റൂഹ്

Wait 5 sec.

ഉമ്മ മരണപ്പെട്ടപ്പോൾ എവിടെ മറമാടണമെന്ന് അവർക്ക് സംശയമുണ്ടായിരുന്നില്ല.ഉമ്മ അത്രയും സ്നേഹിച്ച ജാഫർ മോൻ വിട പറഞ്ഞിട്ട് എട്ടോ പത്തോ വർഷമായിക്കാണും.പത്തു മക്കളെ പ്രസവിച്ച ഉമ്മ അതിൽ പിന്നെ പഴയ പ്രസരിപ്പിലേക്ക് തിരിച്ചു വന്നിരുന്നില്ല. ആസ്പത്രികളൊക്കെ ഇത്ര പുരോഗമിക്കുന്നതിന് മുമ്പ്, ഗർഭിണികളെ മാസാമാസവും ഡോക്ടർമാർ ഭയപ്പെടുത്തുന്ന കാലം വരുന്നതിന് മുമ്പ് നിഷ്പ്രയാസം സാധാരണ നടക്കുന്ന ഒരു സംഗതിയായിരുന്നു ഉമ്മാക്ക് പ്രസവം.വീട്ടിൽ അത്യാവശ്യം വരുമാനമുണ്ടെങ്കിലും ഉമ്മ മിക്ക സമയവും തൊടിയിൽ തന്നെയായിരുന്നു. മരങ്ങളെ പരിചരിച്ചും ആവശ്യമായ നാടൻ കൃഷികൾ നട്ടുപിടിപ്പിച്ചും സജീവമാവുക അവരുടെ പ്രകൃതമായിരുന്നു.മെനുവിൽ എപ്പോഴും നാടൻ വിഭവങ്ങൾക്കായിരുന്നു പ്രാധാന്യം. സാധാരണഗതിയിൽ ആശുപത്രിയിൽ പോകേണ്ട ഒരസുഖങ്ങളും ആ വീട്ടിൽ അങ്ങനെ ആർക്കും വന്നതായി ഓർമയില്ല.കൊറോണക്കാലത്ത് പോലും ഏറെ ശ്രദ്ധയോടെ ജീവിച്ചതിനാൽ വൈറൽ പനി എത്തി നോക്കുക പോലുമുണ്ടായില്ല.പക്ഷേ, ജാഫർ മോന്റെ മരണത്തോടെ എല്ലാം താളം തെറ്റിയെന്നത് സത്യം.ഇരുചക്ര വാഹനത്തിൽ മാത്രം എങ്ങോട്ടും പോയി വരാറുണ്ടായിരുന്ന ജാഫർ അന്നൊരിക്കൽ എതിരേ വന്ന വാഹനത്തിലേക്കിടിച്ചുകയറിയതിനാൽ യുവത്വത്തിന്റെ പളപളപ്പ് മാറും മുമ്പേ പള്ളിക്കാട്ടിലെ മൈലാഞ്ചി ചോട്ടിൽ നിത്യ വിശ്രമത്തിന് വഴിമാറുകയായിരുന്നു.പത്തു മക്കളെ പ്രസവിച്ച ഉമ്മയായിട്ടും ഒറ്റ മോന്റെ അഭാവം അവരെ തളർത്തിക്കളഞ്ഞു.സാധാരണഗതിയിൽ സ്വാഭാവികമായുണ്ടാകുന്ന മനഃപ്രയാസത്തിന് ശേഷം ഉമ്മ എല്ലാം മറക്കുമെന്ന് നിനച്ചവർക്ക് തെറ്റി.ജാഫർ മോന്റെ മാത്രം വർത്തമാനങ്ങൾ പറഞ്ഞ് അവരുടെ രാവും പകലും വ്യത്യസ്തമായി. ഉറക്കമില്ലാത്ത മണിക്കൂറുകൾ കൂടി വന്നപ്പോൾ മനോ വിദഗ്ധനെപ്പോലും കാണിക്കേണ്ടി വന്നു. അതോടെ ഇംഗ്ലീഷ് മരുന്നുകളുടെ അടിമയായ ഉമ്മക്ക്‌ പഴയപോലെ തൊടികളിൽ പോകാനോ പൂമുഖത്തെ ചാരുകസേരയിലിരുന്ന് നാട്ടുവർത്താനം പറയാനോ സാധിച്ചില്ല.ജീവനെക്കാളേറെ സ്നേഹിക്കുന്ന പ്രിയപ്പെട്ട ഭർത്താവിന്റെ കാര്യങ്ങൾ നോക്കാനോ അവർക്കുവേണ്ടി ഏത് സമയത്തും സേവനം ചെയ്ത് കൂടെ നിൽക്കാനോ ആയില്ല. ആൾക്കൂട്ടത്തിലും ഏകാന്തതയുടെ ലോകത്തെന്ന പോലെ അവർ ജീവിച്ചു.