കോട്ടയം | കോട്ടയം മെഡിക്കൽ കോളജ് കെട്ടിടാപകടത്തിൻ്റെ പ്രാഥമിക അന്വേഷണ റിപോർട്ട് ജില്ലാ കലക്‌ടർ സർക്കാറിന് സമർപ്പിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയും വീടിന്റെ സാഹചര്യങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപോർട്ട് തയ്യാറാക്കിയത്.വിശദമായ റിപോർട്ട് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് തീരുമാനം. അപകടവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമാവും കലക്‌ടർ അന്തിമ റിപോർട്ട് സർക്കാറിന് സമർപ്പിക്കുക. കലക്ടറുടെ റിപോർട്ട് കൂടി പരിഗണിച്ച് സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കും.11ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ബിന്ദുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. വ്യാഴാഴ്ട രാവിലെയാണ് കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് രോഗിയുടെ കൂട്ടിരിപ്പിനെത്തിയ വീട്ടമ്മ തലയോലപ്പറന്പ് സ്വദേശിനി ഡി ബിന്ദു മരിച്ചത്. രക്ഷാപ്രവർത്തനം വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന ആരോപണവുമായി പ്രതിപക്ഷം സമരം തുടരുകയാണ്.