സെബി ചെയര്‍മാനായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു

Wait 5 sec.

ന്യൂഡല്‍ഹി| ഇന്ത്യന്‍ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍മാനായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സണ്‍ മാധബി പുരി ബുചിന്റെ സേവനകാലാവധി വെള്ളിയാഴ്ച പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം.തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേല്‍ക്കുക. നിലവില്‍ ധനകാര്യ, റവന്യൂ സെക്രട്ടറിയാണ് തുഹിന്‍ കാന്ത പാണ്ഡെ.1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് പാണ്ഡെ. ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (യുണിഡോ) റീജിയണല്‍ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിലും ഒഡീഷ സംസ്ഥാന സര്‍ക്കാരിലും നിരവധി പ്രധാന സ്ഥാനങ്ങള്‍ തുഹിന്‍ കാന്ത പാണ്ഡെ നിര്‍വഹിച്ചിട്ടുണ്ട്.