'ലൂസിഫർ 3' എങ്ങനെ വേണമെന്ന് മനസ്സിലുണ്ട്, 2026 ൽ ടൈസന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി രാജുവിന് നൽകും: മുരളി ഗോപി

Wait 5 sec.

ലൂസിഫർ 3 യെക്കുറിച്ച് പറഞ്ഞ് സിനിമയുടെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ലൂസിഫർ 3 യെക്കുറിച്ചുള്ള ആലോചന കുറെ മുൻപ് തന്നെയുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങൾ മുഴുവനായി മനസ്സിൽ ഫോമായിട്ടുണ്ട്. ഹോംബാലെയുടെ നിർമാണത്തിൽ ടൈസൺ എന്ന സിനിമയ്ക്ക് വേണ്ടിയും തിരക്കഥയെഴുതുന്നുണ്ട്. 2026 പകുതിയോടെ പൃഥ്വിരാജിന് തിരക്കഥ കൈമാറും. ടൈസനും L3യും ഒരുപോലെ മനസ്സിലുള്ള ചിത്രങ്ങളാണ്. ഏത് ചിത്രം ആദ്യം ചെയ്യണമെന്ന് സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞു.മുരളി ഗോപി പറഞ്ഞത്:ലൂസിഫർ 3 മുഴുവനായി മനസ്സിൽ ഫോം ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ആലോചിച്ചു വെച്ചിരുന്നു. ഇപ്പോൾ കുറേക്കൂടെ നന്നായി ഫോം ആയിട്ടുണ്ട്. രണ്ടാം ഭാഗത്തിന് ശേഷം അതിലേക്ക് കടക്കും. ഹോംബാലെ നിർമാണത്തിൽ വരാനിരിക്കുന്ന ടൈസൺ എന്ന സിനിമയുടെ സ്ക്രിപ്റ്റ് 2026 ന്റെ മധ്യത്തോടെ ഞാൻ രാജുവിന് കൊടുക്കും. രാജുവാണ് അത് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ടൈസനും L3 യും ഒരുപോലെ മനസ്സിലുണ്ട്. ഏതാണ് ആദ്യം എന്നുള്ളത് തീരുമാനിച്ച് ചെയ്യാമെന്നാണ് കരുതുന്നത്. ലൂസിഫറിൽ കാണിച്ചിട്ടുള്ള ലോകം എമ്പുരാന്റെ ബേസ്‌മെന്റാണ്. അതിൽ കെട്ടിപ്പൊക്കുന്ന ലോകമാണിത്. ലൂസിഫർ എന്ന സിനിമ എമ്പുരാന് ഒരു വിസിറ്റിംഗ് കാർഡായിരിക്കും. മലയാളം ഒരു ചെറിയ ഇൻഡസ്ട്രിയാണ്. കമ്മാരസംഭവം ആദ്യം പ്ലാൻ ചെയ്തത് 3 പാർട്ട് ആയിട്ടാണ്. കമ്മാരസംഭവം അന്നൊരു ബിഗ് ബഡ്‌ജറ്റ്‌ സിനിമയായിരുന്നു. രണ്ടാം ഭാഗം എടുക്കണമെങ്കിൽ ആദ്യ ഭാഗം ഓടണം എന്നത് ആവശ്യമായ കാര്യമാണ്. കാരണം അതിനെ ബാങ്ക് റോൾ ചെയ്യണമെങ്കിൽ ആദ്യ ഭാഗം അത്രയും സക്സസ് ആകണമായിരുന്നു. വലിയ വിജയം ആകാതെ പോയതുകൊണ്ടാണ് രണ്ടാം ഭാഗം എടുക്കാൻ കഴിയാതെ പോയത്. അതുകൊണ്ടാണ് ലൂസിഫർ ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗം പെട്ടെന്ന് അനൗൺസ് ചെയ്യണ്ട എന്ന് തീരുമാനിച്ചത്. എത്രത്തോളം സ്വീകാര്യത ലഭിക്കുന്നു എന്ന് നോക്കി സെക്കന്റ് പാർട്ടിനെക്കുറിച്ച് പറയാം എന്ന് കരുതി. ലൂസിഫർ വലിയ വിജയം ആയതുകൊണ്ടാണ് സെക്കന്റ് പാർട്ട് അനൗൺസ് ചെയ്തത്. പക്ഷെ സെക്കന്റ് പാർട്ട് ചെയ്യുമ്പോൾ മൂന്നാമത്തെ ഭാഗം കൂടെ അനൗൺസ് ചെയ്തിട്ടേ ചെയ്യാൻ കഴിയൂ. കാരണം സെക്കന്റ് പാർട്ട് ഫ്രാഞ്ചൈസിയിലേക്ക് കയറിക്കഴിഞ്ഞു. അത് കഴിഞ്ഞാൽ കൾമിനേഷൻ കൂടെ പറഞ്ഞെ നിർത്താൻ കഴിയൂ. അതുകൊണ്ടാണ് മൂന്നാം ഭാഗം കൂടെ അനൗൺസ് ചെയ്യുന്നത്.