അബൂദബി| വിശുദ്ധ റമസാനോടനുബന്ധിച്ച് 4,137 തടവുകാരെ മോചിപ്പിക്കാൻ യു എ ഇയിലെ ഭരണാധികാരികൾ ഉത്തരവിട്ടു. 1,295 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഈ തടവുകാർക്ക് ചുമത്തപ്പെട്ട പിഴകളും പ്രസിഡന്റ് ഒഴിവാക്കി.1,518 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും ഉത്തരവിട്ടു. കറക്ഷണൽ, പെനൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിവിധ രാജ്യക്കാരായ തടവുകാർ ഇതിൽ പെടും.ഷാർജയിൽ 707 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.ഫുജൈറ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 111 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.റാസ് അൽ ഖൈമയിൽ ശിക്ഷ അനുഭവിക്കുന്ന 506 തടവുകാരെ, മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.