തൊടികളിൽ കാടുകയറി നശിക്കുന്നതും പുതിയ വിഭവങ്ങൾ കൃഷി ചെയ്യാതെ അന്യം നിൽക്കുന്നതും അവരെ വേട്ടയാടിയതേയില്ല.ജാഫർ, ജാഫർ എന്ന മന്ത്രവും മാറിമാറിക്കാണിക്കുന്ന ഡോക്ടർമാരും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി.മക്കൾ ഒന്പത് പേരും ഉമ്മയെ മാറി മാറി പരിചരിച്ചെങ്കിലുംനഷ്ടപ്പെട്ട ഏക മകന്റെ അഭാവം ഉള്ളിൽ തീർക്കുന്ന നൊമ്പരം ഇല്ലാതാക്കാൻ അവർക്കൊന്നും കഴിഞ്ഞതേയില്ല.ഇനി ഉമ്മയെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനാവില്ലേ എന്ന ആശങ്ക വീട്ടുകാരെ നിരാശപ്പെടുത്തിയ അതേ ആഴ്ചയിൽ തന്നെയാണ് ഉമ്മ തളർന്നു വീണതും ഒരു ഭാഗം രക്തയോട്ടമില്ലാതെ നിശ്ചലമായതും.ആസ്പത്രികളിൽ മാറി മാറി കിടന്നത് രണ്ടുമാസത്തിലധികമാണ്. ഇതുവരെ മരുന്നു കണ്ടുപിടിക്കാത്ത രോഗമല്ലാതിരുന്നിട്ടും തളർന്ന ഭാഗം പഴയതുപോലെയാക്കാൻ ഡോക്ടർമാർ അശക്തരായി.പ്രായമായതല്ലേ, സമയമെടുക്കും എന്ന മറുപടിയാണ് അവർക്ക് പറയാനുണ്ടായിരുന്നത്.അങ്ങനെ ശാസനകളില്ലാത്ത, ഉമ്മയുടെ ചിരികളും വർത്തമാനങ്ങളുമില്ലാത്ത, ദേഷ്യപ്പെടലും ശബ്ദമുയർത്തലുമില്ലാത്ത വീട് ശ്മശാന തുല്യമെന്ന് മക്കൾ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്.മുമ്പ്, മക്കളും മരുമക്കളും ഉറങ്ങിയാലും വീട്ടിൽ ജോലികൾ ചെയ്തുകൊണ്ടിരുന്ന ഉമ്മ അവരൊക്കെ എഴുന്നേറ്റ് വരുന്നതിനുമുമ്പ് ഒരുവിധം ജോലികളൊക്കെ തീർത്ത് വെക്കുകയും ചെയ്യുമായിരുന്നു.ആ കാര്യങ്ങളൊക്കെ ഇപ്പോൾ ഓരോരുത്തരും സ്വയം ഏറ്റെടുത്ത് ചെയ്യുമെങ്കിലും അതൊന്നും ഉമ്മയുടെ സജീവ സാന്നിധ്യത്തിന് പകരമായിരുന്നില്ല.അതുകൊണ്ടുതന്നെ ഉമ്മ ഒരിക്കൽ കൂടി പഴയ അവസ്ഥയിലേക്ക് മടങ്ങി വന്നെങ്കിലെന്ന് അവരെല്ലാവരും ആത്മാർഥമായി ആഗ്രഹിച്ചു.പക്ഷേ, എല്ലാവരെയും നിരാശരാക്കിക്കൊണ്ട് ഉമ്മ വിട പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.മരണം എന്ന വേദന ഉണ്ടാക്കിവെച്ച വിങ്ങൽ മാറുന്നതിനു മുമ്പ് തന്നെ ഖബർ കുഴിക്കുന്നയാൾ വീട്ടിലെത്തി. എവിടെയാണ് വിശ്രമസ്ഥാനം ഒരുക്കേണ്ടത് എന്ന് അറിയാനുള്ള വരവായിരുന്നു അത്.ഭാഗികമായി തയ്യാറാക്കിയ രണ്ടുമൂന്ന് ഖബറുകൾ പടിഞ്ഞാറ് ഭാഗത്തുണ്ട്. