ന്യൂഡല്‍ഹി | എ എ പി എം എല്‍ എമാരെ ഡല്‍ഹി നിയമസഭയില്‍ മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിനെതിരെ കടുത്ത വിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി മലേന എം എൽ എ. ബി ജെ പി സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിന്റെ എല്ലാ പരിധിയും ലംഘിച്ചെന്ന് അവര്‍ പറഞ്ഞു.നിയമസഭയില്‍ ജയ്ഭീം എന്ന മുദ്രാവാക്യം വിളിച്ചതിനാണ് എം എല്‍ എമാരെ മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ നിയമസഭയില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി ഡല്‍ഹി നിയമസഭാ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.അതിനിടെ, ഡല്‍ഹി നിയമസഭയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതില്‍ പ്രതിപക്ഷത്തിനെതിരെ ഡല്‍ഹി മന്ത്രിയും ബി ജെ പി നേതാവുമായ പര്‍വേശ് വര്‍മ രംഗത്തെത്തി. ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്നും ഇത് വലിയ കുറ്റകൃത്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.