ന്യൂയോര്‍ക്ക് | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും തുറന്ന യുദ്ധവുമായി പ്രമുഖ വ്യവസായിയും ട്രംപിന്റെ മുന്‍ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌ക്. ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയാണ് മസ്‌ക് ട്രംപിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി രൂപവത്കരിക്കാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജനങ്ങളുടെ പ്രതികരണം തേടിയതിനും ശേഷമായിരുന്നു സുപ്രധാന തീരുമാനം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്.നിലവിലെ റിപബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനങ്ങള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് പറഞ്ഞു. ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടി രൂപവത്കരിച്ചിരിക്കുന്നത്.നിങ്ങള്‍ക്ക് പുതിയ ഒരു പാര്‍ട്ടി ആവശ്യമാണെന്ന് വ്യക്തമായെന്നും അത് സംഭവിച്ചിരിക്കുന്നുവെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. പാഴ്‌ചെലവും അഴിമതിയും മറ്റും രാജ്യത്തെ കടക്കെണിയിലാക്കുന്ന സാഹചര്യമുണ്ടാവുമ്പോള്‍ നമ്മള്‍ ജനാധിപത്യത്തില്‍ അല്ല ഏക പാര്‍ട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയണമെന്നും മസ്‌ക് പ്രതികരിച്ചു.