെയും കഥ പറയുന്ന ചെറുനോവലാണ് എം ടി വാസുദേവൻ നായരുടെ മഞ്ഞ്. 1964ൽ ഒന്നാം പതിപ്പായി ഇറങ്ങിയ ഈ കൃതിക്ക് തുടർന്നുള്ള വർഷങ്ങളിലായി അമ്പതോളം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. മഞ്ഞ്, കാലം, അസുരവിത്ത്, നാലുകെട്ട്, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി, പാതിരാവും പകൽവെളിച്ചവും തുടങ്ങിയവയാണ് എം ടി വാസുദേവൻ നായരുടെ പ്രധാന നോവലുകൾ. കഥാതന്തുവിനെ പാരമ്പര്യശൈലിയിൽ നിന്ന് വ്യത്യസ്തമായി നായികയായ വിമലയുടെ സ്മൃതികളിലൂടെ ശിഥിലമായി വരച്ചിടുന്ന (ബോധധാരാ സമ്പ്രദായം) തരത്തിലാണ് നോവൽ അവതരിപ്പിക്കുന്നത്.മഞ്ഞിലെ നായികയായ വിമലയുടെ മനസ്സിന്റെ ആഴങ്ങളിൽനിന്ന് ഉയരുന്ന സ്മൃതിയുടെ ഓളങ്ങളിലൂടെ സൂക്ഷ്മമായാണ് കഥ ഒഴുകിത്തുടങ്ങുന്നത് എന്ന് കെ പി ശങ്കരൻ അഭിപ്രായപ്പെടുന്നുണ്ട്. തന്റെ ആദ്യസങ്കൽപ്പത്തിൽ മഞ്ഞ് വലിയ ഒരു നോവലായിരുന്നു എന്നും അനുധ്യാനത്തിന്റെ ഏതോ നിമിഷത്തിൽ പുതിയൊരു നിയോഗം പോലെ ആറ്റിക്കുറുക്കിയ രൂപത്തിലേക്ക് മാറ്റിയെഴുതിയതാണെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ നോവലിനെക്കുറിച്ച് എം ടി വിശദീകരിക്കുന്നുണ്ട്. മഞ്ഞിന്റെ ധന്യമായ മാതൃക ഒരുപക്ഷേ ഒറ്റപ്പെട്ട രൂപമാകാം. രചനയുടെ ശിൽപ്പഘടനയിൽ നോവലിസ്റ്റ് എത്രത്തോളം നിഷ്കർഷത വെച്ചു പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്.ഒരു കൃതിയുടെ പ്രത്യക്ഷമായ പ്രയോജനമെന്നത് സാമൂഹിക ഘടകവുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്താറ്. സാമൂഹിക ഘടകത്തിന്റെ അതിപ്രസരം പൂർണമായി സമ്മതിക്കുന്ന എഴുത്തുകാരനല്ല എം ടി വാസുദേവൻ നായർ. എന്നാൽ അദ്ദേഹത്തിന്റെ രചനാലോകത്തിൽ വ്യക്തി, കുടുംബം, സമൂഹം എന്നിവയെല്ലാം ഇഴചേർന്ന് കിടക്കുന്നുണ്ട്. നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ നോവലുകളെ അപേക്ഷിച്ച് മഞ്ഞ് കുറെക്കൂടി അന്തർമുഖമാണ്. കാത്തിരിപ്പിന്റെ കഥയാണ് മഞ്ഞ് എന്ന് കാട്ടുമഠം നാരായണൻ എഴുതിയിട്ടുണ്ട്. ജന്മദേശമായ കൂടല്ലൂരിന്റെ തനി ഗ്രാമീണമായ പശ്ചാത്തലത്തിൽ നിളയുടെയും നാലുകെട്ടിന്റെയും ശിഥിലമായ കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന എം ടി മഞ്ഞിൽ വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലമാണ് തിരഞ്ഞെടുത്തത്. കാത്തിരിപ്പിന്റെ സുഖവും നോവും കലർന്ന കാൽപ്പനികമായ ഭാവനാതലമാണ് മഞ്ഞിനെ കാവ്യാത്മകമാക്കുന്നത്.