ടെക്‌സാസ് | അമേരിക്കയിലെ ടെക്‌സാസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം 43 ആയി. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. സമ്മര്‍ ക്യാമ്പിനെത്തിയ 27 പെണ്‍കുട്ടികളെ കണ്ടെത്താനായിട്ടില്ല.ടെക്‌സാസ് ഹില്‍ കണ്‍ട്രിയില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്. മിന്നല്‍പ്രളയത്തില്‍ ഗ്വാഡല്യൂപ് നദിയില്‍ വെള്ളം ഉയര്‍ന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കി. പ്രളയത്തില്‍ പെട്ട 237 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെയ്ത പേമാരിയില്‍ ഗ്വാഡല്യൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂര്‍ കൊണ്ട് 6.7 മീറ്റര്‍ വരെ ഉയര്‍ന്നിരുന്നു.മൂന്ന് മണിക്കൂറിനകം സൗത്ത് സെന്‍ട്രല്‍ ടെക്‌സാസില്‍ പലയിടത്തും 254 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം വെളിപ്പെടുത്തി.