തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ മദ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് കണ്ടെത്തല്‍. രക്തപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കൃത്യം നടത്തിയ ശേഷം അഫാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞിരുന്നു.രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. കേസില്‍ പിതാവിന്റെ മാതാവ് സല്‍മ്മ ബീവിയെ കൊന്ന കേസില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പോലീസ് മെഡിക്കല്‍ കോളജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അഫാന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് പദ്ധതി മാറ്റി ആറ് പേരെ ചുറ്റിക ഉപയോഗിച്ച് തലക്കിടിച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അഫാന്റെ മാതാവൊഴികെ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടു. മാതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.