മഅ്ദിൻ ഹിജ്റ കോൺഫറൻസ് ഇന്ന് സ്വലാത്ത് നഗറിൽ

Wait 5 sec.

മലപ്പുറം | ഇസ്്ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങൾക്ക്് സാക്ഷ്യം വഹിച്ച മുഹർറം മാസത്തിലെ പുണ്യവേളകളെ ധന്യമാക്കുന്നതിന്് മഅ്ദിൻ അക്കാദമി സംഘടിപ്പിക്കുന്ന ഹിജ്റ കോൺഫറൻസ് ഇന്ന് രാവിലെ ഏഴ് മുതൽ നോമ്പ്തുറ വരെ സ്വലാത്ത് നഗറിൽ നടക്കും. ഒരു പകൽ നീണ്ടുനിൽക്കുന്ന വിവിധ ആത്മീയ പരിപാടികളിലേക്ക് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരങ്ങൾ സംബന്ധിക്കും. പരിപാടിയിൽ പങ്കാളികളാകുന്നതിന് ഇന്നലെ രാത്രി തന്നെ നിരവധി പേർ മഅ്ദിൻ ക്യാമ്പസിൽ എത്തിച്ചേർന്നിട്ടുണ്ട്.പ്രഥമ പ്രവാചകൻ ആദം നബി മുതൽ മുഹമ്മദ് നബി വരെയുള്ള പ്രവാചകർക്ക് തങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ച മാസമായ മുഹർറത്തിലെ ഓരോ ചരിത്ര നിമിഷത്തെയും സ്മരിക്കുന്നതായിരിക്കും പരിപാടികൾ.ഹിജ്‌റ വർഷാരംഭം കൂടിയായ മുഹർറം ഒന്ന് മുതൽ മഅ്ദിൻ ക്യാമ്പസിൽ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം. ഫസ്റ്റ് ഓഫ് മുഹർറം, ഹിജ്റ സെമിനാർ, ഗോളശാസ്ത്ര ശിൽപ്പശാല, സ്‌കൂൾ ഓഫ് ഖുർആൻ, ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.രാവിലെ ഏഴിന് ആത്മീയ സമ്മേളനത്തിന് തുടക്കമാകും. സ്‌കൂൾ ഓഫ് ഖുർആൻ, ഖുർആൻ പാരായണം, സ്വലാത്ത്, ഇഖ്്ലാസ് പാരായണം, മൗലിദ്, മുഹർറം പത്തിലെ പ്രത്യേക ദിക്റുകൾ, പ്രാർഥനകൾ, ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാർഥനകൾക്കും മജ്്ലിസുകൾക്കും മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. കാൽ ലക്ഷം പേർക്ക് നോമ്പുതുറയൊരുക്കും. ഗ്രാൻഡ് മസ്ജിദിലെ സൗകര്യങ്ങൾക്ക് പുറമെ വിശാലമായ പന്തൽ, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആത്മീയ സമ്മേളനത്തിൽ സംബന്ധിക്കുന്നതിന് സ്ത്രീകൾക്ക് നിസ്‌കാരം, പ്രാഥമിക കർമങ്ങൾ നിർവഹിക്കുന്നതിനാവശ്യമായ പ്രത്യേക സൗകര്യങ്ങളുമുണ്ടാവും. വിവിധ റൂട്ടുകളിൽ സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തും. പരിപാടിയിൽ സംബന്ധിക്കുന്ന എല്ലാവർക്കും ഇഫ്ത്വാർ കിറ്റുകൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് ഫോൺ: 9072310111, 9072310222.