കോഴിക്കോട് | കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന പുലിയെ ബൈക്കിടിച്ചു. പുലിയും ബൈക്ക് യാത്രികനും റോഡില്‍ വീണു. അല്‍പ്പസമയത്തിനകം പുലി കാട്ടിലേക്ക് ഓടിമറഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കമ്പിപ്പാലത്ത് ഇന്ന് രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനത്തിയ നാട്ടുകാര്‍ പുലിയെ റോഡില്‍ കിടക്കുന്നത് കണ്ടതോടെ ആക്രമണം ഭയന്ന് അടുത്തെത്തിയില്ല. അല്‍പ്പസമയത്തിനകം പുലി കാട്ടിലേക്ക് ഓടിമറഞ്ഞതോടെയാണ് ബൈക്കില്‍ നിന്ന് വീണ യാത്രികൻ രാജനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിൻ്റെ പരുക്ക് ഗുരുതരമല്ല. ജനവാസ മേഖലയായ കമ്പിപ്പാലത്ത് വന്യജീവികളുടെ സാന്നിധ്യം നേരത്തേയും കണ്ടെത്തിയിട്ടുണ്ടെങ്കിലും പുലിയെ ബൈക്കിടിച്ചതും ഇടിയുടെ ആഘാതത്തില്‍ പുലി റോഡില്‍ കിടന്നതും ആദ്യമായാണ്.പുലി റോഡില്‍ കിടക്കുന്നത് നേരില്‍ കണ്ട അമ്പരപ്പിലും ആക്രമണത്തിന് മുതിരാതെ കാട്ടിലേക്ക് ഓടിമറഞ്ഞ അശ്വാസത്തിലുമാണ് നാട്ടുകാര്‍.