തിരുവനന്തപുരം | ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗവും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം ആരോപിച്ചു. സമരം നടത്തുന്നവര്‍ ചില തത്പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ ഇന്നലെ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ആരോപിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിന് സമാനമാണ് ആശാവര്‍ക്കര്‍മാരുടെ സമരമെന്നും ലേഖനത്തില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂവെന്നും എളമരം കരീം പറയുന്നു.യു ഡി എഫിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനയില്‍ കാര്യമായി ഇടപെടല്‍ നടത്തിയത് ഇടത് സര്‍ക്കാരുകളാണെന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇക്കാര്യം നടപ്പാക്കിയിരുന്നോ എന്നും എളമരം കരീം ചോദിക്കുന്നു. പിണറായി സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഓണറേറിയം 6,000 രൂപയാക്കി. ഓണറേറിയവും ഇന്‍സെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം എന്‍ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി രൂപ നല്‍കിയിട്ടില്ല. ഇത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ഇന്‍സെന്റീവ് കൃത്യസമയത്ത് നല്‍കാന്‍ കഴിയാതെ വന്നു. ഒടുവില്‍ സംസ്ഥാന ഫണ്ടില്‍നിന്ന് ഒരു വര്‍ഷം നല്‍കി. ഇതിനിടെ ആശമാര്‍ക്കുള്ള ആശ്വാസകിരണ്‍ എന്ന ഇന്‍ഷ്വറന്‍സ് പദ്ധതി കേന്ദ്രം റദ്ദാക്കിയെന്നും എളമരം കരീം പറഞ്ഞു.