വെർച്ച്വൽ ഹിയറിംഗ്: കക്കൂസിലിരുന്ന് കോടതി നടപടിക്രമങ്ങളിൽ പങ്കെടുത്തു; യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി

Wait 5 sec.

അഹമ്മദാബാദ് | ഗുജറാത്ത് ഹൈക്കോടതിയുടെ വെർച്വൽ ഹിയറിംഗിൽ ടോയ്‌ലറ്റിലിരുന്ന് പങ്കെടുത്ത യുാവിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ജൂൺ 20-ന് ജസ്റ്റിസ് നിർസർ എസ് ദേശായി ഒരു കേസ് പരിഗണിക്കവേയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ജൂൺ 30-ന് ജസ്റ്റിസുമാരായ എ എസ് സുപേഹിയയും ആർ ടി വച്ചാനിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, യുവാവിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി രജിസ്ട്രാർക്ക് ഉത്തരവ് നൽകി.കോടതിയലക്ഷ്യ നിയമം, 1971 ലെ സെക്ഷൻ 2(സി) പ്രകാരം യുവാവിനെതിരെ നടപടി സ്വീകരിക്കാനണ് നിർദേശം. കോടതിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും, അത് ഉടൻ തന്നെ നിരോധിക്കുകയും നീക്കം ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.മഞ്ഞ ടീഷർട്ട് ധരിച്ച ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതും, സ്ക്രീനിൽ ‘സമദ് ബാറ്ററി’ എന്ന് പേര് കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഞെട്ടിക്കുന്ന രീതിയിൽ, ഇയാൾ ടോയ്‌ലറ്റ് സീറ്റിലിരുന്ന് വീഡിയോ ലിങ്ക് വഴി കോടതി നടപടികളിൽ പങ്കെടുത്തുവെന്ന് വീഡിയോ കാണിക്കുന്നു.ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, യുവാവ് ടോയ്‌ലറ്റിന്റെ തറയിൽ മൊബൈൽ ഫോൺ വെക്കുന്നതും ക്യാമറ അയാളുടെ നേർക്ക് തിരിക്കുന്നതും പ്രാഥമിക കൃത്യം നിർവഹിച്ച ശേഷം ഇയാൾ ഫോൺ എടുത്ത് അവിടെ നിന്ന് പോവുന്നതും കാണാം. ജസ്റ്റിസ് ദേശായി ഇയാളുടെ ഈ പ്രവൃത്തികളോ ചുറ്റുപാടുകളോ ശ്രദ്ധിച്ചില്ല എന്നാണ് കരുതുന്നത്.അതേയാൾ, വയർലെസ് ഇയർഫോൺ ധരിച്ച്, പിന്നീട് ലൈവ് സ്ട്രീമിൽ വീണ്ടും ലോഗിൻ ചെയ്യുന്നതും ഒരു മുറിയിലിരുന്ന് തന്റെ ഊഴം കാത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏകദേശം 10 മിനിറ്റിനുശേഷം, ജസ്റ്റിസ് ദേശായി അയാളുടെ പേര് ചോദിച്ചു, അപ്പോൾ താൻ സൂറത്തിലെ കിം ഗ്രാമവാസിയായ അബ്ദുൾ സമദ് ആണെന്നും ഒരു ആക്രമണക്കേസിലെ പരാതിക്കാരനാണെന്നും അയാൾ സ്വയം വെളിപ്പെടുത്തി.സമദ് അടുത്തിടെ കിം ഗ്രാമത്തിൽ രണ്ട് പേർക്കെതിരെ ആക്രമണ പരാതി നൽകിയിരുന്നുവെങ്കിലും ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. രണ്ട് പ്രതികൾ എഫ്‌ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേ, അതിന് സമ്മതമുണ്ടോ എന്ന് ജസ്റ്റിസ് ദേശായി സമദിനോട് ചോദിച്ചു. തനിക്ക് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് ദേശായി പ്രതികളുടെ അപേക്ഷ അനുവദിച്ചു.കോവിഡ്-19 മഹാമാരിക്ക് ശേഷം ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകർക്കും കക്ഷികൾക്കും വെർച്വൽ മോഡിലൂടെ ചേരാൻ അനുമതി നൽകിയിരുന്നു. കൂടാതെ ഓരോ ഹിയറിംഗിന്റെയും നടപടികൾ കോടതിയുടെ യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്.