കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അപകടം: ഏഴ് ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് കൈമാറുമെന്ന് ജില്ലാ കലക്ടര്‍

Wait 5 sec.

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവേല്‍. എല്ലാ പരാതികളും അന്വേഷിച്ചാകും റിപോര്‍ട്ട് നല്‍കുക. വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും അപകട സ്ഥലം പരിശോധിക്കും. ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള പഴയ രേഖകളെല്ലാം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഏഴ് ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് കൈമാറും. ആശുപത്രി വികസന സമിതി യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കലക്ടര്‍ പറഞ്ഞു. എച്ച് ഡി സി അംഗങ്ങളുടെ കാലാവധി കഴിഞ്ഞിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ നിയമിക്കും.ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അപാകതകളും അന്വേഷിക്കും. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കും. പ്രിന്‍സിപ്പലിനോട് പ്രാഥമിക വിവരങ്ങള്‍ തേടിയിട്ടുണ്ട്. അപകടത്തിനു പിന്നാലെ നടപടിയുമായി ആര്‍പ്പൂക്കര പഞ്ചായത്തും രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് റിപോര്‍ട്ട് അതിവേഗം നല്‍കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.