തിരുവനന്തപുരം | പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മമാര്‍ക്ക് വൃക്ഷത്തൈ സമ്മാനമായി നല്‍കുന്ന ജീവന്‍ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് പദ്ധതി ആരംഭിച്ചത്. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എസ് എ ടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി.തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്സിംഗ് ഓഫീസര്‍മാരായ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നഴ്സിനുള്ള പുരസ്‌കാരം നേടിയ നഴ്സിംഗ് ഓഫീസറാണ് ജ്യോതി. പ്രസവശേഷം എസ് എ ടിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്ക് സൂപ്രണ്ട് വൃക്ഷ തൈകള്‍ കൈമാറി.തലമുറകളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസവം നടക്കുന്ന മറ്റ് ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവശേഷം മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തിലാണ് വീട്ടിലേക്ക് അയക്കുന്നത്.