തിരുവനന്തപുരം | ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാറിന് കടുംപിടിത്തമില്ലെന്നും വളരെ അനുഭാവപൂര്‍വമായ നിലപാടാണുള്ളതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ 89 ശതമാനം ആശമാര്‍ക്ക് ഇന്‍സെന്റീവും ഓണറേറിയവും ഉള്‍പ്പെടെ 10,000 രൂപ മുതല്‍ 13,000 രൂപ വരെ മാസം ലഭിക്കുന്നുണ്ടെന്നും മറ്റേത് സംസ്ഥാനം നല്‍കുന്നതിനേക്കാള്‍ കൂടുതലാണിതെന്നും മന്ത്രി ആവര്‍ത്തിച്ചു.ആശമാരുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. മറ്റേത് സംസ്ഥാനത്തെക്കാളും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമാണ്. ഇനിയും കൂടുതല്‍ നല്‍കണമെന്ന് തന്നെയാണ് കേരളത്തിന്റെ ആഗ്രഹം. ധനവകുപ്പുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ 7,000 രൂപയില്‍ നിന്ന് 21,000 ആക്കുന്നത് അംഗീകരിച്ചാലേ സമരം അവസാനിപ്പിക്കൂ എന്നത് ഉചിതമല്ലെന്നും ഏതു സമരത്തിലും ജനാധിപത്യപരമായിട്ടുള്ള സമീപനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.ആശ കേന്ദ്ര സ്‌കീമാണ്. ആശാവര്‍ക്കര്‍മാര്‍ തൊഴിലാളികള്‍ ആണെന്ന് പോലും കേന്ദ്രം അംഗീകരിക്കുന്നില്ല. ഇന്‍സെന്റീവായി ഒരു രൂപ പോലും കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നിട്ടില്ല. കേരളം ആശമാര്‍ക്ക് നല്‍കുന്നതിനായി വിനിയോഗിച്ച തുകയില്‍ കേന്ദ്രവിഹിതമായി നല്‍കാനുള്ള 100 കോടി നല്‍കണമെന്ന ആവശ്യമുയര്‍ത്തി ഡല്‍ഹിയില്‍ സമരം ചെയ്യുന്നതിന് താനും ആശമാര്‍ക്കൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.