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്താൽ പോരെ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു.മക്കളും ഉപ്പയും പരസ്പരം നോക്കിയെന്നല്ലാതെ പെട്ടെന്നൊരു മറുപടി പറയാൻ കഴിഞ്ഞില്ല.ഉമ്മയെ ഈ വീട്ടിൽ നിന്ന് കൊണ്ടുപോകാതിരിക്കാൻ എന്തെങ്കിലും നിർവാഹമുണ്ടോ എന്നായിരുന്നു അവർ ഉള്ളിന്റെയുള്ളിൽ ചോദിച്ചു കൊണ്ടിരുന്നത്.പക്ഷേ, യാഥാർഥ്യം ഉൾക്കൊണ്ടല്ലേ മതിയാകൂ… പ്രതികരണം കാണാതിരുന്നപ്പോൾ മനസ്സിനെ പാകപ്പെടുത്തിഎന്റെ കൂടെ പള്ളിയിലേക്ക് വരൂ എന്ന് “കുയ്യൻ’ പതിയെ പറയുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു ദൃഢനിശ്ചയം പോലെയാണ് ഉപ്പ ഒറ്റവാക്കിൽ ഇങ്ങനെ പറഞ്ഞത്:” ജാഫറിന്റെ ഖബർ ഉണ്ടല്ലോ അവിടെ…അത് മതി… അതിൽ തന്നെ മതി’ കേട്ട് നിന്നവർക്ക് പെട്ടെന്നൊന്നും പറയാൻ കഴിഞ്ഞില്ല.പഴയ ഖബർ തന്നെ വേണോ എന്നൊരു ഭാവം കുയ്യന്റെ മുഖത്തുണ്ടായിരുന്നെങ്കിലും ഉപ്പ പറഞ്ഞപോലെ എന്ന് മക്കൾ സൂചിപ്പിച്ചതോടെ ആ കാര്യത്തിൽ പിന്നെയാരും അഭിപ്രായം പറയാൻ നിന്നില്ല.അന്നൊരു വെള്ളിയാഴ്ചയായതുകൊണ്ട് ജാഫറിന്റെ റൂഹ് ഖബറിൽ തന്നെയുണ്ടായിരുന്നു. മയ്യിത്തുമായി വന്നവർ ഖബറിന്നരികിൽ നിന്ന് കർമങ്ങൾ ചെയ്യുമ്പോൾ ജാഫറിന്റെ റൂഹ് അടർത്തിയിട്ട മീസാൻ കല്ലിൽ കയറിയിരുന്നു. ഉമ്മയുടെ കൂടെ വന്ന ആളുകൾ എൺപത് ശതമാനവും പിരിഞ്ഞു പോയി. ആർക്കും ഒന്നിനും സമയമില്ല. ധൃതിയുടെ ലോകം. അവരെ കുറ്റം പറയാനൊക്കില്ല.വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ധൃതിയായിരുന്നല്ലോ തന്റെ അന്ത്യം നിർണയിച്ചത്. രണ്ട് തെറ്റാണ് അന്ന് ചെയ്തത്. ഹെൽമെറ്റ്‌ വെക്കാതെ അമിത വേഗത്തിൽ വന്ന് വളവിൽ വാഹനത്തെ മറികടന്നു. പാഞ്ഞു വന്ന ബസ്സിന്റെ നെഞ്ചത്തും പിന്നെ ടയറിന്നടിയിലും…ഒരു പിടയൽ മാത്രം. അതോടെ തീർന്നുവെന്ന് കരുതിയെങ്കിൽ തെറ്റി. ഉമ്മ വീഴാൻ കാരണം തന്റെ വിയോഗമായിരുന്നു. അവർ തന്നെ അത്രമേൽ സ്നേഹിച്ചിരുന്നു.മലക്കുകളുടെ വിചാരണ കഴിഞ്ഞതും ജാഫർ ഖബറിലേക്കിറങ്ങി. ഉമ്മ അവനെ കാത്തിരിക്കുകയായിരുന്നു.വർഷങ്ങൾക്കു ശേഷം വീണ്ടും അവർ കെട്ടിപ്പുണർന്നു.ഉമ്മയുടെ ഗർഭാശയത്തിൽ അനുഭവിച്ച സുരക്ഷിതത്വത്തിലേക്ക് ഒരിക്കൽക്കൂടി അവൻ അമർന്നലിഞ്ഞു.