ഫലഭൂയിഷ്ഠമായ മണ്ണും അനുകൂല കാലാവസ്ഥയും സമൃദ്ധമായ ജലസ്രോതസ്സുകളും ആധുനിക കൃഷിരീതികളും കാരണം കാർഷികോത്പാദനത്തിൽ സൗദി അറേബ്യയിലെ പ്രമുഖ മേഖലയായി തബൂക്ക് മാറുന്നു.വർദ്ധിച്ചുവരുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ തബൂക്ക് നിർണായക പങ്കുവഹിക്കുന്നുണ്ട്. ഗുണമേന്മയുള്ള പഴങ്ങളുടെ ഉൽപാദനത്തിലും പ്രാദേശിക വിപണികളിലേക്കുള്ള കയറ്റുമതിയിലും ഈ പ്രദേശം ശ്രദ്ധേയമായ വളർച്ചയാണ് നേടുന്നത്.തബൂക്ക് മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, മുന്തിരിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിളകളിൽ ഒന്ന്.പ്രതിവർഷം 46,939 ടണ്ണിലധികം മുന്തിരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ മൊത്തം മുന്തിരി ഉൽപാദനത്തിന്റെ ഏകദേശം 38.39% വരും. രാജ്യത്ത് ഏറ്റവും കൂടുതൽ മുന്തിരി ഉത്പാദിപ്പിക്കുന്ന മേഖല എന്ന സ്ഥാനം ഇതോടെ തബൂക്ക് ഉറപ്പിച്ചു.മേഖലയിലെ കർഷകർ 1,580,000 മുന്തിരി വള്ളികൾ കൃഷി ചെയ്താണ് ഈ നേട്ടം കൈവരിക്കുന്നത്. നൂതന ജലസേചന, വളപ്രയോഗ സംവിധാനങ്ങൾ വിളകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടികളും ബോധവൽക്കരണ ശ്രമങ്ങളും കർഷകർക്ക് ആധുനിക കാർഷിക രീതികൾ സ്വായത്തമാക്കാൻ സഹായകമായിട്ടുണ്ട്.“പ്രൈം, സുപ്പീരിയർ, റെഡ് ഗ്ലോബ്, ഓട്ടം റോയൽ, മൂൺ ബോൾസ്, ഇവാൻസ്” തുടങ്ങിയ ഉയർന്ന നിലവാരമുള്ള മുന്തിരി ഇനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.ഈ മുന്തിരി വൈവിധ്യം പ്രകൃതിദത്ത ജ്യൂസുകൾ, ജാം, ഉണക്കമുന്തിരി തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും വഴിയൊരുക്കുന്നുണ്ട്.ഇത് വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കാർഷിക മേഖലയുടെ സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുമെന്നും മേഖലയിലെ പരിസ്ഥിതി മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ അംജദ് ബിൻ അബ്ദുല്ല തലാബ് പറഞ്ഞു.തബൂക്കിലെ മുന്തിരി ഉൽപാദനത്തിലെ ഈ വളർച്ച, ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുകയും വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.പ്രാദേശിക പഴങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിക്ഷേപങ്ങൾക്കും കയറ്റുമതിക്കും പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post 15 ലക്ഷം മുന്തിരി വള്ളികൾ, പ്രതിവർഷം 47000 ടൺ മുന്തിരി; സൗദിയിലെ മുന്തിരി ഉത്പാദനത്തിന്റെ 38 ശതമാനവും ഈ പ്രദേശത്ത് നിന്ന് appeared first on Arabian Malayali.