നൈനിത്താളിന്റെ പശ്ചാത്തലത്തിൽ ചുരുക്കം കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ മനസ്സിനെ വേറിട്ടൊരു അനുഭൂതിയിലേക്ക് കൊണ്ടുപോകുന്ന സവിശേഷമായ ഭാഷയിലാണ് നോവൽ രചിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽ ഹിമാലയത്തിന്റെ താഴ്്വരയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് നൈനിത്താൾ. ഹിമാലയ പർവതനിരയിലെ മൂന്ന് മലനിരകളാൽ ചുറ്റപ്പെട്ട നൈനിത്താൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6350 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തടാകങ്ങളുടെ നഗരമായ നൈനിത്താളിന്റെ മാസ്മരികാന്തരീക്ഷത്തിൽ ഇളം മഞ്ഞിന്റെ കുളിരലകൾ ചേർന്ന് നെയ്തെടുത്ത മനോഹര കാവ്യമാണ് മഞ്ഞ് എന്ന നോവൽ.വിമല എന്ന കഥാപാത്രത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്ന ഓർമകളുടെ മഞ്ഞുകണങ്ങളാണ് ഈ നോവൽ. കാത്തിരിപ്പിന്റെയും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വിഷാദാത്മമായ മനസ്സ് വരച്ചുകാട്ടിയാണ് നോവൽ അവസാനിക്കുന്നത്.വീടും വീട്ടുകാരുമെല്ലാം ഉണ്ടായിട്ടും ശിഥിലമായ കുടുംബ ബന്ധങ്ങൾ കാരണം ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിമലാദേവി നൈനിത്താളിലെ റസിഡൻഷ്യൽ സ്കൂളിലെ ടീച്ചറാണ്.വിഷാദവും ഏകാന്തതയും തളംകെട്ടി നിൽക്കുന്ന കഥാനായികയുടെ ജീവിതം വായനക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. തന്റെ ഏകാന്ത സായാഹ്നങ്ങളിൽ ബുദ്ദു എന്ന ചെറുപ്പക്കാരനായ തോണിക്കാരന്റെ മെയ്ഫ്ലവർ എന്ന തോണിയിൽ തടാകത്തിലൂടെ വിമല യാത്ര ചെയ്യാറുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത വെള്ളക്കാരനായ തന്റെ അച്ഛന്റെ ഫോട്ടോ അമ്മ നൽകിയത് കൈയിൽ കരുതിയാണ് ബുദ്ദു ജീവിക്കുന്നത്. അവിടെയെത്തുന്ന വിനോദസഞ്ചാരികളുമായി തോണിയിൽ താളത്തിൽ തുഴഞ്ഞുപോകുമ്പോൾ തന്റെ അച്ഛനെ തിരഞ്ഞാണ് ഓരോ നിമിഷങ്ങളെയും ബുദ്ദു മറികടന്നിരുന്നത്.“കടം ചോദിച്ച ഒരു സായാഹ്നം ബാക്കികിടപ്പുണ്ട്, മറക്കരുതേ..’ എന്നു പറഞ്ഞുകൊണ്ട് വിടവാങ്ങുന്ന സർദാർജി എന്ന കഥാപാത്രം വായനക്കാരന്റെ ഉള്ളുലക്കുന്നുണ്ട്. ഫലിതവും തത്വചിന്തയും സംഗീതവുമെല്ലാം വശമുള്ള സർദാർജി എന്ന മനുഷ്യന്റെ മനസ്സിലെവിടെയോ അഗാധമായ ഒരു മൗനം അടിഞ്ഞുകിടക്കുന്നതായി കാണാം. ക്യാൻസർ രോഗബാധിതനായി കഴിയുന്ന സർദാർജി വിമലയുടെ ജീവിതത്തിലേക്ക് ഇളംവെയിലായി കടന്നുവരുന്നുണ്ട്. “വെറുതെ, വിശേഷിച്ച് ഒരുദ്ദേശ്യവും വെച്ചിട്ടില്ല. ജീവിതം മടിക്കാൻ നൽകുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു വാങ്ങുക.’ എന്ന ഊഷ്മളമായ വാക്കുകളിൽ വിമലയോട് ഇഷ്ടം തുറന്ന് പറഞ്ഞ് അയാൾ കടന്നുപോകുന്നു.തന്റെ മനസ്സും ശരീരവും കവർന്നെടുത്ത് അനന്തതയിലേക്ക് മറഞ്ഞ സുധീർകുമാർ മിശ്രയെന്ന കാമുകനെക്കുറിച്ച് വിമലക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല. എന്നെങ്കിലും ഒരിക്കൽ തന്നെ കാണാൻ അയാൾ വരുമെന്ന പ്രതീക്ഷയോടെ വിമല കാത്തിരിക്കുകയാണ്. വിമലയുടെ നഷ്ട പ്രണയത്തിന്റെ മൂകസാക്ഷിയായി നൈനിത്താൾ തടാകത്തിന്റെ കരയും പരിസരവും നിലകൊള്ളുന്നു. വിരഹത്തിന്റെയും ഏകാന്തതയുടെയും തണുത്ത മഞ്ഞുതുള്ളികൾ നൈനിത്താൾ താഴ്്വരയിൽനിന്ന് വിമലയുടെ മനസ്സിലേക്ക് പതിക്കുന്നുണ്ട്. മഞ്ഞ് നോവലിലെ അവസാന പേജും വായിച്ചുകഴിയുമ്പോൾ പ്രതീക്ഷയുടെ ഒരു ഇളം തെന്നൽ മഞ്ഞുകണത്തിന്റെ ശീതളിമയോടെ വായനക്കാരെ തഴുകി കടന്നു പോകുന്നുണ്ട്. നൈനിത്താളിനെ മൂടിക്കിടക്കുന്ന തണുത്ത മഞ്ഞുകാലം സഞ്ചാരികളുടെ വരവോടെ സുഖകരമായ ഒരനുഭൂതി സൃഷ്ടിക്കുന്നു. അതോടെ മൂടിക്കെട്ടിയ അന്തരീക്ഷവും പരിസരവും ചലനാത്മകവും പ്രസാദാത്മകവും ആയിത്തീരുന്നു. എന്നാൽ നോവലിലെ കഥാപാത്രങ്ങളുടെ ജീവിതത്തെയാകെ മൂടിനിൽക്കുന്ന മഞ്ഞ് ഉരുകിത്തീരുന്നേയില്ല.ചില നോവലുകൾ നമ്മെ പലവട്ടം വായിക്കാൻ പ്രേരിപ്പിക്കും. ഓരോ തവണ വായിക്കുമ്പോഴും ഒരു പുതുമ അതിൽ കണ്ടെത്താനുമാകും. ഭാഷാപരമോ ഇതിവൃത്തപരമോ രചനാരീതിയുടെ വൈവിധ്യം കൊണ്ടോ ഇങ്ങനെ സംഭവിക്കാം. എന്നാൽ ചില പുസ്തകങ്ങളാകട്ടെ ഇവയിൽ എഴുത്തുകാരൻ ഒളിപ്പിച്ചുവെച്ച ഏതൊക്കെയോ തലങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൂട്ടിക്കൊണ്ടുപോകും. അത്തരത്തിലുള്ള സവിശേഷവും മാസ്മരികവുമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്ന കൃതിയാണ് മഞ്ഞ് എന്ന ചെറുനോവൽ. “പൊന്തക്കാടിന്റെ സങ്കീർണതയിൽ നിന്ന് എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് കഥാബീജം എന്നു പറയാം. ആ കാടും പടലവും വെട്ടിനീക്കി, പശ്ചാത്തല ഭംഗിക്കാവശ്യമായ ചെടിപ്പടർപ്പുകൾ മാത്രം നിർത്തി, പൂമൊട്ടിനെ വികസിപ്പിച്ചെടുക്കലാണ് നിർമാണം.’ എന്ന് കാഥികന്റെ പണിപ്പുര എന്ന പുസ്തകത്തിൽ എം ടി പറയുന്നതിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന രചനയാണ് മഞ്ഞ്. മഞ്ഞ് കാത്തിരിപ്പിന്റെ കഥയും വിഷാദത്തിന്റെ സംഗീതവുമാണ്. ഓരോ വായനയിലും വായനക്കാരന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് ഓർമകളുടെ മഞ്ഞുരുകിത്തീരുന്നതുപോലെയുള്ള അനുഭവമാണ് എം ടിയുടെ ഈ നോവൽ വായനക്കാരന് സമ്മാനിക്കുന്നത്.